അമേരിക്കയിൽ സ്ഥിരതാമസമാക്കാം; അഞ്ച് മില്യൺ ഡോളറിന്‍റെ 'ട്രംപ് ഗോൾഡ് കാർഡ്' ലക്ഷ്യമിടുന്നത് ഇന്ത്യക്കാരെ
ട്രംപ് ഗോൾഡ് കാർഡ് വഴി അഞ്ച് മില്യൺ ഡോളർ നിക്ഷേപിച്ച വ്യക്തികൾക്ക് അമേരിക്കയിൽ താമസാനുമതി നേടാം

വാഷിങ്ടൺ: അമേരിക്കയിൽ സ്ഥിരതാമസത്തിനുള്ള അഞ്ച് മില്യൺ ഡോളറിന്‍റെ ട്രംപ് ഗോൾഡ് കാർഡ് പദ്ധതിയുമായി യുഎസ്. പദ്ധതി ഇന്ത്യയിൽ വൻ വിജയമാകുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലട്ട്നിക് പറഞ്ഞു.
ട്രംപ് ഗോൾഡ് കാർഡ് വഴി അഞ്ച് മില്യൺ ഡോളർ നിക്ഷേപിച്ച വ്യക്തികൾക്ക് അമേരിക്കയിൽ താമസാനുമതി നേടാം. ആഗോള ബിസിനസിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ധനികരായ വ്യക്തികളുടെ എണ്ണം ഇന്ത്യയിൽ വർധിച്ചുവരുന്നതിനാൽ ഈ പദ്ധതി ഇന്ത്യയിൽ പ്രത്യേകിച്ചും പ്രാധാന്യം നേടുമെന്ന് ലട്ട്നിക് പറഞ്ഞു.
ഇന്ത്യൻ സംരംഭകർക്കും നിക്ഷേപകർക്കും രണ്ട് ശക്തമായ സമ്പദ്‌വ്യവസ്ഥകളെ ബന്ധിപ്പിക്കാനുള്ള അത്ഭുതകരമായ അവസരമാണിതെന്ന് ലട്ട്നിക് വ്യക്തമാക്കി. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം (യുഎസ്ഐഎസ്പിഎഫ്) ലീഡർഷിപ്പ് ഉച്ചകോടി 2025ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയിലേക്കുള്ള സാധാരണ കുടിയേറ്റ രീതി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഞാൻ കരുതുന്നു. വിദേശികൾക്ക് അമേരിക്കയിൽ സ്ഥിരതാമസം നേടാൻ ട്രംപ് കാർഡ് അവസരം നൽകുമെന്നും ലട്ട്നിക് പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യൻ പ്രതിഭകളെയും യുഎസ് സമ്പദ്‌വ്യവസ്ഥയിലുള്ള അവരുടെ വലിയ സംഭാവനകളെയും അദ്ദേഹം പ്രശംസിച്ചു. ഞങ്ങൾ ഇന്ത്യയിൽ അവിശ്വസനീയമാംവിധം വിജയിക്കാൻ പോകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

