ആണവ വിഷയത്തിൽ വിട്ടുവീഴ്ചയില്ല; ഇറാൻ്റെ പുതിയ നിർദ്ദേശത്തിൽ ട്രംപിന് അതൃപ്തി
യുദ്ധം തീരുന്നത് വരെ ആണവ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾ മാറ്റിവെക്കാനാണ് ഇറാൻ ആഗ്രഹിക്കുന്നത്.

- Published:
28 April 2026 11:25 AM IST

വാഷിംഗ്ടൺ: ഇറാൻ മുന്നോട്ടുവെച്ച പുതിയ സമാധാന നിർദേശങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലെ യുദ്ധം അവസാനിച്ചതിന് ശേഷം മാത്രം ആണവ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാമെന്ന ഇറാന്റെ നിലപാടാണ് ട്രംപിനെ ചൊടിപ്പിച്ചത്. ആണവ പ്രശ്നം ചർച്ചകളുടെ തുടക്കത്തിൽ തന്നെ പരിഹരിക്കണമെന്നാണ് അമേരിക്കയുടെ നിലപാട്. റോയിട്ടേഴ്സ് വാർത്താ ഏജൻസിയും പ്രമുഖ യുഎസ് മാധ്യമങ്ങളുമാണ് ഈ വാർത്ത പുറത്തുവിട്ടത്. ട്രംപും ഉപദേശകരും തമ്മിൽ നടന്ന കൂടിക്കാഴ്ചയെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ.
യുദ്ധം തീരുന്നത് വരെ ആണവ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾ മാറ്റിവെക്കാനാണ് ഇറാൻ ആഗ്രഹിക്കുന്നത്. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്ന് ട്രംപ് വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനിയൻ തുറമുഖങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം നീക്കണമെങ്കിൽ ആണവ വിഷയത്തിൽ വ്യക്തമായ പരിഹാരം വേണമെന്ന് യുഎസ് ആവശ്യപ്പെടുന്നു. ആണവ ചർച്ചകൾ മാറ്റിവെച്ച് ഉപരോധം നീക്കുന്നത് അമേരിക്കയുടെ പക്കലുള്ള പ്രധാന വിലപേശൽ ശേഷി നഷ്ടപ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ കരുതുന്നു.
ഇറാന്റെ നിർദ്ദേശത്തിൽ ട്രംപ് തൃപ്തനല്ലെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ സാഹചര്യത്തിൽ ഈ നിർദ്ദേശം ട്രംപ് സ്വീകരിക്കാൻ സാധ്യതയില്ലെന്ന് സിഎൻഎനും റിപ്പോര്‍ട്ട് ചെയ്യുന്നു. ആണവ സമ്പുഷ്ടീകരണം പൂർണ്ണമായും നിർത്തിവെക്കണമെന്ന അമേരിക്കയുടെ മുൻ നിലപാടിൽ മാറ്റമില്ലെന്നാണ് ഈ നീക്കങ്ങൾ സൂചിപ്പിക്കുന്നത്. മേഖലയിലെ സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങൾ ഇതോടെ വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
അതേസമയം യുദ്ധം ആഗോളതലത്തിൽ ഇലക്ട്രോണിക്സ് വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. സ്മാർട്ട്ഫോണുകൾ മുതൽ കമ്പ്യൂട്ടറുകൾ വരെയുള്ള മിക്കവാറും എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിലും ഉപയോഗിക്കുന്ന പ്രിന്റഡ് സർക്യൂട്ട് ബോർഡുകളുടെ (പിസിബി) വില കുതിച്ചുയരുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. യുദ്ധം മൂലം വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണം.
Adjust Story Font
16
