Quantcast

‘അവർ നമ്മുടെ സഹോദരങ്ങളാണ്’; ഗസ്സക്ക് മാനുഷിക സഹായവുമായി നാലാമത്തെ കപ്പലയക്കാൻ തുർക്കി

ഭക്ഷണം ഉൾപ്പെടെ അവശ്യവസ്തുക്കളുടെ കടുത്ത ക്ഷാമമാണ് ഗസ്സയിൽ

MediaOne Logo

Web Desk

  • Published:

    4 Jan 2024 2:26 AM GMT

Gaza people
X

ഇസ്രായേലിന്റെ നരനായാട്ടിനെ തുടർന്ന് ദുരിതത്തിലായ ഗസ്സയിലെ ജനങ്ങൾക്ക് വീണ്ടും മാനുഷിക സഹായവുമായി തുർക്കി. 2344 ടൺ അവശ്യവസ്തുക്കളുമായി കപ്പൽ ഈജിപ്തിലേക്ക് പുറപ്പെടാൻ തയാറായിട്ടുണ്ടെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ബെസ്റ്റേക്കർ എന്ന കപ്പലിൽ 109 ട്രക്കുകളിലായിട്ടാണ് സാധനങ്ങൾ നിറച്ചിട്ടുള്ളത്. തെക്കൻ തുർക്കിയിലെ മെഡിറ്ററേനിയൻ കടലിന്റെ വടക്കുകിഴക്കൻ തീരത്തുള്ള മെർസിൻ തുറമുഖത്തുനിന്നാണ് കപ്പൽ പുറപ്പെടുക. ഈജിപ്തിലെ അൽ അരിഷ് തുറമുഖമാണ് ലക്ഷ്യസ്ഥാനം.

29 സർക്കാറിതര സംഘടനകളുടെ സഹായത്തോടെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് പ്രസിഡൻസി, മെർസിൻ ഗവർണർഷിപ്പ് എന്നിവ ചേർന്നാണ് സഹായം ഒരുക്കിയിട്ടുള്ളത്.

‘പാസ്ത, വെള്ളം, തക്കാളി പേസ്റ്റ്, പൊടികൾ, പഞ്ചസാര, ടെന്റുകൾ, പുതപ്പുകൾ, ശുചിത്വ സാമഗ്രികൾ എന്നിവയുൾപ്പെടെ 2,334 ടൺ മാനുഷിക സഹായ സാമഗ്രികളാണ് അയക്കുന്നത്. ഫലസ്തീൻ നമ്മുടെ സഹോദര രാജ്യമാണ്. ഞങ്ങൾ എല്ലായ്പ്പോയും അവർക്കൊപ്പം നിൽക്കുന്നു’ -ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് പ്രസിഡൻസി മെർസിൻ പ്രവിശ്യയുടെ തലവൻ സെൻക് യിൽഡിസ് പറഞ്ഞു.


മാനുഷിക സഹായവുമായി ഗസ്സയിലേക്ക് തുർക്കി അയക്കുന്ന നാലാമത്തെ കപ്പലാണിത്. നേരത്തെ തുർക്കി റെഡ് ക്രസന്റ് 3.4 മില്യൺ ഡോളറിലധികം മൂല്യമുള്ള സഹായം അയച്ചിരുന്നു.

തുർക്കി ഹ്യൂമാനിറ്റേറിയൻ റിലീഫ് ഫൗണ്ടേഷനും സഹായം എത്തിച്ചു. കൂടാതെ ആക്രമണത്തിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ ആശുപത്രി ഉപകരണങ്ങളും ആംബുലൻസുകളും ജനറേറ്ററുകളും നിറഞ്ഞ കപ്പലും ഈജിപ്തിലേക്ക് അയച്ചതായി തുർക്കി അറിയിച്ചിരുന്നു.

ഇസ്രായേലിന്റെ ആക്രമണത്തെ തുടർന്ന് 2.2 ദശലക്ഷത്തിലധികം വരുന്ന ഗസ്സയിലെ ജനം ദുരിതക്കയത്തിലൂടെയാണ് കടന്നുപോകുന്നത്. ഭക്ഷണം ഉൾപ്പെടെ അവശ്യവസ്തുക്കളുടെ കടുത്ത ക്ഷാമമാണ് ഗസ്സയിൽ.

TAGS :

Next Story