ഗസ്സ വെടിനിർത്തലിന്‍റെ രണ്ടാംഘട്ടം വൈകില്ലെന്ന് അമേരിക്ക; പുനർനിർമാണം ഉടൻ നടക്കുമെന്ന് ട്രംപ്
ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിന്‍റെ കടുത്ത നിലപാടുകൾക്കിടയിലും ഗസ്സ വെടിനിർത്തൽ രണ്ടാം ഘട്ടവുമായി മുന്നോട്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് ട്രംപ്

തെൽ അവിവ്: ഗസ്സ വെടിനിർത്തൽ രണ്ടാംഘട്ടം വൈകില്ലെന്ന സൂചനയുമായി അമേരിക്ക. ഗസ്സയുടെ പുനർനിർമാണം ഉടൻ നടക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.
ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിന്‍റെ കടുത്ത നിലപാടുകൾക്കിടയിലും ഗസ്സ വെടിനിർത്തൽ രണ്ടാം ഘട്ടവുമായി മുന്നോട്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് ട്രംപ്. അമേരിക്കയിലെ ഫ്ലോറിഡയിൽ ഇന്ന് വെളുപ്പിന് നടന്ന ചർച്ചയിൽ തന്‍റെ ഇരുപതിന ഗസ്സ സമാധാന പദ്ധതിയുടെ തുടർച്ചക്ക് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിന്‍റെ പിന്തുണ തേടി. അവശേഷിച്ച ഒരു ബന്ദിയുടെ മൃതദേഹ കൈമാറ്റവും ഹമാസിന്‍റെ നിരായുധീകരണത്തിനുള്ള വ്യക്തമായ പദ്ധതിയും ഇല്ലാതെ രണ്ടാം ഘട്ടത്തലേക്ക് എടുത്തു ചാടരുതെന്ന് നെതന്യാഹു കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യുഎസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ്,ട്രംപിന്‍റെ ഉപദേശകനും മരുമകനുമായ ജറാദ് കുഷ്നർ എന്നിവരും ട്രംപിനൊപ്പം നെതന്യാഹുവുമായുള്ള ചർച്ചയിൽ സംബന്ധിച്ചു.
അടുത്ത മാസം തന്നെ രണ്ടാംഘട്ട വെടിനിർത്തൽ നടപ്പിൽ വരണം എന്നാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഗസ്സയിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന ഇസ്രായേൽ നിലപാടും ചർച്ചയിൽ ഇടംപിടിച്ചതായി യുഎസ് മാധ്യമങ്ങൾ റപ്പോർട്ട് ചെയ്തു. ഇടക്കാല സർക്കാർ, അന്താരാഷ്ട്ര സേനാവിന്യാസം, ഹമാസിന്‍റെ നിരായുധീകരണം, വിലക്കുകളില്ലാതെ ഗസ്സയിലേക്ക് സഹായം ഉറപ്പാക്കൽ എന്നീ വിഷയങ്ങളും ചർച്ചയായി. ഗസ്സയുടെ പുനർ നിർമാണം സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉടൻ ഉണ്ടാകും എന്നായിരുന്നു ട്രംപിന്‍റെ മറുപടി. കൂടിക്കാഴ്ചക്ക് മുമ്പ് ട്രംപും നെതന്യാഹുവും പരസ്പരം പുകഴ്ത്തി സംസാരിക്കാനും മറന്നില്ല.
അതിനിടെ, സായുധ വിഭാഗം വക്താവ് അബൂ ഉബൈദ, ഗസ്സയിലെ നേതാവായിരുന്ന മുഹമ്മദ് സിൻവാർ എന്നിവർ ഈ വർഷം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. ഹമാസ് മിലിട്ടറി വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് ആണ് വിഡിയോ പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. പുതിയ വക്താവിനെ നിയമിച്ചതായും ഹമാസ് വ്യക്തമാക്കി. ഇസ്രായേലിന്‍റെ നേതൃത്വത്തിൽ നടന്ന ഗസ്സ നരനായാട്ടിൽ ഹമാസിന്‍റെ മാധ്യമ നയം ആവിഷ്‍കരിച്ച വ്യക്തികൂടിയാണ് അബു ഉബൈദ.
ആഗസ്റ്റ് 31ന് ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. അബു ഉബൈദയുടെ ശരിയായ പേര് ഹുദൈഫ സാമിർ അബ്ദുല്ല അൽ കഹ്‍ലൂത് എന്നാണ്. യഥാർഥ പേരുവിവരവും ചിത്രവും ഇപ്പോഴാണ് സംഘടന പുറത്തുവിടുന്നത്. ഹമാസിന്‍റെ റഫ മേധാവിയായിരുന്ന മുഹമ്മദ് ശബാന ഉൾപ്പെടെ മറ്റു രണ്ടു മുതിർന്ന നേതാക്കളുടെ മരണവും ഖസ്സാം ബ്രിഗേഡ്സ് സ്ഥിരീകരിച്ചു.
Adjust Story Font
16

