അഞ്ച് വയസുകാരിയുടെ അവസാന നിമിഷങ്ങൾ; വെനീസ് ഫെസ്റ്റിൽ 23 മിനിറ്റ് കൈയടി നേടി 'ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്'
തുനീഷ്യൻ ചലച്ചിത്ര നിർമാതാവ് കൗതർ ബെൻ ഹാനിയ സംവിധാനം ചെയ്ത 'ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്' ഈ വർഷത്തെ മേളയിലെ ഏറ്റവും ശക്തമായ എൻട്രി എന്നാണ് നിരൂപകർ വിശേഷിപ്പിച്ചത്

വെനീസ്: കഴിഞ്ഞ വർഷം ഗസ്സയിൽ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ അഞ്ച് വയസുകാരി ഹിന്ദ് റജബിന്റെ അവസാന നിമിഷങ്ങൾ വിവരിക്കുന്ന യഥാർഥ ജീവിത നാടകമായ 'ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്' ബുധനാഴ്ച വെനീസ് ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്തതിന് ശേഷം 23 മിനിറ്റ് നീണ്ടുനിന്ന കൈയടി നേടി. തുനീഷ്യൻ ചലച്ചിത്ര നിർമാതാവ് കൗതർ ബെൻ ഹാനിയ സംവിധാനം ചെയ്ത 'ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്' ഈ വർഷത്തെ മേളയിലെ ഏറ്റവും ശക്തമായ എൻട്രി എന്നാണ് നിരൂപകർ വിശേഷിപ്പിച്ചത്. 'ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്' ആദ്യമായി പ്രദർശിപ്പിച്ചപ്പോൾ നിരവധി പത്രപ്രവർത്തകർ അടക്കമുള്ളവരെ കണ്ണീരിലാഴ്ത്തി.
‘THE VOICE OF HIND RAJAB’ received a 22-minute standing ovation at the 82nd Venice Film Festival.
— Film Updates (@FilmUpdates) September 3, 2025
The longest of the festival so far. pic.twitter.com/XOuFeD8xfb
2024 ജനുവരിയിൽ വടക്കൻ ഗസ്സയിൽ ഒരു കാറിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ ഹിന്ദ് റജബിന്റെ അവസാനത്തെ ഫോൺ കോളാണ് ഈ ചിത്രം പുനർനിർമിക്കുന്നത്. കുടുംബത്തോടൊപ്പം ഗസ്സയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് ഹിന്ദും കുടുംബവും സഞ്ചരിച്ച കാറിനുനേരേ ഇസ്രയേലിൻ്റെ ആക്രമണമുണ്ടാകുന്നത്. ഗസ്സ മുനമ്പിലെ അൽ-സെമാവിയിൽ, ഇസ്രയേലി സൈനികരുടെ ആക്രമണം നടക്കുന്ന സമയത്ത് അഞ്ച് വയസു കാരിയായ ഹിന്ദ് റജബ് തന്റെ ബന്ധുക്കളോടൊപ്പം ഒരു കാറിൽ അഭയം തേടുകയായിരുന്നു. സൈനികരുടെ വെടിവെപ്പിൽ കാറിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. എന്നാൽ ഹിന്ദ് മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ ഭീകരാവസ്ഥയിൽ ഹിന്ദ് തൻ്റെ അമ്മയെ ഫോണിൽ വിളിക്കുന്നതാണ് 'ദി വോയ്‌സ് ഓഫ് ഹിന്ദ് റജബി'ന്റെ ഇതിവൃത്തം.
സഹായം അഭ്യർഥിച്ച് അവൾ നൽകിയ സന്ദേശം ലോകശ്രദ്ധ നേടിയിരുന്നു. ഗസ്സയിലെ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ആംബുലൻസ് സംഘം അവളെ രക്ഷിക്കാൻ പുറപ്പെട്ടു. രക്ഷാപ്രവർത്തനത്തിനെത്തിയ ആംബുലൻസ് സംഘത്തിന് നേരെയും സൈനികാക്രമണമുണ്ടായി. ഈ ആക്രമണത്തിൽ രക്ഷാപ്രവർത്തകരും കൊല്ലപ്പെട്ടു. ദിവസങ്ങൾക്കുശേഷം ഹിന്ദിനെയും രക്ഷാപ്രവർത്തകരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹൃദയഭേദകമായ ഫോൺ വിളികളും, രക്ഷാപ്രവർത്തകർ അവളോട് സംസാരിക്കുന്നതിൻ്റെ ഓഡിയോ റെക്കോർഡിങ്ങുകളും സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Adjust Story Font
16

