‘ശനിയാഴ്ചക്കകം മുഴുവൻ ബന്ദികളെയും വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ കരാർ റദ്ദാക്കണം’; ഭീഷണിയുമായി ട്രംപ്
‘ഫലസ്തീനികളെ ഗസ്സയിൽനിന്ന് മാറ്റിപ്പാർപ്പിക്കുന്നത് അംഗീകരിക്കുന്നില്ലെങ്കിൽ ജോർദാനും ഈജിപ്തിനുമുള്ള സഹായം റദ്ദാക്കുന്ന കാര്യം പരിഗണിക്കും’

വാഷിങ്ടൺ: ശനിയാഴ്ച ഉച്ചയോടെ ഗസ്സയിലുള്ള എല്ലാ ബന്ദികളെയും വിട്ടയച്ചില്ലെങ്കിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ റദ്ദാക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ‘എന്നെ സംബന്ധിച്ചിടത്തോളം ശനിയാഴ്ച 12 മണിക്ക് എല്ലാ ബന്ദികളെയും തിരിച്ചയച്ചില്ലെങ്കിൽ, ഇത് ഉചിതമായ സമയമാണെന്ന് ഞാൻ കരുതുന്നു, കരാറുകൾ റദ്ദാക്കുകയും നരകത്തെ തകർക്കാൻ അനുവദിക്കുകയും ചെയ്യും. ശനിയാഴ്ച 12 മണിക്കകം അവരെ തിരിച്ചയക്കണമെന്ന് ഞാൻ പറയുകയാണ്’ -ട്രംപ് തിങ്കളാഴ്ച ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘ഒന്നും രണ്ടും മൂന്നും നാലും പേരായിട്ടില്ല, എല്ലാവരെയും ശനിയാഴ്ച 12 മണിക്ക് മുമ്പായി തിരിച്ചയക്കണം. അതിനുശേഷം എല്ലാ നരകവും പൊട്ടിപ്പുറപ്പെടാൻ പോവുകയാണ്’ -ട്രംപ് പറഞ്ഞു. ബന്ദികളാക്കിയവരിൽ ഭൂരിഭാഗവും മരിച്ചതായി താൻ കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് ദിവസമായി താൻ കണ്ടതിന്‍റെ അടിസ്ഥാനത്തിൽ അവർ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടാകില്ല. അവർ അധികനാൾ ഉണ്ടാകില്ല. ശനിയാഴ്ച 12 മണിക്ക്, അതിനുശേഷം ഇത് വ്യത്യസ്തമായ ഒരു ഗെയിമായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ശനിയാഴ്ചത്തെ സമയപരിധിക്ക് ശേഷമുണ്ടാകുന്ന നടപടിയിൽ അമേരിക്കയുടെ പങ്കാളിത്തമുണ്ടാകുമോ എന്ന ചോദ്യത്തിന് ‘എന്താണ് സംഭവിക്കുന്നതെന്ന് നമ്മളെല്ലാവരും കാണും’ എന്നായിരുന്നു ട്രംപിന്‍റെ മറുപടി. ഫലസ്തീനികളെ ഗസ്സയിൽനിന്ന് മാറ്റിപ്പാർപ്പിക്കുന്നത് അംഗീകരിക്കുന്നില്ലെങ്കിൽ ജോർദാനും ഈജിപ്തിനുമുള്ള സഹായം റദ്ദാക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച വാഷിങ്ടൺ ഡിസിയിൽ ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി ട്രംപ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനിടയിലാണ് ട്രംപിന്‍റെ പ്രസ്താവന വരുന്നത്.
അതേസമയം, വെടിനിർത്തൽ കരാർലംഘനം ഇസ്രായേൽ തുടരുന്ന സാഹചര്യത്തിൽ ശനിയാഴ്ച നടക്കേണ്ട ബന്ദിമോചനം നിർത്തിവച്ചതായി ഹമാസ് അറിയിച്ചിട്ടുണ്ട്. ആദ്യഘട്ട വെടിനിർത്തലിന്‍റെ ഭാഗമായി അഞ്ചാം ബന്ദി കൈമാറ്റവും തടവുകാരുടെ മോചനവും നടന്നെങ്കിലും ഇരുപക്ഷവും രൂപപ്പെടുത്തിയ വ്യവസ്ഥകൾ നഗ്നമായി ലംഘിക്കാനാണ് ഇസ്രായേൽ നീക്കമെന്ന് ഹമാസ് കുറ്റപ്പെടുത്തി.
തടവുകാരുടെ കൈമാറ്റം വൈകിപ്പിക്കുക, ഗസ്സയിലെ ആശുപത്രികൾക്കും മറ്റും വേണ്ട അടിയന്തര സഹായം തടയുക, വടക്കൻ ഗസ്സയിലേക്ക് മടങ്ങുന്ന ഫലസ്തീനികൾക്കു നേരെ ആക്രമണം നടത്തുക, രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകൾക്ക് വിഘാതം സൃഷ്ടിക്കുക എന്നിവ കരാർ ലംഘനമാണെന്ന് ഹമാസ് സൈനിക വിഭാഗമായ അൽഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ പറഞു. കരാർ പ്രകാരം ശനിയാഴ്ച നടക്കേണ്ട മൂന്ന് ബന്ദികളുടെ മോചനം നീട്ടിവച്ചതായും അബൂ ഉബൈദ അറിയിച്ചു. അതേസമയം, ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി.
Adjust Story Font
16

