Quantcast

'യേശുവിനെ കാണാൻ' കാട്ടിൽ പോയി പട്ടിണി കിടന്ന് കൂടുതൽ മരണം; 47 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

സംഭവത്തിനു പിന്നാലെ പാസ്റ്ററെ അറസ്റ്റ് ചെയ്യുകയും ഈ പ്രസ്ഥാനത്തെ കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

MediaOne Logo

Web Desk

  • Updated:

    2023-04-24 12:23:12.0

Published:

24 April 2023 12:15 PM GMT

To Meet Jesus, 47 Cult Members In Kenya Allegedly Starve To Death
X

നെയ്റോബി: 'യേശുവിനെ കാണാൻ' കാട്ടിൽ പോയി പട്ടിണി കിടന്ന‌തിനെ തുടർന്ന് 47 പേർ കൂടി മരിച്ചു. കെനിയയിലെ കിലിഫി കൗണ്ടിയിലെ മലിൻഡിക്കടുത്തുള്ള 800 ഏക്കർ വനത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച ഈ പ്രദേശത്തു നിന്നും നാല് മൃതദേഹങ്ങൾ കണ്ടെടുക്കുകയും 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

മൃതദേഹങ്ങൾ കണ്ടെടുത്ത സാഹചര്യത്തിൽ പ്രദേശം പൊലീസ് അടച്ചു. കാട്ടിൽ പോയി ഉപവാസമിരുന്നാൽ യേശുവിനെ കാണാമെന്നും സ്വർ​ഗത്തിൽ കടക്കാമെന്നുമുള്ള സുവിശേഷകന്റെ വാക്ക് കേട്ട് പോയി പട്ടിണി കിടക്കുന്ന സംഘത്തിലെ ആളുകളാണ് മരണത്തിന് കീഴടങ്ങുന്നത്. മഗരിനി മണ്ഡലത്തിലെ ഷാകഹോല ഗ്രാമത്തിലെ വിശ്വാസികളാണ് കഴിഞ്ഞയാഴ്ച മരിച്ചത്.

ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ചിന് കീഴിലെ 15 പേരടങ്ങുന്ന സംഘമാണ് ഇത്തരത്തിൽ കാട്ടിൽ പോയി പട്ടിണി കിടക്കുകയും ഇവരിൽ നാല് പേർ മരിക്കുകയും ചെയ്തത്. വനത്തിനുള്ളിൽ പ്രാർഥന നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിയത്. വ്രതാനുഷ്ഠാനത്തിൽ പങ്കെടുത്ത 15 പേരെ കണ്ടെത്തിയെങ്കിലും 11 പേർക്ക് മാത്രമാണ് ജീവനുണ്ടായിരുന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ച് മേധാവി പോൾ മകെൻസി എന്ന മകെൻസി ന്തേംഗേയാണ് യേശുവിനെ കാണാനായി വനത്തിനുള്ളിൽ പോയി പട്ടിണി കിടക്കാൻ അനുയായികളോട് ആഹ്വാനം ചെയ്തത്. സംഭവത്തിനു പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയും ഈ പ്രസ്ഥാനത്തെ കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

കസ്റ്റഡിയിൽ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും മകെൻസി വിസമ്മതിക്കുന്നതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരാഹാര സമരമാണെന്നാണ് ഇയാൾ പറയുന്നത്. അതേസമയം, അനുയായികളുടെ മരണം അന്വേഷിക്കുന്നതിനാൽ പാസ്റ്ററെ കസ്റ്റഡിയിൽ തുടരാൻ അനുവദിക്കണമെന്ന് പൊലീസ് പ്രാദേശിക കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതൽ വേഗത്തിൽ സ്വർഗത്തിൽ പ്രവേശിക്കാനും യേശുവിനെ കാണാനുമായി പട്ടിണി കിടക്കണം എന്നായിരുന്നു ഇയാൾ തന്റെ അനുയായികളെ ഉപദേശിച്ചത്. പാസ്റ്ററുടെ വാക്കു കേട്ട് ദിവസങ്ങളോളമായി ഇവിടുത്തെ വിശ്വാസികൾ‍ വനത്തിൽ ഭക്ഷണ പാനീയങ്ങൾ ത്യജിച്ച് താമസിക്കുകയായിരുന്നു. നേരത്തെ, തന്റെ അനുയായികളായ ദമ്പതികളുടെ രണ്ട് കുട്ടികളുടെ മരണത്തിൽ കുറ്റാരോപിതനായ പാസ്റ്റർ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.



TAGS :

Next Story