Quantcast

ട്രംപിന്റെ മക്കളുടെ കമ്പനിയില്‍ നിന്ന് ഡ്രോണ്‍ വാങ്ങാന്‍ യുഎസ് സേന

ഡോണള്‍ഡ് ട്രംപിന്റെ മക്കളുടെ കമ്പനികളുമായുള്ള ആയുധ ഇടപാടുകളില്‍ വ്യക്തത വേണമെന്ന ആവശ്യവുമായി ഡെമോക്രാറ്റിക് അംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2026-05-01 03:17:56.0

Published:

1 May 2026 8:39 AM IST

ട്രംപിന്റെ മക്കളുടെ കമ്പനിയില്‍ നിന്ന് ഡ്രോണ്‍ വാങ്ങാന്‍ യുഎസ് സേന
X

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മക്കളുടെ കമ്പനിയില്‍ നിന്ന് ഡ്രോണ്‍ വാങ്ങാന്‍ കരാറൊപ്പിട്ട് യുഎസ്. എയര്‍ഫോഴ്‌സാണ്‌ ഇതുമായി ബന്ധപ്പെട്ട കരാറൊപ്പിട്ടത്. എത്ര ഡ്രോണ്‍ വാങ്ങാനാണ് കരാറൊപ്പിട്ടതെന്ന് വ്യക്തമല്ല. ഇറാന്‍ യുദ്ധം മൂന്നാം മാസത്തിലേക്ക് കടക്കുന്നതിനിടെയാണ് ഇടപാട്. വെസ്റ്റ് പാം ബീച്ച് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പവര്‍സ് കമ്പനിയില്‍ നിന്ന് ഡ്രോണുകള്‍ വാങ്ങാനാണ് യുഎസ് സേന കരാര്‍ ഒപ്പിട്ടത്.

ശത്രുഡ്രോണുകളെ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന ഡ്രോണുകളാണ് കമ്പനി യുഎസ്‌സേനക്ക് വില്‍ക്കുന്നത്. കമ്പനി ആദ്യമായാണ് ഇത്രയും വലിയ ഒരു കരാറില്‍ ഒപ്പിടുന്നതെന്നും റിപ്പോര്‍ട്ട്. എന്നാല്‍ കരാര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പവര്‍സ് കമ്പനി തയാറായിട്ടില്ല. എന്നാല്‍, ഡ്രോണ്‍ വില്‍ക്കാന്‍ യുഎസ് പ്രതിരോധവിഭാഗവുമായി കരാര്‍ ഒപ്പിട്ട വിവരം കമ്പനി വൈസ് പ്രസിഡന്റ് ബ്രെറ്റ് വെലികോവിച്ച് സ്ഥിരീകരിച്ചു.

അതേസമയം, കമ്പനിയുമായി ഡോണള്‍ഡ് ട്രംപിന്റെ മക്കളായ ട്രംപ് ജൂനിയറിനും എറിക് ട്രംപുമായും ബന്ധമുണ്ട്.ട്രംപിന്റെ മക്കളുടെ ഉടമസ്ഥതയിലുള്ള ഗ്രീന്‍വേ ഹോള്‍ഡിങ് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയില്‍ പവര്‍സ് ലയിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ വര്‍ഷം ആദ്യമാണ് ഇതിനുള്ള തീരുമാനമെടുത്തത്.

ഐപിഒയിലൂടെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിന് പകരം നാസ്ഡാക്കിലുള്ള ഗ്രീന്‍വേ ഹോള്‍ഡിങില്‍ ലയിച്ച് ഓഹരി വിപണിയിലേക്ക് എത്താനാണ് അവര്‍ തീരുമാനിച്ചത്. ട്രംപിന്റെ കമ്പനിയുമായുള്ള ഈ ബന്ധം കരാര്‍ സംബന്ധിച്ച് യുഎസ് കോണ്‍ഗ്രസില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നാണ് സൂചന.

അതേസമയം, ഡോണള്‍ഡ് ട്രംപിന്റെ മക്കളുടെ കമ്പനികളുമായുള്ള ആയുധ ഇടപാടുകളില്‍ വ്യക്തത വേണമെന്ന ആവശ്യവുമായി ഡെമോക്രാറ്റിക് അംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, തങ്ങള്‍ക്ക് യുഎസ് വ്യോമസേനയെ ആകര്‍ഷിക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് കരാര്‍ ലഭിച്ചതെന്നാണ് പവര്‍സ് കമ്പനിയുടെ വിശദീകരണം. വരുംദിവസങ്ങളില്‍ യുഎസില്‍ കരാര്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടവെക്കുമെന്ന് ഉറപ്പാണ്.

TAGS :

Next Story