Quantcast

അതിർത്തി കടന്ന് മത്സ്യബന്ധനം: 32 ഇന്ത്യക്കാരെ അറസ്റ്റ് ചെയ്ത് ശ്രീലങ്ക

2024ൽ ഇതോടെ അറസ്റ്റിലായത് 178 ഇന്ത്യൻ മത്സ്യതൊഴിലാളികൾ

MediaOne Logo

Web Desk

  • Published:

    21 March 2024 2:03 PM GMT

അതിർത്തി കടന്ന് മത്സ്യബന്ധനം:   32 ഇന്ത്യക്കാരെ അറസ്റ്റ് ചെയ്ത് ശ്രീലങ്ക
X

ന്യൂഡൽഹി: സമുദ്രാതിർത്തി കടന്ന് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 32 ഇന്ത്യൻ മത്സ്യതൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്ക. തലൈമന്നാർ തീരത്തുനിന്ന് 7 മത്സ്യതൊഴിലാളികളെയും ഡെൽഫ് ദ്വീപിന് സമീപത്തുനിന്നും 25 മത്സ്യതൊഴിലാളികളെയുമാണ് ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തത്. മത്സ്യബന്ധനത്തിനായുപയോഗിച്ച ബോട്ടുകളും നാവികസേന കസ്റ്റഡിയിലെടുത്തു.

7 മത്സ്യതൊഴിലാളികളുമായി സഞ്ചരിച്ച രണ്ട് ബോട്ടുകൾ തലൈമന്നാർ കടവിലും 25 മത്സ്യതൊഴിലാളികളുമായി സഞ്ചരിച്ച മൂന്ന് ബോട്ടുകൾ കങ്കസന്ദുറൈ തുറമുഖത്തേക്കുമാണ് മാറ്റിയിരിക്കുന്നത്.

ഇതോടെ 2024ൽ മാത്രം അതിർത്തി കടന്ന് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് ശ്രീലങ്ക അറസ്റ്റ് ചെയ്ത ഇന്ത്യൻ മത്സ്യതൊഴിലാളികളുടെ എണ്ണം ആകെ 178 ആയി, 25 ബോട്ടുകളും കസ്റ്റഡിയിലാണ്.

അതിർത്തി കടന്നുള്ള മത്സ്യബന്ധനം ഇരു രാജ്യങ്ങളും വളരെ കാലമായി നേരിടുന്ന പ്രശ്‌നമാണ്. അനേകം മത്സ്യതൊഴിലാളികൾ ഇത്തരത്തിൽ ഇരു രാജ്യങ്ങളുടെയും നിയമനടപടികൾക്ക് വിധേയരായി ജയിൽവാസമനുഭവിച്ച് വരുന്നുണ്ട്.

തമിഴ്‌നാടിനെയും ശ്രീലങ്കയെയും വേർതിരിക്കുന്ന പാക് കടലിടുക്കിൽ ഇന്ത്യൻ മത്സ്യതൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേന വെടിയുതിർത്തത് വാർത്തയായിരുന്നു. പാക് കടലിടുക്ക് ഇരു രാജ്യങ്ങളുടെയും പ്രധാന മത്സ്യബന്ധന കേന്ദ്രമാണ്. അശ്രദ്ധമായി ഇരു രാജ്യങ്ങളിലെ മത്സ്യതൊഴിലാളികളും അതിർത്തി കടന്ന് പോകാറുണ്ട്

2023ൽ മാത്രം 240 ഇന്ത്യൻ മത്സ്യതൊഴിലാളികളെയാണ് ശ്രീലങ്ക അറസ്റ്റ് ചെയ്തത്.

TAGS :

Next Story