'ഒറ്റ വെടിക്ക് എല്ലാവരെയും തീർക്കാം'! ഖാംനഈയുടെ വിലാപയാത്രയ്ക്കിടെ ട്രംപിന്റെ ഭീഷണി; ചുട്ടമറുപടി നൽകി ഇറാൻ
ഖാംനഈയുടെ വിലാപയാത്രയിൽ പങ്കെടുക്കാൻ എത്തിയ വൻ ജനക്കൂട്ടത്തെ കണ്ട് താൻ അത്ഭുതപ്പെട്ടുവെന്നും ട്രംപ് പറഞ്ഞു

തെഹ്‌റാൻ: കഴിഞ്ഞ ഫെബ്രുവരിയിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ വിലാപയാത്രയ്ക്കിടെ ഇറാനെതിരെ വീണ്ടും കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖാംനഈയുടെ വിലാപയാത്രയിൽ പങ്കെടുക്കുന്ന എല്ലാ നേതാക്കളെയും ഒറ്റ വെടിക്ക് ഇല്ലാതാക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെന്നാണ് അമേരിക്കൻ മാധ്യമം 'ആക്‌സിയോസിന്' നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്. എന്നാൽ അമേരിക്കയുടെ ഈ പ്രസ്താവനയ്ക്ക് അക്കമിട്ട് ശക്തമായ ഭാഷയിൽ മറുപടി നൽകി ഇറാനും രംഗത്തെത്തിയിട്ടുണ്ട്.
ഖാംനഈയുടെ വിലാപയാത്രയിൽ പങ്കെടുക്കാൻ എത്തിയ വൻ ജനക്കൂട്ടത്തെ കണ്ട് താൻ അത്ഭുതപ്പെട്ടുവെന്നും, ഇറാനിലെ ജനങ്ങൾ ഖാംനഈയെ വെറുക്കുന്നു എന്നാണ് താൻ ഇതുവരെ കരുതിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 'അവരെല്ലാവരും അവിടെയുണ്ട്. ഒറ്റ വെടിക്ക് നമുക്ക് അവരെ മുഴുവൻ ഇല്ലാതാക്കാം, പക്ഷേ ഞങ്ങൾ അത് ചെയ്യില്ല. കാരണം അങ്ങനെ ചെയ്താൽ പിന്നീട് ചർച്ചകൾ നടത്താൻ അവിടെ ആരും അവശേഷിക്കില്ല,' ട്രംപ് വ്യക്തമാക്കി. അമേരിക്കയുമായി ഒരു കരാറിലെത്താൻ വേണ്ടി ഇറാൻ കേഴുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
വിലാപയാത്ര നടക്കുന്ന ഒരാഴ്ചത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായെന്നും ട്രംപ് അവകാശപ്പെട്ടു. 'ഞങ്ങൾ വെനസ്വേലയെ ഒറ്റ ദിവസം കൊണ്ട് പരാജയപ്പെടുത്തി, ഇറാനെയും ഞങ്ങൾ ശക്തമായി നേരിട്ടു. അവർ ഒരു ഒത്തുതീർപ്പിനായി വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. വിലാപയാത്ര നടക്കുന്നതുകൊണ്ട് മാത്രമാണ് ഒരാഴ്ചത്തെ സമയം അവർക്ക് നൽകിയത്. ഞങ്ങൾ നല്ലവരായത് കൊണ്ടാണ് ഇങ്ങനെ ചെയ്തത്,' ട്രംപ് കൂട്ടിച്ചേർത്തു. ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ 36 വർഷമായി ഇറാൻ ഭരിച്ചിരുന്ന അലി ഖാംനഈ കൊല്ലപ്പെട്ടത്.
ട്രംപിന്റെ ഈ പരിഹാസങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടിയുമായി ഇറാൻ രംഗത്തെത്തി. അമേരി ക്കയ്ക്ക് സംസ്കാരമോ ചരിത്രമോ ഇല്ലെന്ന് അർമേനിയയിലെ ഇറാൻ എംബസി തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പ്രതികരിച്ചു. 'ആളുകളെ കൊല്ലാൻ നിങ്ങൾക്ക് കഴിഞ്ഞേക്കാം, പക്ഷേ ആശയങ്ങളെ ഇല്ലാതാക്കാൻ കഴിയില്ല. നിങ്ങൾ ആയത്തുല്ല ഖാംനഈയെ കൊലപ്പെടുത്തി, എന്നാൽ യഥാർഥത്തിൽ നിങ്ങൾ ഒരു സുഗന്ധദ്രവ്യം നിറഞ്ഞ കുപ്പി പൊട്ടിക്കുകയാണ് ചെയ്തത്. ഇപ്പോൾ ആ സുഗന്ധം എല്ലായിടത്തേക്കും വ്യാപിച്ചു കഴിഞ്ഞു. നിങ്ങൾക്ക് ഈ കാര്യങ്ങളൊന്നും മനസിലാകില്ല, കാരണം നിങ്ങൾക്ക് ഒരു സംസ്കാരമോ ചരിത്രമോ അഭിമാനമോ ഇല്ല,' ഇറാൻ എംബസി വ്യക്തമാക്കി.
ജൂലൈ 4ന് ആരംഭിച്ച ഖാംനഈയുടെ വിലാപയാത്രയിൽ കോടിക്കണക്കിന് ആളുകളാണ് ഇതിനോടകം പങ്കെടുത്തത്. ജൂലൈ 9ന് മഷ്ഹദിലാണ് ഖബറടക്കം നിശ്ചയിച്ചിരിക്കുന്നത്. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഈ വിലാപയാത്രയ്ക്കിടയിൽ അമേരിക്കൻ പ്രസിഡന്റ് നടത്തിയ പരാമർശം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാക്കിയിരിക്കുകയാണ്.
Adjust Story Font
16

