ഇറാൻ മിസൈലുകൾ രാജ്യത്തുടനീളം ഭീതി പരത്തിയതായി ഇസ്രായേലി മാധ്യമങ്ങൾ
സൈനിക നേതൃത്വത്തിനും ആണവ പദ്ധതിക്കും നേരെയുള്ള ഇസ്രായേലി ആക്രമണങ്ങൾക്ക് മറുപടിയായാണ് ഇറാൻ ആക്രമണം ആരംഭിച്ചത്

തെൽ അവീവ്: മധ്യ ഇസ്രായേലിലെ ജാഫയിലും തെൽ അവീവിലുമുണ്ടായ ഇറാന്റെ പ്രത്യാക്രമണത്തെ തുടർന്ന് രാജ്യത്തുടനീളം ഭീതിയുടെ അന്തരീക്ഷം രൂപപെട്ടുവെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ ആക്രമണത്തിൽ ഇസ്രയേലിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 200ലധികം പേർക്ക് പരിക്കേൽക്കുകയും 35ലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
തങ്ങളുടെ സൈനിക നേതൃത്വത്തിനും ആണവ പദ്ധതിക്കും നേരെയുള്ള ഇസ്രായേലി ആക്രമണങ്ങൾക്ക് മറുപടിയായാണ് ഇറാൻ ഇസ്രയേലിനെ ആക്രമിച്ചത്. ഇറാൻ ആക്രമണം ആരംഭിച്ചതോടെ ദശലക്ഷക്കണക്കിന് ഇസ്രയേലികൾക്ക് ബങ്കറുകളിലേക്കും ബോംബ് ഷെൽട്ടറുകളിലേക്കും മാറേണ്ടി വന്നു. ഇറാന്റെ മിക്ക ആക്രമണങ്ങളും തടഞ്ഞുവെന്ന് ഐഡിഎഫ് അവകാശപ്പെടുന്നുണ്ടെങ്കിലും വലിയ സ്‌ഫോടകവസ്തുക്കൾ ഘടിപ്പിച്ച നിരവധി മിസൈലുകൾ തെൽ അവീവ്, റമത് ഗാൻ, റിഷോൺ ലെസിയോൺ എന്നിവിടങ്ങളിൽ കാര്യമായ നാശം വിതച്ചു.
'ഞങ്ങൾ വാതിലടച്ച് കമ്പ്യൂട്ടറിലൂടെ വാർത്തകൾ കാണാൻ തുടങ്ങി. പെട്ടെന്ന് കെട്ടിടം മുഴുവൻ ഇളകുന്ന തരത്തിൽ ഉച്ചത്തിലുള്ള ഒരു സ്ഫോടനമുണ്ടായി.' തെൽ അവീവിൽ താമസിക്കുന്ന താലി ഹോറേഷ് പറഞ്ഞതായി ഇസ്രായേലി മാധ്യമമായ Ynet റിപ്പോർട്ട് ചെയ്യുന്നു. താഴത്തെ നില പൂർണമായും നശിച്ചതായും വീടിന് വലിയ കേടുപാടുകൾ സംഭവിച്ചതായും താലി ഹോറോഷ് പറഞ്ഞു.
ഇസ്രായേൽ സേനക്ക് ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പരിശീലനം നൽകിയിട്ടുണ്ടെങ്കിലും മുമ്പ് കണ്ടിട്ടില്ലാത്തത്ര വലിയ സംഭവമാണിതെന്ന് ഹോം ഫ്രണ്ടിന്റെ തെൽ അവീവ് കമാൻഡിനെ നയിക്കുന്ന കേണൽ (റെസ.) മൈക്കൽ ഡേവിഡ് പറഞ്ഞു. 'കാണാതാവുകയോ കുടുങ്ങിക്കിടക്കുകയോ ചെയ്യുന്ന ആളുകളെ രക്ഷിക്കുന്നത് മണിക്കൂറുകൾ എടുത്തേക്കാവുന്ന ഒരു സിസിഫിക് ജോലിയാണ്. പ്രത്യേകിച്ച് നൂറുകണക്കിന് വാടകക്കാരുള്ള വളരെ ഉയർന്ന കെട്ടിടങ്ങളിൽ.' ഡേവിഡ് പറഞ്ഞു.
ഇറാന്റെ ആണവ കേന്ദ്രങ്ങളെയും മിസൈൽ ഫാക്ടറികളെയും സൈനിക നേതൃത്വത്തെയും ലക്ഷ്യം വച്ചതിന് ഒരു ദിവസത്തിനുള്ളിൽ തന്നെ ഇസ്രായേലിന് പ്രത്യാക്രമണങ്ങൾ നേരിടേണ്ടി വന്നു. ആണവായുധങ്ങൾ നിർമ്മിക്കാൻ ആവശ്യമായ യുറേനിയം സമ്പുഷ്ടമാക്കുന്നതിൽ നിന്ന് ഇറാനെ തടയുന്നതിന് വേണ്ടിയാണ് ആക്രമണം എന്നാണ് ഇസ്രയേലിന്റെ പക്ഷം. ഇറാനുമായി അമേരിക്ക ഒരു ആണവ കരാറിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിൽ കൂടിയാണ് ഇസ്രായേലിന്റെ ആക്രമണം.
Adjust Story Font
16

