Quantcast

ഇസ്രായേലിനെതിരായ അന്വേഷണം: അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധമേർപ്പെടുത്തി ട്രംപ്‌

ബെന്യാമിൻ നെതന്യാഹുവിനും മുൻ പ്രതിരോധമന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിലൂടെ കോടതി അധികാര ദുർവിനിയോഗം നടത്തിയെന്നാണ് ട്രംപിന്റെ ഉത്തരവിൽ പറയുന്നത്.

MediaOne Logo

Web Desk

  • Published:

    7 Feb 2025 9:07 AM IST

ഇസ്രായേലിനെതിരായ അന്വേഷണം: അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധമേർപ്പെടുത്തി ട്രംപ്‌
X

വാഷിങ്ടൻ: അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക്(ഐസിസി) ഉപരോധം ഏർപ്പെടുത്തിക്കൊണ്ടുള്ള എക്സിക്യൂട്ടിവ് ഓര്‍ഡറില്‍ ഒപ്പുവെച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തങ്ങളുടെ അടുത്ത സഖ്യകക്ഷിയായ ഇസ്രയേലിനെതിരെ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ ഉത്തരവ്.

ഇതോടെ രാജ്യാന്തര കോടതിക്കുള്ള സാമ്പത്തിക സഹായം അമേരിക്ക അവസാനിപ്പിക്കും. രാജ്യാന്തര കോടതിയിലെ ഉദ്യോഗസ്ഥർക്ക് യുഎസിലും സഖ്യകക്ഷി രാജ്യങ്ങളിലും വീസ നിയന്ത്രണവും ഏർപ്പെടുത്തും. അതേസമയം യുഎസോ ഇസ്രായേലോ ഐസിസിയിൽ അംഗമല്ല. നെതന്യാഹുവിന്റെ യുഎസ് സന്ദർശനത്തിനു പിന്നാലെയാണ് ട്രംപിന്റെ നടപടി. ചൊവാഴ്ച ട്രംപുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനും മുൻ പ്രതിരോധമന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിലൂടെ കോടതി അധികാര ദുർവിനിയോഗം നടത്തിയെന്നാണ് ട്രംപിന്റെ ഉത്തരവിൽ പറയുന്നത്. അമേരിക്കയെയും അടുത്ത സഖ്യകക്ഷിയായ ഇസ്രയേലിനെയും ലക്ഷ്യം വച്ചുള്ള നിയമവിരുദ്ധവും അടിസ്ഥാനരഹിതവുമായ നടപടികളിൽ കോടതി ഏർപ്പെട്ടിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.

2023 ഒക്ടോബറിലെ ഹമാസ് ആക്രമണത്തിനു പിന്നാലെയാണ് സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉൾപ്പെടെ പതിനായിരക്കണക്കിനു ഫലസ്തീനികളെ ഇസ്രായേൽ സൈനിക നീക്കത്തിലൂടെ കൊന്നൊടുക്കിയത്. ഇതോടെ ഗസ്സയിലെ യുദ്ധക്കുറ്റത്തിന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

TAGS :

Next Story