Quantcast

'ചെറിയ സഹായമൊക്കെ ചെയ്യാം'; മംദാനിയുടെ വിജയത്തിന് പിന്നാലെ ട്രംപിന്റെ യൂടേൺ

മംദാനി വിജയിച്ചാൽ ന്യൂയോര്‍ക്കിനുള്ള ഫെഡറൽ ഫണ്ട് നിയന്ത്രിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു

MediaOne Logo

Web Desk

  • Published:

    6 Nov 2025 9:39 PM IST

ചെറിയ സഹായമൊക്കെ ചെയ്യാം; മംദാനിയുടെ വിജയത്തിന് പിന്നാലെ ട്രംപിന്റെ യൂടേൺ
X

വാഷിങ്ടൺ: സൊഹ്‌റാൻ മംദാനിയുടെ വിജയത്തിന് പിന്നാലെ യൂടേണുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മംദാനി മേയറായെങ്കിലും ന്യൂയോർക്കിന് ചെറിയ സഹായമെല്ലാം നൽകുമെന്ന് ട്രംപ് പറഞ്ഞു. മേയർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി മംദാനി വിജയിച്ചാൽ ന്യൂയോര്‍ക്കിനുള്ള ഫെഡറൽ ഫണ്ട് നിയന്ത്രിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.

കമ്യൂണിസ്റ്റ്, മാർക്സിസ്റ്റ് സോഷ്യലിസ്റ്റുകൾ, ആഗോളവാദികൾ എന്നിവർക്ക് അവസരം ലഭിച്ചു. അവർ ദുരന്തമല്ലാതെ മറ്റൊന്നും നൽകില്ല. ഇനി ന്യൂയോർക്കിൽ ഒരു കമ്യൂണിസ്റ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കാമെന്നായിരുന്നു മംദാനിയുടെ വിജയശേഷം ട്രംപിന്‍റെ ആദ്യ പ്രതികരണം. ന്യൂയോർക്ക് വിജയിക്കണമെന്ന് ആഗ്രഹിക്കുന്നതിനാല്‍ അവരെ കുറച്ച് സഹായിക്കാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

മംദാനി വിജയിച്ചാൽ സമ്പൂർണവും സമഗ്രവും സാമ്പത്തികവും സാമൂഹികവുമായ ദുരന്തമായിരിക്കും എന്നായിരുന്നു കഴിഞ്ഞ ആഴ്‌ച ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് പറഞ്ഞത്. ആയിരം വര്‍ഷത്തിലേറെയായി പരീക്ഷിക്കപ്പെട്ട അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ ഒരിക്കല്‍പ്പോലും വിജയിക്കാത്തതാണെന്ന് വിമര്‍ശിച്ച ട്രംപ് അനുഭവപരിചയമില്ലാത്ത ഒരു കമ്യൂണിസ്റ്റുകാരനേക്കാള്‍ വിജയത്തിന്‍റെ റെക്കോര്‍ഡുള്ള ഡെമോക്രാറ്റിനെയാണ് താന്‍ പിന്തുണക്കുന്നതെന്നും അവകാശപ്പെട്ടിരുന്നു.

അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്രപരമായ മുന്നേറ്റം സൃഷ്ടിച്ചാണ് ന്യൂയോർക്ക് സിറ്റി മേയറായി സൊഹ്‌റാൻ മംദാനി തെരഞ്ഞെടുക്കപ്പെട്ടത്. ട്രംപിനും ഇസ്ലാമോഫോബിയക്കും ഏറ്റ കനത്ത തിരിച്ചടി കൂടിയാണ് ഇന്ത്യന്‍ വംശജന്‍ കൂടിയായ മംദാനിയുടെ വിജയം. ന്യൂയോർക്കിന്റെ ചരിത്രത്തിൽ മേയറാകുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ മുസ്‌ലിമാണ് 34കാരനായ സൊഹ്‌റാൻ മംദാനി. ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറെന്ന പ്രത്യേകതയും മംദാനിക്കുണ്ട്. മുൻ ഗവർണർ ആൻഡ്രൂ ക്യൂമോ, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവ എന്നിവരെ പരാജയപ്പെടുത്തിയായിരുന്നു മംദാനിയുടെ അഭിമാനകരമായ നേട്ടം.

TAGS :

Next Story