'തെറ്റ് എന്റേതല്ല, വീഡിയോ പോസ്റ്റ് ചെയ്തത് ജീവനക്കാരന്‍': ഒബാമയെ കുരങ്ങനായി ചിത്രീകരിക്കുന്ന വീഡിയോയില്‍ ട്രംപ്
12 മണിക്കൂറോളം സോഷ്യൽ മീഡിയയിൽ തുടർന്ന വീഡിയോ, സ്വന്തം അനുയായികളിൽനിന്ന് പോലും വിമർശനം വന്നതോടെ ട്രംപ് പിന്‍വലിച്ചിരുന്നു

- Updated:
2026-02-07 07:48:49.0

വാഷിങ്ടണ്‍: മുൻ പ്രസിഡന്റ് ബറാക് ഒബാമയെയും മുന്‍ പ്രഥമ വനിത മിഷേൽ ഒബാമയേയും കുരങ്ങുകളായി ചിത്രീകരിക്കുന്ന വീഡിയോയില്‍ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തെറ്റ് തന്റേതല്ലെന്നും വീഡിയോ പോസ്റ്റ് ചെയ്തത് ജീവനക്കാരനാണെന്നും ട്രംപ് പറഞ്ഞു. തന്റെ ജീവനക്കാരന് പറ്റിയ തെറ്റിന് മാപ്പ് പറയേണ്ട ആവശ്യമില്ലെന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്.
ട്രൂത്ത് സോഷ്യലിലാണ് ട്രംപ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. 12 മണിക്കൂറോളം സോഷ്യൽ മീഡിയയിൽ തുടർന്ന വീഡിയോ, സ്വന്തം അനുയായികളിൽനിന്ന് പോലും വിമർശനം വന്നതോടെ ട്രംപ് പിന്‍വലിച്ചിരുന്നു. വീഡിയോയിലെ വംശീയമായ ഭാഗങ്ങളെ അപലപിക്കുന്നുവെന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിനുള്ള ട്രംപിന്റെ മറുപടി.
എന്നാൽ ക്ഷമ ചോദിക്കുമോ എന്ന ചോദ്യത്തിന്, അതിന്റെ ആവശ്യമില്ലെന്ന തരത്തിലുള്ള മറുപടിയാണ് നല്‍കിയത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഒരു ജീവനക്കാരനാണ് ആ വീഡിയോ പോസ്റ്റ് ചെയ്തതെന്നും, ഒബാമ ദമ്പതികളെ വംശീയമായി അധിക്ഷേപിക്കുന്ന ഭാഗം ആ ജീവനക്കാരൻ ശ്രദ്ധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് യാതൊരു തെറ്റും പറ്റിയിട്ടില്ല എന്ന നിലപാടിലായിരുന്നു അദ്ദേഹം. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ക്രമക്കേട് സംബന്ധിച്ചുള്ള അവകാശവാദങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോയുടെ അവസാന ഭാഗത്താണ് ഒബാമയേയും ഭാര്യയേയും കുരങ്ങൻമാരായി ചിത്രീകരിച്ചത്.
അതേസമയം രാജ്യത്തെ ആദ്യ കറുത്തവർഗക്കാരനായ പ്രസിഡന്റിനെയും പ്രഥമ വനിതയെയും വംശീയമായി അധിക്ഷേപിച്ചതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ബറാക് ഒബാമയുടെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും അടുത്ത സഹായിയുമായ ബെൻ റോഡ്‌സും ട്രംപിനെതിരെ രംഗത്തെത്തിയിരുന്നു. ട്രംപ് ചരിത്രത്തിലെ ഒരു "കറ"യായി അറിയപ്പെടുമെന്നും അദ്ദേഹത്തിന്റെ അനുയായികൾ വംശീയവാദികളാണെന്നും റോഡ്‌സ് ആരോപിച്ചു.
ട്രംപിന്റെ കടുത്ത വിമർശകനും 2028ൽ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ആകാൻ സാധ്യതയുള്ളയാളുമായ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം, ഈ പോസ്റ്റിനെ ‘അറപ്പുളവാക്കുന്നത്’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
Adjust Story Font
16
