വിവാദ എഡിറ്റിങ്: ബിബിസിയില്‍ നിന്നും അഞ്ച് ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് ട്രംപ്
വിവാദ എഡിറ്റിങ്ങിന് പിന്നാലെ ക്ഷമാപണവുമായി കഴിഞ്ഞ ദിവസം ബിബിസി ചെയര്‍മാന്‍ ട്രംപിന് കത്തയച്ചിരുന്നു

Photo: Special Arrangement
വാഷിങ്ടണ്‍: വീഡിയോ എഡിറ്റ് ചെയ്ത് തെറ്റായ പ്രചാരണം നടത്തിയതിന് ബിബിസിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബിബിസിയില്‍ നിന്നും ഒന്നു മുതല്‍ അഞ്ച് ബില്യണ്‍ ഡോളര്‍ വരെ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് ട്രംപ് വ്യക്തമാക്കി.
വിവാദ എഡിറ്റിങ്ങിന് പിന്നാലെ ക്ഷമാപണവുമായി കഴിഞ്ഞ ദിവസം ബിബിസി ചെയര്‍മാന്‍ ട്രംപിന് കത്തയക്കുകയും അപകീര്‍ത്തിക്കേസിലെ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. നഷ്ടപരിഹാരത്തുക നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുന്നതിനുള്ള അവസാന തീയതി കഴിഞ്ഞതിനാലാണ് നിയമനടപടിയുമായി മുന്നോട്ട് പോകുന്നതെന്നും ട്രംപ് അറിയിച്ചു.
തങ്ങളുടെ ഭാഗത്ത് നിന്നും സംഭവിച്ച അശ്രദ്ധയില്‍ ഖേദിക്കുന്നുവെന്നും വീഡിയോ മറ്റേതെങ്കിലും പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിപ്പിക്കുകയില്ലെന്നും ട്രംപിന് അയച്ച ക്ഷമാപണ കത്തില്‍ ബിബിസി ചെയര്‍മാന്‍ സമീര്‍ ഷാ പറഞ്ഞിരുന്നു. എന്നാല്‍ തന്റെ വീഡിയോയിലെ വിവിധ ഭാഗങ്ങള്‍ ചേര്‍ത്ത് ഒന്നാക്കി മാറ്റി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നാണ് ട്രംപിന്റെ പരാതി.
കഴിഞ്ഞ വര്‍ഷം സംപ്രേഷണം ചെയ്ത 'ട്രംപ്: എ സെക്കന്‍ഡ് ചാന്‍സ്' എന്ന ബിബിസി പനോരമ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയ ട്രംപിന്റെ പ്രസംഗത്തെച്ചൊല്ലിയാണ് ആക്ഷേപം ഉയര്‍ന്നത്. 2021 ജനുവരിയിലെ ക്യാപിറ്റല്‍ ഹില്‍ കലാപത്തെ പ്രോത്സാഹിപ്പിച്ചെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്തു എന്നായിരുന്നു ബിബിസിക്കെതിരെ ഉയര്‍ന്ന ആരോപണം. ട്രംപിന്റെ രണ്ടു വ്യത്യസ്ത പ്രസംഗങ്ങള്‍ എഡിറ്റ് ചെയ്ത് ഒന്നാക്കി മാറ്റുകയും ഇത് ഡോക്യുമെന്ററിയില്‍ ചേര്‍ത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് ആരോപണം.
Adjust Story Font
16

