Quantcast

വൈറ്റ് ഹൗസിലെ വിരുന്നിനിടെയുണ്ടായ വെടിവെപ്പ്: പ്രതിയുടെ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ട് ട്രംപ്

ഷർട്ട് ധരിക്കാതെ, കൈകൾ പുറകിൽ കെട്ടി നിലത്ത് മുഖമമർത്തി കിടക്കുന്ന നിലയിലുള്ള പ്രതിയുടെ രണ്ട് ചിത്രങ്ങളാണ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് പങ്കുവെച്ചത്.

MediaOne Logo
വൈറ്റ് ഹൗസിലെ വിരുന്നിനിടെയുണ്ടായ വെടിവെപ്പ്: പ്രതിയുടെ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ട് ട്രംപ്
X

ട്രംപ് പുറത്തുവിട്ട പ്രതിയുടെ ചിത്രം

വാഷിംഗ്ടൺ: വൈറ്റ്ഹൗസിലെ മാധ്യമപ്രവർത്തകർ ഒരുക്കിയ വിരുന്നിനിടെ തോക്കുകളും കത്തികളുമായി എത്തിയ ആളുടെ ചിത്രം പുറത്തുവിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഷർട്ട് ധരിക്കാതെ, കൈകൾ പുറകിൽ കെട്ടി നിലത്ത് മുഖമമർത്തി കിടക്കുന്ന നിലയിലുള്ള പ്രതിയുടെ രണ്ട് ചിത്രങ്ങളാണ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് പങ്കുവെച്ചത്.

ഒപ്പം സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടു. സുരക്ഷാ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സുരക്ഷാ ഉദ്യോഗസ്ഥർ തോക്കുകൾ ചൂണ്ടി നിൽക്കുന്നതും ഒരാൾ ബാരിക്കേഡുകൾ ഭേദിച്ച് ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പിടിയിലായ വ്യക്തി കാലിഫോർണിയ സ്വദേശിയായ കോൾ തോമസ് അലൻ (31) ആണെന്ന് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു. ഇയാൾ ഒരു 'ലോൺ വുൾഫ്' (ഒറ്റപ്പെട്ട ആക്രമണം നടത്തുന്നയാൾ) ആണെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് വെടിയേറ്റെങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ, ഇയാൾ നിരവധി ആയുധങ്ങളുമായാണ് എത്തിയതെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ ധീരമായ ഇടപെടൽ വലിയ അപകടം ഒഴിവാക്കിയെന്നും ട്രംപ് വ്യക്തമാക്കി. സംഭവത്തെത്തുടർന്ന് നിർത്തിവെച്ച വിരുന്ന് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. ശനിയാഴ്ച രാത്രി വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിലായിരുന്നു സംഭവം. വിരുന്നിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനാ കേന്ദ്രത്തിന് സമീപം ആയുധധാരിയായ ഒരാൾ അതിക്രമിച്ചു കയറാൻ ശ്രമിക്കുകയായിരുന്നു.

തോക്കുകളും കത്തികളുമായി എത്തിയ ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു. ട്രംപിനെയും മറ്റു ഉന്നതരേയും ഉടൻ തന്നെ സുരക്ഷിതമായി മാറ്റി. വെടിയുതിർത്തതായി സംശയിക്കുന്ന തോക്കുധാരി ശനിയാഴ്ച രാത്രി പരിപാടി നടന്ന വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിലെ അതിഥിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അതേസമയം സംഭവത്തിന് മുമ്പ് ഭീഷണിയെ കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ലെന്ന് ട്രംപ് അറിയിച്ചു. തനിക്ക് സുരക്ഷയെ കുറിച്ച് ആശങ്കകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story