ചർച്ചക്ക് മുന്നോടിയായി ട്രംപിന്റെ ദൂതന്മാർ ഹമാസുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്
ഈജിപ്തിലേക്ക് പോകുന്നതിന് മുമ്പ് ഓവൽ ഓഫീസിൽ വെച്ച് ഹമാസ് നേതാക്കളെ കാണുന്നതിന് വിറ്റ്കോഫിനും കുഷ്നറിനും ട്രംപ് നേരത്തെ അനുമതി നൽകിയിരുന്നു

സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ, മാർക്കോ റൂബിയോ | Photo: The Jerusalem Post
കെയ്റോ: ഗസ്സയിലെ വെടിനിർത്തലും ബന്ദി കരാറും ഉറപ്പാക്കാനുള്ള ചർച്ചക്ക് മുന്നോടിയായി ട്രംപിന്റെ ദൂതന്മാർ ഹമാസുമായി ഈജിപ്തിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി അമേരിക്കൻ മാധ്യമം ആക്‌സിയോസ് റിപ്പോർട്ട് ചെയ്യുന്നു. ഈജിപ്തിലെ ശറം അൽ ഷെയ്ഖിലുള്ള ഫോർ സീസൺസ് ഹോട്ടലിൽ ബുധനാഴ്ച രാത്രി നടന്ന യോഗത്തിൽ യുഎസിന്റെ പശ്ചിമേഷ്യ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്‌നറും മുതിർന്ന ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ ഉൾപ്പെടെയുള്ള ഹമാസ് നേതാക്കളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി.
ഗസ്സ വെടിനിർത്തൽ ചർച്ചകളിലെ തടസ്സം പരിഹരിക്കുന്നതിനായി ഖത്തർ മധ്യസ്ഥർ മുതിർന്ന യുഎസ് ഉദ്യോഗസ്ഥരോട് ഹമാസ് നേതാക്കളെ കാണാൻ പ്രേരിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ബന്ദികളെ മോചിപ്പിച്ചുകഴിഞ്ഞാൽ ഇസ്രായേൽ വീണ്ടും യുദ്ധം ആരംഭിക്കുമെന്ന് ഹമാസ് നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചതിനാൽ ട്രംപ് അത് അനുവദിക്കില്ലെന്ന് നേരിട്ട് ഉറപ്പ് നൽകേണ്ടതിനാണ് യോഗമെന്ന് ആക്സിയോസ് റിപ്പോർട്ടിൽ പറയുന്നു.
ഈജിപ്തിലേക്ക് പോകുന്നതിന് മുമ്പ് ഓവൽ ഓഫീസിൽ വെച്ച് ഹമാസ് നേതാക്കളെ കാണുന്നതിന് വിറ്റ്കോഫിനും കുഷ്നറിനും ട്രംപ് നേരത്തെ അനുമതി നൽകിയിരുന്നു. തുടർന്ന് ഈജിപ്തിൽ എത്തിയതിന് പിന്നാലെ ട്രംപ് കൂടിക്കാഴ്ചയ്ക്ക് പച്ചക്കൊടി കാണിച്ചതായി വിറ്റ്കോഫ് ഖത്തർ, ഈജിപ്ഷ്യൻ, തുർക്കി മധ്യസ്ഥരെ അറിയിച്ചു. സെപ്റ്റംബർ ആദ്യം ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അതിജീവിച്ച ഖലീൽ അൽ ഹയ്യയായിരുന്നു ഹമാസ് സംഘത്തെ പ്രതിനിധാനം ചെയ്തു യോഗത്തിൽ പങ്കെടുത്തത്.
Adjust Story Font
16

