യുഎസ്-ഇറാൻ യുദ്ധം അവസാനിക്കുന്നതായി ഡൊണാൾഡ് ട്രംപ്; പശ്ചിമേഷ്യയിൽ സമാധാനം പുലരുമോ?
സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും ഇസ്രായേലിന് 2.8 ബില്യൺ ഡോളർ മൂല്യം വരുന്ന ബോംബുകൾ കൈമാറാൻ അമേരിക്ക

വാഷിംഗ്‌ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിക്കുകയാണെന്നും ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ട് ചർച്ചകൾ നടത്തിയെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുഎസ് ഭരണകൂടം ഇറാനുമായി ഒരു കരാറിലെത്താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ, അമേരിക്കയുടെ ഭാഗത്തുനിന്ന് വിശ്വാസമാർജിക്കാനുള്ള പ്രായോഗിക നടപടികൾ ഉണ്ടാകണമെന്നാണ് ഇറാന്റെ ദേശീയ സുരക്ഷാ മേധാവി മുഹ്‌സിൻ റെസായി ഇതിനോട് പ്രതികരിച്ചത്. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് നയതന്ത്രതലത്തിലുള്ള ഈ പുതിയ നീക്കങ്ങൾ.
സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും ഇസ്രായേലിന് 2.8 ബില്യൺ ഡോളർ മൂല്യം വരുന്ന 40,000 ബോംബുകൾ കൈമാറാൻ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്. സമീപകാലത്തെ ഏറ്റവും വലിയ ആയുധക്കൈമാറ്റങ്ങളിലൊന്നാണിത്. ഒരു ടൺ വീതം ഭാരമുള്ള വമ്പൻ ബോംബുകളാണ് ഈ കരാറിലുള്ളത്.
ഗസ്സയിലും ലെബനാനിലും ഇസ്രായേൽ സമാനമായ ആയുധങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത് വലിയ അന്താരാഷ്ട്ര വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെ, ഈ വമ്പൻ ആയുധക്കൈമാറ്റം തടയുമെന്ന് ഒരു മുതിർന്ന ഡെമോക്രാറ്റിക് ജനപ്രതിനിധി വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിലിൽ ഹിസ്ബുല്ലയുമായി വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ദക്ഷിണ ലെബനാനിലെ നിരവധി നഗരങ്ങളിൽ ഇസ്രായേൽ സൈന്യം ആക്രമണം തുടരുകയാണ്.
ഇറാനും റഷ്യയ്ക്കുമെതിരെ സാമ്പത്തിക സമ്മർദ്ദം ശക്തമാക്കുന്നതിനായി അമേരിക്കൻ ജനപ്രതിനിധി സഭ പുതിയ ബിൽ പാസാക്കി. അന്തരിച്ച സെനറ്റർ ലിൻഡ്‌സെ ഗ്രഹാമിന്റെ പേരിലുള്ള 'ലിൻഡ്‌സെ ഒ. ഗ്രഹാം സാങ്ക്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026' എന്ന ബില്ലാണ് സഭ അംഗീകരിച്ചത്. 159നെതിരെ 262 വോട്ടുകൾക്കാണ് ജനപ്രതിനിധി സഭയിൽ ബിൽ പാസായത്. കഴിഞ്ഞ മാസം സെനറ്റിലും (86-11) ഈ ബിൽ പാസായിരുന്നു.
ഈ ബില്ല് പ്രധാനമായും റഷ്യയെ ലക്ഷ്യം വെച്ചുള്ളതാണെങ്കിലും, 2026ൽ അവസാനിക്കേണ്ടിയിരുന്ന 1996ലെ ഇറാൻ ഉപരോധ നിയമം അഞ്ച് വർഷത്തേക്ക് കൂടി നീട്ടാനും ഇതിൽ വ്യവസ്ഥയുണ്ട്. ഡെമോക്രാറ്റിക് പാർട്ടിയിലെ നിരവധി അംഗങ്ങൾ സ്വന്തം പാർട്ടിയുടെ നിലപാട് മറികടന്ന് റിപ്പബ്ലിക്കൻമാർക്കൊപ്പം ചേർന്ന് ബില്ലിനെ അനുകൂലിച്ചു. ഇനി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെക്കുന്നതോടെ ഇത് നിയമമായി മാറും.
യമനിലും, ഹൂതികളും സൗദി അറേബ്യയും തമ്മിലും പോരാട്ടം രൂക്ഷമാകുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിൽ നയതന്ത്രതലത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആഹ്വാനം ചെയ്തു. സംഘർഷം ലഘൂകരിക്കാൻ അടിയന്തര ഇടപെടലുകൾ ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, സൗദി അറേബ്യൻ സഖ്യകക്ഷികൾക്ക് തങ്ങളുടെ ഉപദേഷ്ടാക്കൾ പിന്തുണ നൽകുന്നതായി യുഎസ് സെൻട്രൽ കമാൻഡ് വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.
Adjust Story Font
16

