'ഗസ്സയിൽ അന്താരാഷ്ട്ര സൈന്യത്തെ വിന്യസിക്കും. ബന്ദികളുടെ മൃതദേഹം കൈമാറാൻ വിസമ്മതിച്ചാൽ നടപടിയുണ്ടാകും';ട്രംപ്
വെടിനിർത്തൽ ലംഘിച്ച് ഗസ്സയിലെ ദേർ അൽ ബലാഹിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇന്നലെയും 4 ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു

Photo: Special arrangement
ഗസ്സ സിറ്റി: സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഗസ്സയിൽ അന്താരാഷ്ട്ര സൈന്യത്തെ ഉടൻ വിന്യസിക്കുമെന്ന് യു.എസ് പ്രസിഡൻറ് ഡോണാൾഡ് ട്രംപ്. അവശേഷിക്കുന്ന ബന്ദികളുടെ മൃതദേഹങ്ങൾ ഒട്ടും വൈകാതെ കൈമാറണമെന്നും ഹമാസിനോട് ട്രംപ്. ഗസ്സയിൽ ഹമാസിൻറെ അറുപത് ശതമാനം തുരങ്കങ്ങൾ ഇപ്പോഴും ശക്തമെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രതികരിച്ചു. ഗസ്സയിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഗസ്സയിലെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര സേനാ വിന്യാസം ഉടൻ ഉണ്ടാകുമെന്നാണ് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ സേനയിൽ ഏതൊക്കെ രാജ്യങ്ങൾ പങ്കാളിത്തം വഹിക്കുമെന്ന് ട്രംപ് വെളിപ്പെടുത്തിയില്ല. ബന്ദികളുടെ അവശേഷിച്ച 13 മൃതദേഹങ്ങൾ ഉടൻ കൈമാറണമെന്നും അടുത്ത 48 മണിക്കൂർ ഇക്കാര്യം താൻ നിരീക്ഷിക്കുമെന്നും ട്രംപ് പറഞു. ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറാൻ വിസമ്മതിച്ചാൽ ഗസ്സയിൽ വിന്യസിക്കുന്ന അന്താരാഷ്ട്ര സേന അനിവാര്യമായ നടപടി സ്വീകരിക്കമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അതേസമയം, ഗസ്സയിലെ നുസൈറാത്തിൽ ഇന്നലെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിനിർത്തൽ ലംഘിച്ച് ഗസ്സയിലെ ദേർ അൽ ബലാഹിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലും 4 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗസ്സയിൽ ഒക്ടോബർ പത്തിന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇസ്രായേൽ ആക്രമണത്തിൽ 97 ഫലസ്തീനികളാണ് ഇതിനോടകം കൊല്ലപ്പെട്ടത്. വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്ക് നേരെ സൈനികരും ഇസ്രായേലി അനധികൃത കുടിയേറ്റക്കാരും അതിക്രമം തുടരുകയാണ്. ഗസ്സയിൽ വിദഗ്ധ ചികിത്സ ആവശ്യമുള്ള 15,000 പേരാണുള്ളത്.
ഹമാസിനെതിരെ സൈനിക നടപടി തുടരണമെന്ന് ഇസ്രായേലിലെ തീവ്ര വലതുപക്ഷ മന്ത്രി സ്മോട്രിക് ഇന്നലെ നിർദേശിച്ചിരുന്നു. ഫലസ്തീൻ അതോറിറ്റിയെ ഗസ്സ ഭരണത്തിൽ ഉൾപ്പെടുത്തരുത് എന്നതുൾപ്പടെ ഇസ്രയേൽ മന്നോട്ടുവെച്ച ആവശ്യങ്ങൾ അമേരിക്ക അംഗീകരിച്ചതായി റിപ്പോർട്ടുണ്ട്.
Adjust Story Font
16

