Quantcast

'ആവശ്യങ്ങൾ അംഗീകരിക്കുകയല്ലാതെ ട്രംപിന് മറ്റ് മാർഗമില്ല'; ഇറാൻ പ്രതിരോധ മന്ത്രാലയം

ആക്രമണം പുനരാരംഭിച്ചാൽ അമേരിക്കൻ ജനത വലിയ വിലയൊടുക്കേണ്ടി വരുമെന്നും ഇറാന്‍

MediaOne Logo
ആവശ്യങ്ങൾ അംഗീകരിക്കുകയല്ലാതെ ട്രംപിന് മറ്റ് മാർഗമില്ല; ഇറാൻ പ്രതിരോധ മന്ത്രാലയം
X

തെഹ്റാന്‍: ഇറാൻ്റെ പരമാധികാരവും അവകാശങ്ങളും അംഗീകരിക്കുന്നതിൽ പരാജയപ്പെട്ടാൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിന് കൂടുതൽ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്ന് ഇറാൻ പ്രതിരോധ മന്ത്രാലയം വക്താവ് റിസ തലാഈ നിക് മുന്നറിയിപ്പ് നൽകി. ഇറാനിയൻ വാർത്താ ഏജൻസിയായ തസ്നീമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയും സയണിസ്റ്റ് ശത്രുക്കളും ചേർന്ന് അടിച്ചേൽപ്പിച്ച യുദ്ധത്തിൽ നിന്ന് അവർക്ക് രക്ഷപ്പെടാനുള്ള ഏക വഴി ഇറാൻ ജനതയുടെ ആവശ്യങ്ങൾ പൂർണ്ണമായി അംഗീകരിക്കുക എന്നത് മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. യുദ്ധക്കളത്തിലും നയതന്ത്രതലത്തിലും ഇറാൻ്റെ നിബന്ധനകൾക്ക് വഴങ്ങുകയല്ലാതെ ശത്രുക്കൾക്ക് മറ്റ് മാർഗങ്ങളില്ലെന്നും ആക്രമണം പുനരാരംഭിച്ചാൽ അമേരിക്കൻ ജനത വലിയ വിലയൊടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാൻ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ അംഗീകരിക്കുന്നതിനൊപ്പം, യുദ്ധം തുടരുന്നത് മൂലം അമേരിക്കൻ ജനതയ്ക്കും അന്താരാഷ്ട്ര സമൂഹത്തിനും ഉണ്ടാകുന്ന കൂടുതൽ നഷ്ടങ്ങളും സാമ്പത്തിക ബാധ്യതകളും ഒഴിവാക്കാൻ ട്രംപ് ശ്രദ്ധിക്കണമെന്നും റിസ തലാഈ നിക് ഓർമ്മിപ്പിച്ചു. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ ഇറാൻ മുന്നോട്ട് വെച്ച 14 നിർദ്ദേശങ്ങൾ അടങ്ങിയ കരാർ പാകിസ്ഥാൻ മധ്യസ്ഥർ വഴി ട്രംപ് ഭരണകൂടത്തിന് കൈമാറിയ പശ്ചാത്തലത്തിലാണ് ഇറാൻ്റെ ഈ ശക്തമായ പ്രതികരണം.

അതേസമയം ഇറാൻ യുഎസ് യുദ്ധം അവസാനിപ്പിക്കാനായുള്ള മധ്യസ്ഥ നീക്കം ഇപ്പോഴും സജീവമായി തുടരുന്നുണ്ട്. പാകിസ്താൻ പട്ടാള മേധാവി അസിം മുനീർ, ഇറാനിലെത്തി ഉന്നതനേതാക്കളുമായി സംസാരിച്ചു. ഖത്തറിൽ നിന്നുള്ള ഒരു പ്രതിനിധി സംഘവും ഇറാനിലെത്തിയിട്ടുണ്ട്. യുദ്ധ വിരാമം, ഉപരോധം പിൻവലിക്കുക, ഹോർമുസിന്റെ സുരക്ഷ ഉറപ്പാക്കുക എന്നീ കാര്യങ്ങളിലാണ് ഇറാൻ നിർബന്ധം പിടിക്കുന്നത്. പക്ഷേ ഇറാന്റെ നിബന്ധനകളിൽ ട്രംപ് ഒട്ടും തൃപ്തനല്ല. ഇറാൻ കൈമാറിയ നിർദേശങ്ങൾ ഒരു കരാറിലേക്ക് വരാനുള്ള സാധ്യതയില്ലെന്നും ട്രംപ് കരുതുന്നു.

TAGS :

Next Story