'ന്യായമായ കരാറില്ലെങ്കിൽ 155% താരിഫ്': ചൈനക്കെതിരെ വീണ്ടും 'താരിഫ് ആയുധം' പുറത്തെടുത്ത് യുഎസ്
ചൈനയ്ക്കുമേൽ നിലവില്‍ ചുമത്തുന്ന 55 ശതമാനം താരിഫ് എന്നത് നവംബർ 1 മുതൽ 155 ശതമാനം ആയി ഉയർത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.

ഡോണള്‍ഡ് ട്രംപ് Photo-AP
വാഷിങ്ടൻ: ചൈനക്കെതിരെ വീണ്ടും തീരുവ ഭീഷണിയുമായി യുഎസ്. ന്യായമായ വ്യാപാര കരാറിൽ ഒപ്പുവച്ചില്ലെങ്കിൽ ചൈനയ്ക്ക് മേൽ 155 ശതമാനം തീരുവ ചുമത്തുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുന്നത്.
വൈറ്റ് ഹൗസിൽ വച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി നിർണായക ധാതു കരാറിൽ ഒപ്പുവച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ചൈനയ്ക്കുമേൽ നിലവില്‍ ചുമത്തുന്ന 55 ശതമാനം താരിഫ് എന്നത് നവംബർ 1 മുതൽ 155 ശതമാനം ആയി ഉയർത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.
‘‘ചൈന നമ്മളോട് വളരെ ബഹുമാനം കാണിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. താരിഫുകളുടെ രൂപത്തിൽ അവർ ഞങ്ങൾക്ക് വലിയ ബാധ്യതയാണ് നൽകുന്നത്. നിങ്ങൾക്കറിയാവുന്നതുപോലെ, അവർ 55% ശതമാനം താരിഫ് ആണ് യുഎസ് ഉൽപ്പന്നങ്ങൾക്ക് ചുമത്തുന്നത്. അത് വളരെ വലിയ പണമാണ്. യുഎസുമായി ന്യായമായ വ്യാപാരകരാറിൽ ഏർപ്പെട്ടില്ലെങ്കിൽ ചൈന നൽകുന്ന 55% താരിഫ്, നവംബർ 1 മുതൽ 155% ആയി ഉയരും’’ – ട്രംപ് പറഞ്ഞു.
മുമ്പ് നിരവധി രാജ്യങ്ങൾ യുഎസിനെ മുതലെടുത്തിരുന്നുവെങ്കില്‍ ഒരു കരാറിലൂടെ ഇപ്പോള്‍ അതെല്ലാം അവസാനിപ്പിക്കാനായെന്നും ട്രംപ് വ്യക്തമാക്കി.
നേരത്തെ, ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഏർപ്പെടുത്തിയ അധിക താരിഫ് കുറയ്ക്കാന്‍ തയ്യാറാണെന്ന് ട്രംപ് സൂചന നല്‍കിയിരുന്നു. എന്നാല്‍ താരിഫ് കുറയ്ക്കുന്നതില്‍ ചൈനയുടെ ഭാഗത്ത് നിന്നും പ്രത്യുപകാരം വേണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം ട്രംപിന്റെ പ്രസ്താവന വന്നതിന് പിന്നാലെ ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) സ്ഥിരം പ്രതിനിധി സ്ഥാനത്ത് നിന്ന് ലി ചെങ്‌ഗാങ്ങിനെ ചൈന വലിച്ചതായി വാര്‍ത്തകളുണ്ട്. ട്രംപിന്റെ ഭീഷണിക്കുള്ള മറുപടിയാണോ ഇതെന്ന് വ്യക്തമല്ല. വ്യാപാര ചര്‍ച്ചകളൊക്കെ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പുരോഗമിക്കാറ്.
Adjust Story Font
16

