Quantcast

ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ പരസ്പര താരിഫ് ഉടൻ: ട്രംപ്

‘അവർ എന്ത് ഈടാക്കിയാലും നമ്മൾ നീതി പുലർത്താൻ ആഗ്രഹിക്കുന്നു’

MediaOne Logo

Web Desk

  • Published:

    23 Feb 2025 9:03 AM IST

trump and modi meeting
X

വാഷിങ്ടൺ: ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് മേൽ അമേരിക്ക ഉടൻ തന്നെ പരസ്പര ഇറക്കുമതി തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെള്ളിയാഴ്ച വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക്കിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങൾ ഉടൻ തന്നെ പരസ്പര താരിഫുകൾ ഏർപ്പെടുത്തും. കാരണം അതിനർത്ഥം അവർ നമ്മളിൽ നിന്ന് ഈടാക്കുന്നു, നമ്മൾ അവരിൽനിന്ന് ഈടാക്കുന്നു എന്നാണ്. ഇത് വളരെ ലളിതമാണ്. ഏത് കമ്പനിയായാലും രാജ്യമായാലും, ഉദാഹരണത്തിന് ഇന്ത്യയായാലും ചൈനയായാലും അല്ലെങ്കിൽ അവയിലേതെങ്കിലും ആയാലും അവർ എന്ത് ഈടാക്കിയാലും നമ്മൾ നീതി പുലർത്താൻ ആഗ്രഹിക്കുന്നു. അവർ നമ്മളിൽനിന്ന് ഈടാക്കുന്നു, നമ്മൾ അവരിൽനിന്ന് ഈടാക്കുന്നു. ഞങ്ങൾ അത് ചെയ്തിട്ടില്ല, ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ഞങ്ങൾ അത് ചെയ്യാൻ തയ്യാറെടുക്കുകയാണ്’ -ട്രംപ് പറഞ്ഞു.

ട്രംപ് പരസ്പര താരിഫ് ഏർപ്പെടുത്താനുള്ള പദ്ധതി നടപ്പാക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ ബാധിക്കുന്ന ദക്ഷിണേഷ്യൻ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നുണ്ട്​. ട്രംപിന്‍റെ നയം പ്രാബല്യത്തിൽ വന്നാൽ ഇന്ത്യയ്ക്കു മേലുള്ള യുഎസ് താരിഫ് നിലവിലെ മൂന്ന്​ ശതമാനത്തിൽനിന്ന് 15 ശതമാനത്തിന് മുകളിലേക്ക് ഉയരുമെന്ന് മിത്സുബിഷി യുഎഫ്ജെ ഫിനാൻഷ്യൽ ഗ്രൂപ്പ് ഇൻ‌കോർപ്പറേറ്റഡിന്‍റെ വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ട്രംപ്​ ഭരണകൂടം പരസ്പര താരിഫ്​ എങ്ങനെയാണ്​ ഏർപ്പെടുത്തുക എന്നത്​ സംബന്ധിച്ച്​ കൂടുതൽ വ്യക്​തത വന്നിട്ടില്ല. ഇന്ത്യൻ കയറ്റുമതിയിൽ യുഎസ് 20 ശതമാനം തീരുവ ചുമത്തിയാൽ അത് മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ 50 അടിസ്ഥാന പോയിന്‍റുകളുടെ നഷ്ടത്തിന് കാരണമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ സൗമ്യ കാന്തി ഘോഷ് മുന്നറിയിപ്പ്​ നൽകുന്നു.

അതേസമയം, ഇന്ത്യ അന്യായമായ തീരുവകൾ ചുമത്തുന്നുവെന്ന വാദത്തെ ചെറുക്കാൻ ഉദ്യോഗസ്ഥരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ‘ഇന്ത്യയിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട 30 ഇറക്കുമതികൾക്ക് മൂന്ന്​ ശതമാനത്തിൽ താഴെയാണ് താരിഫ് നിരക്കുകൾ’ എന്നാണ്​ കഴിഞ്ഞദിവസം ധനകാര്യ സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ പറഞ്ഞത്. ഉയർന്ന തീരുവകൾ വളരെ കുറച്ച് ഉൽപ്പന്നങ്ങൾക്ക് മാത്രമാണ്. അമേരിക്കയുമായുള്ള ചർച്ചകളിലൂടെ ആ കാര്യങ്ങൾ പരിഹരിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story