യുക്രൈൻ യുദ്ധം 50 ദിവസത്തിനകം അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത തീരുവകൾ ചുമത്തും; റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്
നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടേയുമായുള്ള ഓവൽ ഓഫീസ് കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്

വാഷിംഗ്ടൺ: 50 ദിവസത്തിനുള്ളിൽ യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ ഒരു കരാറിൽ എത്തിയില്ലെങ്കിൽ റഷ്യക്ക് മേൽ കനത്ത തീരുവകൾ ചുമത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടേയുമായുള്ള ഓവൽ ഓഫീസ് കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
യുക്രൈനുമായി കരാര്‍ വൈകിക്കുന്നതില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനോടുള്ള തന്‍റെ നിരാശയും യുഎസ് പ്രസിഡന്‍റ് പ്രകടിപ്പിച്ചു. മോസ്‌കോയോട് അദ്ദേഹം 'വളരെ വളരെ അസന്തുഷ്ടനാണ്' എന്നും നാറ്റോ വഴി യുക്രെയ്നിന് 'ഏറ്റവും ഉയര്‍ന്ന' ആയുധങ്ങള്‍ എത്തിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. 'യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ 50 ദിവസത്തിനുള്ളില്‍ ധാരണയിലെത്തുന്നില്ലെങ്കില്‍ റഷ്യയ്ക്കുമേല്‍ കനത്ത തീരുവകള്‍ ചുമത്തും. ഞാന്‍ പല കാര്യങ്ങള്‍ക്കും വ്യാപാരം ഉപയോഗിക്കുന്നു. എന്നാല്‍ യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ അത് വളരെ നല്ലതാണ്.' ട്രംപ് പറഞ്ഞു.
എന്നാല്‍ തീരുവ ചുമത്തുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ട്രംപ് തയ്യാറായില്ല. ആഗോള സമ്പദ്‌വ്യവസ്ഥയിൽ മോസ്കോയെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിൽ റഷ്യയുടെ വ്യാപാര പങ്കാളികളെയാണ് ട്രംപ് ലക്ഷ്യമിടുന്നതെന്നാണ് വിവരം. "ഞാൻ പല കാര്യങ്ങൾക്കും വ്യാപാരം ഉപയോഗിക്കുന്നു. പക്ഷേ യുദ്ധങ്ങൾ പരിഹരിക്കുന്നതിന് ഇത് വളരെ നല്ലതാണ്." ട്രംപ് വ്യക്തമാക്കി.
റഷ്യയും യുക്രൈനുമായുള്ള യുദ്ധത്തിന് തങ്ങള്‍ ഏകദേശം 350 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചുവെന്നും അത് അവസാനിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നതായും പറഞ്ഞ ട്രംപ് ഇത് തന്‍റെ യുദ്ധമല്ലെന്നും ബൈഡന്‍റെ യുദ്ധമായിരുന്നുവെന്നും പറഞ്ഞു. രണ്ട് മാസം മുമ്പ് ഒരു കരാറുണ്ടാകുമെന്ന് കരുതിയെങ്കിലും അത് അവിടെ എത്തുന്നില്ലെന്നും അതിനാല്‍ ഇതിന്‍റെ അടിസ്ഥാനത്തില്‍ 50 ദിവസത്തിനുള്ളില്‍ കരാറില്‍ എത്തിയില്ലെങ്കില്‍ ദ്വിതീയ താരിഫുകള്‍ നടപ്പിലാക്കാന്‍ പോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
യൂറോപ്യൻ സഖ്യകക്ഷികൾ സൈനിക ഉപകരണങ്ങൾ വാങ്ങി യുക്രൈനിലേക്ക് മാറ്റാൻ പദ്ധതിയിടുന്നു. ബില്യൺ കണക്കിന് ഡോളറിന്‍റെ ഇടപാടുകൾ ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു. ജർമനി, ഫിൻലാൻഡ്, കാനഡ, നോർവെ, സ്വീഡൻ, യുണൈറ്റഡ് കിംഗ്ഡം, ഡെൻമാർക്ക് എന്നീ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നുവെന്ന് റൂട്ടെ വ്യക്തമാക്കി.
പുടിനുമായുള്ള സൗഹൃദത്തെക്കുറിച്ച് ട്രംപ് എപ്പോഴും വീമ്പിളക്കാറുണ്ടായിരുന്നു. ജനുവരിയിൽ അധികാരമേറ്റതിനുശേഷം സമാധാന കരാറിലെത്താൻ യുക്രൈനിനെക്കാൾ റഷ്യയാണ് കൂടുതൽ സന്നദ്ധമെന്ന് അദ്ദേഹം ആവർത്തിച്ച് പറഞ്ഞിരുന്നു. അതേസമയം, യുക്രേനിയൻ പ്രസിഡന്‍റ് വോളോദിമിര്‍ സെലെൻസ്‌കി യുദ്ധം നീട്ടിക്കൊണ്ടുപോകുകയാണെന്ന് ആരോപിച്ച ട്രംപ് അദ്ദേഹത്തെ 'തെരഞ്ഞെടുപ്പുകളില്ലാത്ത സ്വേച്ഛാധിപതി' എന്ന് വിശേഷിപ്പിച്ചു.
Adjust Story Font
16

