Quantcast

'ശക്തമായ തെളിവുകളുണ്ട്': ഇസ്രായേലിന്റെ ആക്രമണത്തിൽ അമേരിക്കയും ഉത്തരവാദിയെന്ന് ഇറാൻ

ഇസ്രായേലിന്റെ സൈനിക ആക്രമണങ്ങൾക്ക് അമേരിക്കൻ സേനയും അവരുടെ താവളങ്ങളും നൽകിയ പിന്തുണയുടെ തെളിവുകൾ ഞങ്ങളുടെ പക്കലുണ്ടെന്ന് ഇറാൻ

MediaOne Logo

Web Desk

  • Published:

    15 Jun 2025 5:21 PM IST

ശക്തമായ തെളിവുകളുണ്ട്:   ഇസ്രായേലിന്റെ ആക്രമണത്തിൽ അമേരിക്കയും ഉത്തരവാദിയെന്ന് ഇറാൻ
X

തെഹ്റാന്‍: അമേരിക്കയുടെ സമ്മതവും പിന്തുണയും ഇല്ലാതെ ഇസ്രായേലിന് ഇറാനെ ആക്രമിക്കാനാവില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.

ഇസ്രായേലിന്റെ സൈനിക ആക്രമണങ്ങൾക്ക് മേഖലയിലെ അമേരിക്കൻ സേനയും അവരുടെ താവളങ്ങളും നൽകിയ പിന്തുണയുടെ ശക്തമായ തെളിവുകൾ ഞങ്ങളുടെ പക്കലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തെഹ്‌റാനിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'' ആക്രമണങ്ങളെക്കുറിച്ച് അറിയാമായിരുന്നുവെന്നും, ഞങ്ങളുടെ ആയുധങ്ങളും ഉപകരണങ്ങളും ഇല്ലാതെ അവ സംഭവിക്കുമായിരുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ പരസ്യമായി സമ്മതിച്ചതാണ്. കൂടുതൽ ആക്രമണങ്ങൾ വരാനിരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അതിനാൽ ഈ ആക്രമണങ്ങളിൽ യുഎസും പങ്കാളിയാണ്, ഉത്തരവാദിത്തം ഏറ്റെടുക്കണം."- മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.

''നതാൻസിലെ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ തങ്ങള്‍ക്ക് പങ്കില്ലെന്ന് വിവിധ ഇടനിലക്കാർ വഴി അമേരിക്കയില്‍ നിന്ന് സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ തെളിവുകൾ മറിച്ചായതിനാല്‍ അമേരിക്കയുടെ അവകാശവാദം വിശ്വസിക്കുന്നില്ലെന്നും" അരഗ്ചി പറഞ്ഞു.

ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തില്‍ ട്രംപ് ഭരണകൂടം നിലപാട് വ്യക്തമാക്കണം. ഒമാന്റെ മധ്യസ്ഥതയിൽ ആറാം റൗണ്ട് ആണവ ചർച്ചകൾ നടത്താൻ ഇരിക്കെയായിരുന്നു ഇസ്രായേൽ ആക്രമണങ്ങൾ. മുൻകാലങ്ങളിൽ ചെയ്തതുപോലെ, ചർച്ചകളും നയതന്ത്രവും നിർത്താൻ ഇസ്രായേൽ എന്തും ചെയ്യുമെന്നനം അരാഗ്ചി ചൂണ്ടിക്കാട്ടി.

അതേസമയം ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാന് ശക്തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് എത്തി. ഇറാൻ യുഎസ് കേന്ദ്രങ്ങളെ ആക്രമിച്ചാല്‍ ഇതുവരെ കാണാത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.

TAGS :

Next Story