Quantcast

ഗസ്സയിലെ ആക്രമണം ആറാം മാസത്തിലേക്ക്​; ഇസ്രായേലിനെതിരെ നിലപാട്​ കടുപ്പിച്ച്​ യു.എൻ

ഇസ്രായേലിനുള്ള ആയുധവിൽപന ലോകരാജ്യങ്ങൾ നിർത്തി വെക്കണമെന്ന പ്രമേയം യു.എൻ ഹ്യൂമൻറൈറ്റ്​സ്​ കൗൺസിൽ പാസാക്കി

MediaOne Logo

Web Desk

  • Published:

    6 April 2024 1:45 AM GMT

gaza
X

ദുബൈ: ലോകരാജ്യങ്ങളുടെ കടുത്ത സമ്മർദത്തിനു പിന്നാലെ ഇസ്രായേലിനെതിരെ നിലപാട്​ കടുപ്പിച്ച്​ യു.എൻ. ഗസ്സയിലെ ആക്രമണം ആറാം മാസത്തിലേക്ക്​ കടക്കെ, ക്രൂരത അവസാനിപ്പിക്കാൻ ഇസ്രായേലിനോട്​ യു.എൻ സെക്രട്ടറി ജനറൽ ആൻറണിയോ ഗുട്ടറസ്​.

സിവിലിയൻ സമൂഹത്തിനു നേരെയുള്ള ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലിനുള്ള ആയുധവിൽപന ലോകരാജ്യങ്ങൾ നിർത്തി വെക്കണമെന്ന പ്രമേയം യു.എൻ ഹ്യൂമൻറൈറ്റ്​സ്​ കൗൺസിൽ പാസാക്കി. 47 അംഗ ഹ്യൂമൻറൈറ്റ്​സ്​ കൗൺസിലിൽ ആറിനെതിരെ 28 വോട്ടുകൾക്കാണ്​ പ്രമേയം പാസായത്​. അമേരിക്ക, ജർമനി ഉൾപ്പെടെ 13 രാജ്യങ്ങൾ വോ​ട്ടെടുപ്പിൽ നിന്ന്​ വിട്ടുനിന്നു.

ഗസ്സയിലേക്ക്​ കൂടുതൽ സഹായം ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചതായി ഇസ്രായേൽ കൗൺസിലിനെ അറിയിച്ചു. പ്രമേയം നടപ്പാക്കാൻ ബാധ്യതയില്ലെങ്കിലും ഇസ്രായേലിന്​ നയതന്ത്ര തലത്തിൽ വലിയ തിരിച്ചടിയാണിത്​. യു.എൻ രക്ഷാസമിതിയും ഇസ്രായേൽ നടപടികളെ രൂക്ഷമായി വിമർശിച്ചു. 33,000 മനുഷ്യരെ ​കൊലപ്പെടുത്തിയ ഇസ്രായേൽ ​സൈനിക നടപടി അന്തർദേശീയ നിയമങ്ങളു​ടെ നഗ്​നമായ ലംഘനമാണെന്ന്​ റഷ്യയും ചൈനയും രക്ഷാസമിതിയിൽ കുറ്റപ്പെടുത്തി.

ഗസ്സയെ പട്ടിണിക്കിടുന്ന ഇസ്രായേൽ ക്രൂരത ഇനിയും തുരടാനാകില്ലെന്ന്​ രക്ഷാസമിതി യോഗത്തിൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. അന്താരാഷ്​ട്ര സന്നദ്ധ ​പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിൽ രൂപപ്പെട്ട ലോകപ്രതിഷേധം മയപ്പെടുത്താൻ ഗസ്സയിലേക്ക്​ കൂടുതൽ സഹായം കൈമാറാൻ ഇസ്രായേൽ നടപടി ആരംഭിച്ചു. നിത്യം 500 ട്രക്കുകൾ നിറയെ സഹായം ഗസ്സക്ക്​ കൈമാറാമെന്ന്​ ഇസ്രായേൽ അറിയിച്ചതായി ബ്രിട്ടൻ വ്യക്​തമാക്കി.

റമദാനിൽ താത്കാലിക വെടിനിർത്തൽ നടപ്പാക്കാനുള്ള അവസാന ശ്രമങ്ങളും പാളിയതായി റിപ്പോർട്ട്​. കൈറോയിൽ നടന്ന ചർച്ചകളിൽ ഇസ്രായേൽ സ്വീകരിച്ച നിഷേധാത്​മക നിലപാടാണ്​ തിരിച്ചടിയാതെന്ന്​ ഹമാസ്​ കുറ്റപ്പെടുത്തി. സിറിയൻ തലസ്​ഥാനമായ ദമസ്​കസിൽ കോൺസുലേറ്റ്​ ആ​ക്രമിച്ച​ ഇസ്രായേലിനെതിരെ ഏതു സമയവും ഇറാ​െൻറ പ്രത്യാക്രമണം ഉണ്ടാകുമെന്ന്​ അമേരിക്കൻ ഇൻറലിജൻസ്​ ഏജൻസി അറിയിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ഡ്രോണുകളും ക്രൂയിസ്​ മിസൈലുകളും ഉപയോഗിച്ച്​ ഇസ്രായേൽ നയതന്ത്ര കേന്ദ്രത്തിനു നേരെ ആക്രമണത്തിനാണ്​ സാധ്യതയെന്നാണ്​ റിപ്പോർട്ട്​. ഇറാൻ അക്രമിച്ചാൽ ഇസ്രായേലിന്​ യു.എസ്​ പിന്തുണ ഉണ്ടാകുമെന്ന്​ നെതന്യാഹുവിന്​ ബൈഡ​െൻറ ഉറപ്പ്​ ലഭിച്ചതായും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു

TAGS :

Next Story