ബൈറോൺ ചുഴലിക്കാറ്റിൽ ആടിയുലഞ്ഞ് ഗസ്സ; കെട്ടിടങ്ങൾ തകര്‍ന്നു, ഒരു മരണം
നൂറുകണക്കിന് താൽക്കാലിക ടെന്‍റുകൾ പേമാരിയിൽ തകർന്നു

Photo| UNRWA
തെൽ അവിവ്: ഇസ്രായേൽ തകർത്ത ഗസ്സയിൽ പേമാരിയും കാറ്റും നാശം വിതച്ചതോടെ ജനജീവിതം വിവരിക്കാൻ കഴിയാത്തവിധം ദുരിതത്തിലായി. നൂറുകണക്കിന് താൽക്കാലിക ടെന്‍റുകൾ പേമാരിയിൽ തകർന്നു. ഒരു കുഞ്ഞ് മരിക്കുകയും ആയിരങ്ങൾ അഭയാർഥികളാവുകയും ചെയ്തു. ഗസ്സക്ക് അടിയന്തര സഹായം ലഭ്യമാക്കാൻ മടിക്കരുതെന്ന് ഇസ്രയേലിനോട് യു.എൻ ആവശ്യപ്പെട്ടു.
ബൈറോൺ ചുഴലി കൊടുങ്കാറ്റിനെ തുടർന്ന് കനത്ത പേമാരി മൂലം നാശം വിതച്ച ഗസ്സയിൽ മൂന്ന് കെട്ടിടങ്ങൾ തകരുകയും ഒരു പെൺകുട്ടി മരിക്കുകയും ചെയ്തു. പിന്നിട്ട 24 മണിക്കൂറിനുള്ളിൽ പ്രതികൂല കാലാവസ്ഥ മൂലം നൂറുകണക്കിന് താൽക്കാലിക ടെന്‍റുകളാണ് ഒലിച്ചപോയത്. ഇതോടെ ആയിരങ്ങൾ ഗതികേടിലായി. ഗസ്സയിൽ പലേടങ്ങളിലും വലിയ തോതിൽ വെള്ളം ഉയർന്നിട്ടുണ്ട്.
രണ്ടു വർഷത്തിലേറെ നീണ്ട യുദ്ധം സൃഷ്ടിച്ച കെടുതികൾ കാരണം പതിനായിരങ്ങൾ അഭയാർഥികളായി മാറിയ ഗസ്സയിൽ പ്രതികൂല കാലാവസ്ഥ കൂടിയായതോടെ സ്ഥിതി കൂടുതൽ സങ്കീർണമായി. നിയന്ത്രണം പിൻവലിച്ച് ഗസ്സയിലേക്ക് ഉറപ്പുള്ള താൽക്കാലിക ടെന്‍റുകളും ഉപകരണങ്ങളും മറ്റു സഹായങ്ങളും ഉടൻ അനുവദിക്കമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്‍റണിയോ ഗുട്ടറസ് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. റഫ അതിർത്തി തുറന്ന് കൂടുതൽ സഹായം ലഭ്യമാക്കിയില്ലെങ്കിൽ സ്ഥിതി ഏറെ ഗുരുതരമാകുമെന്ന് 'യുനർവ'യും മുന്നറിയിപ്പ് നൽകി.ഇന്ന് രാവിലെ വരെയാണ് ഗസ്സയിൽ കാലാവസ്ഥാ വിഭാഗത്തിന്‍റെ ജാഗ്രതാനിർദേശം.
അതിനിടെ, ഗസ്സ വെടിനിർത്തലിന്‍റെ രണ്ടാം ഘട്ട ചർച്ചകൾക്ക് വഴിയൊരുക്കാൻ അണിയറയിൽ തിരക്കിട്ട നീക്കങ്ങൾ ആരംഭിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റ് പറഞ്ഞു. യു.എസ്പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ ഗസ്സ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട് ഉചിതമായ സമയത്ത് പ്രഖ്യാപനം ഉണ്ടാകുമെന്നും വൈറ്റ് ഹൗസ് പ്രതിനിധി വ്യക്തമാക്കി. ഗസ്സയിലേക്കുള്ള അന്താഷ്ട്ര സേനയിൽ തുർക്കിയും ഉൾപ്പെടണമെന്ന് അമേരിക്കയുടെ തുർക്കി അംബാസഡർ ടോം ബറാക് പറഞു. തുർക്കി സേനക്ക് അനുമതി നൽകരുതെന്ന് ഇസ്രയേൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Adjust Story Font
16

