Quantcast

അൽ ശിഫയിൽ ഇസ്രായേൽ നടത്തിയത് സമാനതയില്ലാത്ത ക്രൂരതകൾ

പ്രിയപ്പെട്ടവരെ തിരഞ്ഞെത്തിയവരും രക്ഷാപ്രവർത്തകരും ഇസ്രായേൽ സേനയുടെ ക്രൂരത കണ്ട് വിറങ്ങലിച്ചുപോയി

MediaOne Logo

Web Desk

  • Updated:

    2024-04-02 11:21:49.0

Published:

2 April 2024 11:16 AM GMT

അൽ ശിഫയിൽ  ഇസ്രായേൽ നടത്തിയത് സമാനതയില്ലാത്ത ക്രൂരതകൾ
X

ചികിത്സ തേടിയെത്തിയവരെയും അഭയാർത്ഥികളെയും കൊന്നൊടുക്കിയതിന് പുറമെ ഗസ്സയിലെ അൽ ശിഫ ആശുപത്രിയെ പൂർണമായും തകർത്താണ് ഇസ്രായേൽ സേന മടങ്ങിയത്. രണ്ടാഴ്ച നീണ്ട നരനായാട്ടിൽ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നതും അഭയാർഥികളുമായ ഇരുന്നൂറോളം പേരയൊണ് സേന കൊലപ്പെടുത്തിയത്. നൂറ് കണക്കിന് ആളുകളെയാണ് പിടിച്ചുകൊണ്ടുപോയത്.

ആശുപത്രിയെ പൂർണമായും തകർത്തുകളഞ്ഞ ഇസ്രായേൽ സേന സമാനതകളില്ലാത്ത ക്രൂരതയാണ് ആശുപത്രിയിലുണ്ടായിരുന്ന കുട്ടികളോടും സ്ത്രീകളോടും ചെയ്തത്. കെട്ടിടങ്ങളും ആശുപത്രിക്കുള്ളിലെ സൗകര്യങ്ങളുമെല്ലാം തകർത്തതോടെ ശ്മശാനത്തിന് സമാനമായി മാറി ആശുപത്രി സമുച്ചയം. ഗസ്സയിൽ യുദ്ധം തുടങ്ങിയതിന് പിന്നാലെ നാലാം തവണയാണ് അൽ ശിഫ ആശുപത്രി​ക്കെതിരെ ഇസ്രായേൽ സേന ആക്രമം അഴിച്ചുവിട്ടത്. വലിയ കെട്ടിടങ്ങൾ നിന്നിടങ്ങളെല്ലാം കോൺക്രീറ്റ് കൂനകളായി മാറിയിരിക്കുകയാണ്. പ്രദേശത്തെ കെട്ടിടങ്ങൾ തകർക്കുക മാത്രമല്ല അഭയാർഥികളെയും പരിക്കേറ്റവരെയും ഇസ്രായേൽ കൊന്നുകളഞ്ഞു.

ഇസ്രായേൽ ക്രൂരത ലോകത്തോട് വെളിപ്പെടുത്തുന്നതാണ് അൽ ശിഫയിൽ നിന്ന് പുറത്തുവരുന്ന ചിത്രങ്ങളും വാർത്തകളുമെന് ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അൽശിഫയെന്ന ആതുരാലയം തകർക്കുക എന്നത് ഇസ്രായേലിന്റെ പ്രധാന അജണ്ടകളിലൊന്നായിരുന്നു. ആശുപത്രികളിലേക്ക് ഇരച്ച് കയറിയ ഇസ്രായേൽ സേന സ്ത്രീകളെയും നവജാത ശിശുക്കളെയടക്കം കൊന്ന് തള്ളിയാണ് കൂട്ടക്കുരുതിക്ക് തുടക്കം കുറിച്ചത്.

ആശുപത്രി വളപ്പിൽ നടന്നത് അരുംകൊല

ആശുപത്രിക്കുള്ളിൽ ദിവസങ്ങളോളം തങ്ങിയ സേന ക്രൂരമായ അരുംകൊലയാണ് നടത്തിയത്. ഇതിനൊപ്പം ആരോഗ്യപ്രവർത്തകരെയും സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. ചികിത്സതേടിയെത്തിയവരും അഭയംപ്രാപിച്ചവരുമായ നൂറ് കണക്കിനാളുകൾ തിങ്ങിപ്പാർക്കുന്ന ഇടം കൂടിയായിരുന്നു അൽശിഫ ആശുപത്രി. ആശുപത്രിക്ക് ഉൾക്കൊള്ളാവുന്നതിനേക്കാൾ ഇരട്ടിയിലേറെ ആളുകളാണ് അവിടെ തിങ്ങിപ്പാർത്തിരുന്നത്. പരിക്കേൽക്കുകയും വീടുകളും മറ്റും നഷ്ടമായവർക്കും അനാഥമായവർക്കും ഒരിടം കൂടിയായിരുന്നു അത്.

സാധാരണക്കാരുടെ ആശ്രയമായ ആശുപത്രി മാത്രമല്ല, ആശുപത്രി പരിസരങ്ങളും ഇസ്രായേൽ സേന തകർത്തു. ചികിത്സയും ഭക്ഷണവും ലഭിക്കാതെ രോഗികളും അഭയാർഥികളുമായ ആശുപത്രിയിലെത്തിയ ജനതക്ക് നേരെയാണ് ഇസ്രായേൽ സേന ക്രൂരമായ അതിക്രമം അഴിച്ച് വിട്ടത്. ആ ക്രൂരത​ ലോകം അറിഞ്ഞത് സൈന്യം പിന്മാറിയതിന് പിന്നാലെയാണ്. പ്രിയപ്പെട്ടവരെ തിരഞ്ഞെത്തിയവരും രക്ഷാപ്രവർത്തകരും ഇസ്രായേൽ സേനയുടെ ക്രൂരത കണ്ട് വിറങ്ങലിച്ചുപോയി. ക്രൂരമായി മുറിവേറ്റാണ് മിക്കവരും കൊല്ലപ്പെട്ടിരിക്കുന്നത്. മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലാണ്. ഭയാനകരവും മനുഷ്യത്വരഹിതവുമായ അവസ്ഥയാണ് ആശുപത്രിയിലേതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ പലർക്കും ആവശ്യമായ വൈദ്യ പരിചരണവും മരുന്നുകളും നൽകാനാകുന്നില്ല. ഡയപ്പർ, യൂറിൻ ബാഗുകൾ എന്നിവയുടെ ലഭ്യതക്കുറവ് മുതൽ ആവശ്യമായ വെള്ളം പോലും ആശുപത്രിയിലില്ല. ഭക്ഷണവും വളരെ പരിമിതമാണ്. മറ്റൊരു ദുരന്തമുഖത്താണ് ഗസ.

കുട്ടികളോടും സ്ത്രീകളോടും പോലും ക്രൂരമായ വേട്ടയാടലാണ് ഇസ്രായേൽ നടത്തിയത്. ആ​ശുപത്രിയെ പൂർണമായും തകർത്ത സേന,ആശുപത്രിയിലെ സംവിധാനങ്ങൾ തീയിട്ട് നശിപ്പിച്ചു. മരുന്നുകളും മറ്റും ഉപയോഗ ശൂന്യമാക്കിയിരിക്കുകയാണ്. ആശുപത്രിക്ക് സമീപമുള്ള താൽക്കാലിക ഖബറിടങ്ങൾ പോലും തകർത്തുകളഞ്ഞു. ഖബറടക്കിയ മൃതദേഹങ്ങൾ വലിച്ചെറിഞ്ഞിരിക്കുന്നു. ഇതിനൊപ്പം ആശു​പത്രിയിൽ രാപ്പകൽ സേവനം അനുഷ്ഠിച്ചിരുന്ന ആരോഗ്യപ്രവർത്തകരെ കൊലപ്പെടുത്തിയ സേന പലരെയും പിടിച്ചുകൊണ്ടു​പോയതായി ഫലസ്തീൻ റെഡ്ക്രസന്റ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ ക്രൂരതകൾ പുറം ലോകത്തെത്തിച്ചിരുന്ന അൽജസീറ ലേഖകൻ ഇസ്മായിൽ അൽ-ഗൗലിനെയും സേന തടവിലാക്കിയിരുന്നു. ക്രൂരമായി മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത ശേഷം വലിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് വിട്ടയച്ചത്

അൽ ശിഫ തകർക്കു​ക എന്നും ഇസ്രായേലിന്റെ ലക്ഷ്യം

യുദ്ധത്തിൽ മാരകമായി പരിക്കേറ്റവർക്ക് താരതമ്യേന മികച്ച ചികിത്സ നൽകാനുള്ള പ്രധാന കേന്ദ്രങ്ങളിലൊന്നാണ് അൽ ശിഫ ആശുപത്രി. ഒക്ടോബർ ഏഴിന് തുടങ്ങിയ ഇസ്രായേൽ നരനായാട്ടിൽ കൊല്ലപ്പെട്ടവരുടെ ശവപ്പറമ്പായി അൽ ശിഫ നിരവധി തവണ മാറിയിരുന്നു. ഇസ്രായേൽ ആക്രമണത്തിൽ അൽ ശിഫ സെമിത്തേരിക്ക് സമാനമായി മാറിയെന്ന് കഴിഞ്ഞ നവംബറിൽ ലോകത്തോട് വിളിച്ച് പറഞ്ഞത് ലോകാരോഗ്യ സംഘടനയാണ് ഡബ്ല്യൂ.എച്ച്.ഒ.

ലോകാരോഗ്യ സംഘടന പോലും ആശു​പത്രിയെന്ന് പറഞ്ഞ അൽ ശിഫ പക്ഷെ ഇസ്രായേലിന് ‘ഹമാസിന്റെ താവളമാണ്’. അങ്ങനെയൊരു നുണ വേണമായിരുന്നു മുറിവേറ്റവരെയും കുട്ടികളെയും കൊണ്ട് നിറഞ്ഞുകവിഞ്ഞ ആശുപത്രിക്ക് നേ​രെ ബോംബാക്രമണം നടത്താൻ ഇസ്രായേൽ സേനക്ക്.ഗസ്സയിൽ ഇനിയെന്നാണ് ഇത്രയും സംവിധാനങ്ങളുള്ള ആശുപത്രി കെട്ടിപ്പൊക്കുക എന്നാണ് ഫലസ്തീനികൾ ഉയർത്തുന്ന ചോദ്യം. ആശുപത്രിയിലുണ്ടായിരുന്നവരെയും മുറിവേറ്റവരെയും അൽ അഹ്‍ലി ആശുപത്രിയിലാക്കിയെങ്കിലും നൂറോളം പേരെ ഒരു കെട്ടിട​ത്തിലേക്കാണ് നിലവിൽ മാറ്റിയിരിക്കുന്നത്. പരിക്കേറ്റ പലരും ചികിത്സയും മരുന്നമില്ലാതെ മരണത്തിലേക്ക് നടന്നുനീങ്ങുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

TAGS :

Next Story