ഒരു വർഷത്തിനിടെ ട്രംപ് ആക്രമിച്ചത് ഏഴ് രാജ്യങ്ങൾ; എന്തിനുവേണ്ടി?
വിനാശകരമായ യുദ്ധങ്ങളിൽ നിന്ന് അമേരിക്കയെ മുക്തമാക്കുമെന്ന വാഗ്ദാനത്തോടെ 2025 ജനുവരിയിൽ രണ്ടാം തവണയും അധികാരമേറ്റ ഡൊണാൾഡ് ട്രംപ്, ഒരു വർഷത്തിനിടെ ആക്രമിച്ചത് ഏഴ് രാജ്യങ്ങൾ

- Published:
2 March 2026 11:37 AM IST

വാഷിംഗ്‌ടൺ: വിനാശകരമായ യുദ്ധങ്ങളിൽ നിന്ന് അമേരിക്കയെ മുക്തമാക്കുമെന്ന വാഗ്ദാനത്തോടെ 2025 ജനുവരിയിൽ രണ്ടാം തവണയും അധികാരമേറ്റ ഡൊണാൾഡ് ട്രംപ്, ഒരു വർഷത്തിനിടെ ആക്രമിച്ചത് ഏഴ് രാജ്യങ്ങൾ. ഭീകരവിരുദ്ധതയുടെയും മയക്കുമരുന്ന് വിരുദ്ധതയുടെയും പേരിലാണ് ഈ ആക്രമങ്ങളെ അമേരിക്ക ന്യായികരിക്കുന്നത്. എങ്കിലും, ഇറാനിലും വെനസ്വേലയിലും നടത്തിയ ഇടപെടലുകൾ ആ രാജ്യങ്ങളിലെ ഭരണമാറ്റം ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്നും ട്രംപിന്റെ നയങ്ങൾ അമേരിക്കൻ താല്പര്യങ്ങളെക്കാൾ ഇസ്രായേൽ താല്പര്യങ്ങൾക്കാണ് മുൻതൂക്കം നൽകുന്നതെന്ന് അമേരിക്കക്ക് അകത്തും അന്താരാഷ്ട്ര തലത്തിലും വിമർശനമുയരുന്നുണ്ട്. 2025 ജനുവരിയിൽ അധികാരത്തിൽ തിരിച്ചെത്തിയ ട്രംപിന്റെ പ്രധാന ആക്രമണങ്ങൾ പരിശോധിക്കാം.
ഇറാൻ
പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പടർത്തിക്കൊണ്ട് ഇറാനുനേരെ അമേരിക്കയും ഇസ്രായേലും സംയുക്ത സൈനിക ആക്രമണം നടത്തി. 2025 ജൂണിലെ ആക്രമണത്തിന് പുറത്തുനിന്ന് പിന്തുണ നൽകിയ അമേരിക്ക, ഇക്കുറി നേരിട്ടാണ് യുദ്ധരംഗത്തിറങ്ങിയിരിക്കുന്നത്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട മധ്യസ്ഥ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഫെബ്രുവരി 28ന് യുഎസ്-ഇസ്രായേൽ നേതൃത്വത്തിൽ ആക്രമണം നടത്തിയിരിക്കുന്നത്.
ആക്രമണത്തിൽ ഇതുവരെ 200ലധികം പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസന്റ് സ്ഥിരീകരിച്ചു. ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് തടയാനാണ് തങ്ങൾ നേരിട്ട് രംഗത്തിറങ്ങിയതെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴും, ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടാണ് ഇസ്രായേലിന്റെ നീക്കങ്ങളെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. അന്താരാഷ്ട്ര നിയമങ്ങളെ പരസ്യമായി ലംഘിച്ചുകൊണ്ട് നടത്തുന്ന ഇത്തരം ആക്രമണങ്ങൾ മേഖലയിലെ സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
വെനസ്വേല
ദീർഘകാലമായി അമേരിക്കയുമായി ശത്രുതയിലായിരുന്ന പ്രസിഡന്റ് നിക്കോളാസ് മദൂറോയെ അട്ടിമറിക്കാനാണ് ട്രംപ് ഭരണകൂടം 2026 ജനുവരിയിൽ വെനസ്വേലയിൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ വെനസ്വേലൻ, ക്യൂബൻ സുരക്ഷാ സേവനങ്ങളിലെ അംഗങ്ങളും സിവിലിയന്മാരും ഉൾപ്പെടെ 83 പേർ കൊല്ലപ്പെടുകയും മദൂറോയെ അമേരിക്ക അനധികൃതമായി തടവിലാക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള രാജ്യങ്ങളിൽ ഒന്നാണ് വെനസ്വേല. വെനസ്വേലയിലെ എണ്ണക്കമ്പനികളെ മദൂറോ ഭരണകൂടം ദേശസാൽക്കരിച്ചതോടെ അമേരിക്കൻ കമ്പനികൾക്ക് അവിടെയുണ്ടായിരുന്ന നിയന്ത്രണം നഷ്ടപ്പെട്ടതാണ് അമേരിക്കയെ ചൊടിപ്പിച്ചത്.
വെനസ്വേലയിലെ മുൻ പ്രസിഡന്റ് ഹ്യൂഗോ ഷാവേസും നിലവിലെ പ്രസിഡന്റ് നിക്കോളാസ് മദൂറോയും കടുത്ത അമേരിക്കൻ വിരുദ്ധ നിലപാടുകളുള്ള സോഷ്യലിസ്റ്റ് നേതാക്കളാണ്. ലാറ്റിൻ അമേരിക്കയിൽ അമേരിക്കയുടെ സ്വാധീനം കുറയ്ക്കാൻ ഇവർ ശ്രമിക്കുന്നത് അമേരിക്കയ്ക്ക് ഭീഷണിയായി തുടരുന്ന സാഹചര്യത്തിൽ കൂടിയാണ് വെനസ്വേലയിലെ ഭരണകൂടത്തെ അമേരിക്ക അട്ടിമറിച്ചത്.
നൈജീരിയ
നൈജീരിയയിലെ ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ നടക്കുന്ന പീഡനങ്ങളും അക്രമങ്ങളും തടയുന്നതിൽ നൈജീരിയൻ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൈജീരിയക്കെതിരെ ആക്രമണം നടത്തിയത്. ഭീകരവിരുദ്ധതയുടെ പേരിൽ നിരവധി ആക്രമണങ്ങൾ നടത്തിയതിന് പുറമെ നൈജീരിയൻ സേനയെ പരിശീലിപ്പിക്കാൻ 100 യുഎസ് സൈനികരെ വിന്യസിക്കുകയും ചെയ്തു. ഇതിന് പുറമേ സുരക്ഷാ കാരണങ്ങളും കൃത്യമായ രേഖകളുടെ അഭാവവും ചൂണ്ടിക്കാട്ടി നൈജീരിയൻ പൗരന്മാർക്ക് അമേരിക്കയിൽ പ്രവേശിക്കുന്നതിന് ഭാഗികമായ വിലക്ക് (Partial Travel Ban) ഏർപ്പെടുത്തി. 2026 ജനുവരി 1 മുതൽ ഈ നിയമം പ്രാബല്യത്തിൽ വന്നു. വിസ നൽകുന്നതിൽ കർശനമായ നിയന്ത്രണങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
സൊമാലിയ
സൊമാലിയയിലെ ഭീകരവാദ സംഘടനകൾക്കെതിരെ കടുത്ത സൈനിക നടപടി സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടം സൊമാലിയയിൽ ബോംബാക്രമണങ്ങൾ നടത്തിയത്. സൊമാലിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൽ-ഖ്വയ്ദ ബന്ധമുള്ള അൽ-ഷബാബ് (Al-Shabaab), ഐസിസ് (ISIS-Somalia) എന്നീ ഭീകര സംഘടനകളെ തകർക്കുക എന്നതാണ് ട്രംപിന്റെ പ്രധാന ലക്ഷ്യം. 2025ൽ മാത്രം അമേരിക്ക സൊമാലിയയിൽ നൂറിലധികം സൈനിക ഓപ്പറേഷനുകൾ നടത്തിയിട്ടുണ്ട്. ഈ സംഘടനകൾ അമേരിക്കൻ താൽപ്പര്യങ്ങൾക്കും സൊമാലിയൻ സർക്കാരിനും ഭീഷണിയാണെന്നാണ് ട്രംപ് ഭരണകൂടം വിലയിരുത്തുന്നത്.
യമൻ
2025 മാർച്ച് മുതൽ മെയ് വരെ യമനിലെ ഹൂത്തികളെ ലക്ഷ്യമിട്ട് യുഎസ് ഡസൻ കണക്കിന് നാവിക, വ്യോമാക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഗസ്സക്കെതിരായ വംശഹത്യ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേലിനുമേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി ചെങ്കടലിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ ഹൂത്തികൾ ആക്രമണം നടത്തിയിരുന്നു. ഇതിന് പ്രതികരണമായാണ് അമേരിക്കയുടെ ആക്രമണം. മാത്രമല്ല, ഹൂത്തികൾക്ക് സാമ്പത്തികമായും സൈനികമായും പിന്തുണ നൽകുന്നത് ഇറാനാണെന്ന് അമേരിക്ക വിശ്വസിക്കുന്നു. ഹൂത്തികൾക്ക് നേരെയുള്ള ആക്രമണം യഥാർഥത്തിൽ ഇറാനുള്ള ഒരു മുന്നറിയിപ്പായിട്ട് കൂടിയാണ് ട്രംപ് കാണുന്നത്. ഹൂത്തികൾ നടത്തുന്ന ഓരോ ആക്രമണവും ഇറാൻ നടത്തുന്ന ആക്രമണമായി കണക്കാക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
സിറിയ
സിറിയയിൽ അമേരിക്കൻ സൈന്യത്തിന് നേരെയുണ്ടായ ആക്രമണങ്ങൾക്ക് മറുപടിയായി ട്രംപ് കടുത്ത സൈനിക നടപടികൾ സ്വീകരിച്ചിരുന്നു. 2025 ഡിസംബറിൽ പലിമ്ര നഗരത്തിൽ നടന്ന ആക്രമണത്തിൽ രണ്ട് യുഎസ് സൈനികരും ഒരു പരിഭാഷകനും കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികരണമായി സിറിയയിലെ ഐഎസ്ഐഎൽ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തി.
അതേസമയം, സിറിയയിൽ ബഷാർ അൽ അസദിന്റെ ഭരണം അവസാനിച്ചതിന് ശേഷം വന്ന പുതിയ ഇടക്കാല സർക്കാരുമായി ട്രംപ് ഭരണകൂടം സഹകരിക്കുന്നുണ്ട്. ഇതോടെ മുൻപ് സിറിയയ്ക്ക് മേൽ ഉണ്ടായിരുന്ന പല സാമ്പത്തിക ഉപരോധങ്ങളും ട്രംപ് നീക്കം ചെയ്തു. പുതിയ സർക്കാരിനെ സഹായിക്കുന്നതിനും രാജ്യത്തെ ഭീകരരിൽ നിന്ന് മുക്തമാക്കുന്നതിനും വേണ്ടിയാണ് ഈ സൈനിക ഇടപെടലുകൾ എന്നും ട്രംപ് വാദിക്കുന്നു.
ഇറാഖ്
2025 മാർച്ചിൽ ഇറാഖിലെ അൽ-അൻബാർ പ്രവിശ്യയിൽ യുഎസ് നടത്തിയ ആക്രമണത്തിൽ ഒരു ഉന്നത ഐഎസ്ഐഎൽ കമാൻഡറെ വധിച്ചു. ഇറാഖിലെ വിവിധ സൈനിക താവളങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കൻ സൈനികർക്കും ഉദ്യോഗസ്ഥർക്കും നേരെ ഇറാൻ അനുകൂല സായുധ സംഘങ്ങൾ (Militia groups) നിരന്തരം ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ചാണ് ആക്രമണം. ഇറാഖ് മണ്ണിൽ ഇറാന്റെ സ്വാധീനം വർധിക്കുന്നത് തടയുക എന്നതാണ് ട്രംപിന്റെ ലക്ഷ്യം.
ചുരുക്കത്തിൽ, സൈനിക ഇടപെടലുകൾ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ് ഭരണകൂടം, പ്രായോഗിക തലത്തിൽ കൂടുതൽ രാജ്യങ്ങളിലേക്ക് സൈനികാധിപത്യം വ്യാപിപ്പിക്കുകയാണ് ചെയ്തത്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും സമാധാന ശ്രമങ്ങൾക്കേറ്റ തിരിച്ചടിയും ചൂണ്ടിക്കാട്ടി ട്രംപിനെതിരെ ലോകമെമ്പാടും പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. ഇത് വരും വർഷങ്ങളിൽ പശ്ചിമേഷ്യയിലും ലാറ്റിൻ അമേരിക്കയിലും കൂടുതൽ അസ്ഥിരതയ്ക്ക് കാരണമായേക്കാം.
Adjust Story Font
16
