'തനിയെ സംഭവിച്ചതല്ല': യുഎന്നില്‍ തനിക്കെതിരെ നടന്നത് അട്ടിമറി ശ്രമമെന്ന് ട്രംപ്
യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ എസ്‌കലേറ്റര്‍ നിലച്ചതടക്കമുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ പ്രതികരണം

വാഷിങ്ടണ്‍: യുഎന്‍ ആസ്ഥാനത്ത് ചില അനിഷ്ടസംഭവങ്ങള്‍ക്ക് ഇരയായെന്നും ഇക്കാര്യങ്ങളില്‍ അന്വേഷണം വേണമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ എസ്‌കലേറ്റര്‍ നിലച്ചതടക്കമുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ പ്രതികരണം. ട്രംപും ഭാര്യയും എസ്‌കലേറ്ററിൽ കയറിയ ഉടൻ അത് നിശ്ചലമായത് വാർത്തായായിരുന്നു. തുടർന്ന് ഇരുവരും പടികൾ കയറിയാണ് പോയത്. ഇത് കൂടാതെ മറ്റ് രണ്ട് പ്രശ്നങ്ങളും ട്രംപ് ചൂണ്ടിക്കാട്ടുന്നുണ്ട്.
ടെലിപ്രോംപ്റ്റർ തകരാറിലായതും അസംബ്ലി ഹാളിലെ ശബ്‌ദ പ്രശ്‌നങ്ങളുമാണ് മറ്റു പരാതികള്‍. ഇതിനെ 'ട്രിപ്പിൾ അട്ടിമറി'യെന്ന് വിശേഷിപ്പിച്ച ട്രംപ്, സംഭവങ്ങളിൽ അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
യുഎന്നില്‍, ട്രംപ് സംസാരിക്കുന്നതിനിടെയാണ് ടെലിപ്രോംപ്റ്റർ തകരാറിലായത്. താന്‍ പ്രസംഗിക്കുന്നതിനിടെ ശബ്ദം നിലച്ചുപോയെന്നും ഇയര്‍പീസുകളിലെ തകരാര്‍ കാരണം പലര്‍ക്കും പ്രസംഗം കേൾക്കാനായില്ലെന്നും ട്രംപ് പരാതിപ്പെട്ടിരുന്നു. അതേസമയം, യുഎസ് പ്രതിനിധിസംഘത്തിലുണ്ടായിരുന്ന ഒരു വീഡിയോഗ്രാഫറാണ് ട്രംപിന് മുന്‍പായി എസ്‌കലേറ്ററില്‍ കയറിയതെന്നും അബദ്ധത്തില്‍ അദ്ദേഹം 'സ്റ്റോപ്പ്' ബട്ടണ്‍ പ്രവര്‍ത്തിപ്പിച്ചതാണ് എസ്‌കലേറ്റര്‍ നിലയ്ക്കാന്‍ കാരണമായതെന്നുമാണ് യുഎന്‍ വക്താവിന്റെ വിശദീകരണം.
ടെലിപ്രോംപ്റ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിലെ പൂര്‍ണ ഉത്തരവാദിത്വം വൈറ്റ്ഹൗസിനാണെന്നായിരുന്നു പേര് വ്യക്തമാക്കാന്‍ ആഗ്രഹിക്കാത്ത ഒരു യുഎന്‍ ഉദ്യോഗസ്ഥന്റെ പ്രതികരണം. അതേസമയം ഇത്തരം പ്രശ്നങ്ങളെല്ലാം മനപ്പൂർവമുള്ളതാണെന്നും അട്ടിമറി ശ്രമമാണ് ഉണ്ടായതെന്നുമാണ് ട്രംപ് ആരോപിക്കുന്നത്.
Adjust Story Font
16

