Quantcast

ഗസ്സ രണ്ടാംഘട്ട വെടിനിർത്തൽ; അമേരിക്കയും ഇസ്രായേലും ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്

ഹമാസിനും ഇറാനും ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപ്​ രംഗത്തെത്തി

MediaOne Logo

Web Desk

  • Published:

    31 Dec 2025 7:35 AM IST

ഗസ്സ രണ്ടാംഘട്ട വെടിനിർത്തൽ; അമേരിക്കയും ഇസ്രായേലും ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്
X

തെൽ അവിവ്: ഗസ്സയിൽ രണ്ടാംഘട്ട വെടിനിർത്തൽ സംബന്ധിച്ച്​ അമേരിക്കയും ഇസ്രായേലും ധാരണയിലെത്തിയെന്ന്​ റിപ്പോർട്ട്​. ഹമാസിനും ഇറാനും ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപ്​ രംഗത്തെത്തി.

ഒക്​ടോബർ പത്തിന്​ നിലവിൽ വന്ന ഗസ്സ വെടിനിർത്തൽ കരാറിന്‍റെ രണ്ടാം ഘട്ടം നടപ്പാക്കാൻ അമേരിക്കക്കും ഇസ്രായേലിനും ഇടയിൽ ധാരണ രൂപപ്പെട്ടതായി റിപ്പോർട്ട്​. അതേ സമയം എന്നു മുതൽ രണ്ടാം ഘട്ടം ആരംഭിക്കുമെന്നതു സംബന്​ധിച്ച്​ തീരുമാമൊന്നും ആയില്ല.

ഹമാസിന്‍റെ നിരായുധീകരണവും ഇറാന്‍റെ ഭീഷണി ചെറുക്കലുമാണ്​ മുഖ്യ അജണ്ടയെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിന്‍റെ നിദേശം അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്​ അംഗീകരിച്ചു. ഫ്ലോറിഡയിൽ തിങ്കളാഴ്ച നടന്ന ചർച്ചയിൽ ഇതിനായിരുന്നു പ്രാമുഖ്യം ലഭിച്ചതും​. ഉടൻ നിരായുധീകരണത്തിന്​ തയ്യാറാകണമെന്ന് ട്രംപ് ഹമാസിന് താക്കീത് നൽകി. ബാലിസ്റ്റിക് മിസൈൽ പദ്ധതി വികസിപ്പിക്കാൻ ശ്രമിച്ചാൽ ബോംബിടുമെന്ന്​ ഇറാനെ​ ഭീഷണിപ്പെടുത്താനും ട്രംപ്​ മറന്നില്ല.

നിരായുധീകരിച്ചില്ലെങ്കിൽ ഹമാസിന്​ നരകയാതന അനുഭവിക്കേണ്ടിവരുമെന്നായിരുന്നു ട്രംപിന്‍റെ ഭീഷണി. ഗസ്സയിലെ ഇടക്കാല സർക്കാർ, അന്താരാഷ്​ട്ര സേനാവിന്യാസം, ഇസ്രായേൽ സേനയുടെ പിൻമാറ്റം, ഗസ്സയിലേക്ക്​ കൂടുതൽ സഹായം ലഭ്യമാക്കൽ എന്നീ കാര്യങ്ങളിൽ തികഞ്ഞ അവ്യക്​തത ബാക്കി നിർത്തിയാണ്​ ട്രംപ്​- നെതന്യാഹു കൂടിക്കാഴ്​ച ഫ്ലോറിഡയിൽ സമാപിച്ചത്​.

റഫയിൽ ഇസ്രായേൽ നിയന്ത്രണമുള്ള സ്ഥലത്ത്​ ഗസ്സ പുനർനിർമാണത്തിന്​ തുടക്കം കുറിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായും റിപ്പോർട്ടുണ്ട്​. ഇസ്രയേൽ സൈന്യം തന്നെയാകും ഇവിടെ പുനർനിർമാണത്തിന്​ മേൽനോട്ടം വഹിക്കുക. ഗസ്സയിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം അകറ്റാൻ വിസമ്മതിക്കുന്ന ഇസ്രായേൽ, അന്തർദേശീയ സന്നദ്ധ സംഘടകൾക്ക്​ ജനുവരി മുതൽ വിലക്ക്​ ഏർപ്പെടുത്താനും തീരുമാനിച്ചു. ഇതോടെ ഗസ്സയിലെ മാനുഷിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. റഫ അതിർത്തി തുറന്ന്​ ഗസ്സയിലേക്ക്​ കൂടുതൽ സഹായം അടിയന്തരമായി അനുവദിക്കാൻ ഇസ്രായേൽ തയാറാകണമെന്ന്​ എട്ട്​ യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പം കനഡയും ജപ്പാനും സംയുക്​ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

TAGS :

Next Story