ട്രംപ്, നിങ്ങളിത് കാണുന്നുണ്ടെന്ന് അറിയാം, നാല് വാക്കുകൾ പറയട്ടെ, 'നിങ്ങൾ ശബ്ദം കൂട്ടിവെക്കുക': സൊഹ്‌റാൻ മംദാനി
സൊഹ്‌റാന്‍ മംദാനി മേയറായാൽ ന്യൂയോര്‍ക്കിനുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു

സൊഹ്‌റാൻ മംദാനി Photo-AP
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ട്രംപിനെ ലക്ഷ്യമിട്ട് സൊഹാറാന്‍ മംദാനി. ഭയപ്പെടുത്തി കീഴ്പ്പെടുത്താനാവില്ലെന്നും ഭാവി നമ്മുടെ കയ്യിലാണെന്നും അനുയായികളെ അഭിസംബോധന ചെയ്ത് സൊഹ്റാന്‍ മംദാനി പറഞ്ഞു. വിജയിച്ചാൽ ന്യൂയോര്‍ക്കിനുള്ള ഫെഡറൽ ഫണ്ടിംഗ് തടയുമെന്ന് വരെ ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
ഇതിന്റെ പശ്ചാതലത്തിലാണ് വിജയത്തില്‍ നന്ദി പ്രകടിപ്പിച്ചുള്ള പ്രസംഗത്തിൽ ശക്തമായ മുന്നറിയിപ്പും ഓർമ്മപ്പെടുത്തലും നല്‍കി മംദാനി രംഗത്ത് എത്തിയത്.
' ഡൊണാൾഡ് ട്രംപ്, നിങ്ങളിത് കാണുന്നുണ്ടെന്ന് എനിക്കറിയാം, അതിനാൽ എനിക്ക് നിങ്ങളോട് നാല് വാക്കുകൾ പറയാനുണ്ട്: ശബ്ദം കൂട്ടി വെക്കൂ'(Turn the volume up)- നിറഞ്ഞ കയ്യടികള്‍ക്കിടെ മംദാനി പറഞ്ഞു.
ട്രംപിനെ വളര്‍ത്തിയ നഗരം അദ്ദേഹത്തെ എങ്ങനെ തോല്‍പ്പിക്കുമെന്ന് രാജ്യത്തെ കാണിച്ചുവെന്ന് മംദാനി പരിഹസിച്ചു. 'ട്രംപിനെ പോലുള്ള ശതകോടീശ്വരന്‍മാര്‍ക്ക് നികുതി ഒഴിവാക്കാനും നികുതി ഇളവുകള്‍ ചൂഷണം ചെയ്യാനും അനുവദിക്കുന്ന അഴിമതി സംസ്‌കാരം അവസാനിപ്പിക്കും. യൂണിയനുകളുടെ ഒപ്പം ഞങ്ങള്‍ നില്‍ക്കും. തൊഴില്‍ സംരക്ഷണം വികസിപ്പിക്കും', മംദാനി പറഞ്ഞു.
''ന്യൂയോർക്ക് കുടിയേറ്റക്കാരുടെ നഗരമായി തന്നെ തുടരും, കുടിയേറ്റക്കാർ നിർമ്മിച്ചതും കുടിയേറ്റക്കാരാല്‍ ശക്തിപ്പെടുത്തുന്നതുമായി നഗരം ഇന്ന് രാത്രി മുതൽ ഒരു കുടിയേറ്റക്കാരൻ നയിക്കുകയാണ്- അദ്ദേഹം പറഞ്ഞു.
''നിങ്ങൾ ഒരു കുടിയേറ്റക്കാരനായാലും, ട്രാൻസ് കമ്മ്യൂണിറ്റിയിലെ അംഗമായാലും, ഡൊണാൾഡ് ട്രംപ് ഫെഡറൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ട നിരവധി കറുത്ത സ്ത്രീകളിൽ ഒരാളായാലും, പലചരക്ക് സാധനങ്ങളുടെ വില കുറയാൻ കാത്തിരിക്കുന്ന ഒരു സിംഗിൾ അമ്മയായാലും, അല്ലെങ്കിൽ മതിലിന് നേരെ പുറംതിരിഞ്ഞു നിൽക്കുന്ന മറ്റാരെങ്കിലുമായാലും, നിങ്ങളുടെ പോരാട്ടം ഞങ്ങളുടേതാണ്''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''എല്ലാ ദിവസവും രാവിലെ ഞാൻ ഉണരുന്നത് ഒരു പ്രത്യേക ലക്ഷ്യത്തോടെയാണ്, ഈ നഗരത്തെ തലേദിവസത്തേക്കാൾ നിങ്ങൾക്ക് മികച്ചതാക്കുക''- നിറഞ്ഞ കയ്യടികള്‍ക്കിടെ അദ്ദേഹം പറഞ്ഞു.
ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ആദ്യത്തെ മുസ് ലിം, ഏറ്റവും പ്രായംകുറഞ്ഞ(34) മേയാറായും മംദാനി മാറിയിരുന്നു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച മുൻ ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ആൻഡ്രു കുമോയെ ആണ് മംദാനി പരാജയപ്പെടുത്തിയത്. ഇന്ത്യൻ വംശജയായ പ്രമുഖ സിനിമ സംവിധായക മീര നായരുടെയും യുഗാണ്ടൻ എഴുത്തുകാരൻ മഹമൂദ് മംദാനിയുടെയും മകനാണ് മംദാനി.
Adjust Story Font
16

