Quantcast

മൂന്ന് ദിവസത്തിനകം കരാറില്ലെങ്കിൽ കടുത്ത ആക്രമണം: അന്ത്യശാസനവുമായി ട്രംപ്; 'സർപ്രൈസ്' ഒരുക്കി കാത്തിരിക്കുകയാണെന്ന് ഇറാൻ

ഇറാനെതിരെ കഴിഞ്ഞ ദിവസം നടത്താനിരുന്ന വലിയ തോതിലുള്ള വ്യോമാക്രമണം താത്കാലികാമായി മാറ്റിവെച്ചതായി ട്രംപ് അറിയിച്ചിരുന്നു

MediaOne Logo
മൂന്ന് ദിവസത്തിനകം കരാറില്ലെങ്കിൽ കടുത്ത ആക്രമണം: അന്ത്യശാസനവുമായി ട്രംപ്; സർപ്രൈസ് ഒരുക്കി കാത്തിരിക്കുകയാണെന്ന് ഇറാൻ
X

വാഷിംഗ്ടൺ/തെഹ്‌റാൻ: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാനെതിരെ കടുത്ത സൈനിക നീക്ക മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ അനുകൂലമായ ഒരു സമാധാന കരാറിൽ എത്തിച്ചേർന്നില്ലെങ്കിൽ ഇറാൻ മുൻപെങ്ങുമില്ലാത്തവിധം കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. അതേസമയം, അമേരിക്കയെ നേരിടാൻ തങ്ങൾ പൂർണ സജ്ജരാണെന്നും യുഎസിന് വലിയൊരു 'സർപ്രൈസ്' കരുതിവെച്ചിട്ടുണ്ടെന്നും ഇറാൻ തിരിച്ചടിച്ചു.

ഇറാനെതിരെ കഴിഞ്ഞ ദിവസം നടത്താനിരുന്ന വലിയ തോതിലുള്ള വ്യോമാക്രമണം മൂന്ന് ഗൾഫ് രാജ്യങ്ങളുടെ സവിശേഷമായ അഭ്യർഥന മാനിച്ചാണ് താൽക്കാലികമായി മാറ്റിവെച്ചതെന്ന് ട്രംപ് വെളിപ്പെടുത്തി. സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളുടെ തലവന്മാർ തന്നോട് ചർച്ചകൾക്കായി അല്പം കൂടി സമയം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഈ താമസം താൽക്കാലികം മാത്രമാണെന്നും ആക്രമണത്തിനുള്ള ഉത്തരവ് ഏതു നിമിഷവും പുറപ്പെടുവിക്കാൻ യുഎസ് സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. ഇറാന്റെ ആണവപദ്ധതികൾ പൂർണമായും അവസാനിപ്പിക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയുടെ ഈ അന്ത്യശാസനത്തിന് കടുത്ത ഭാഷയിലാണ് ഇറാൻ മറുപടി നൽകിയത്. രാജ്യത്തിന്റെ പരമാധികാരവും താൽപ്പര്യങ്ങളും ബലിനൽകിയുള്ള ഒരു കരാറിനും തങ്ങൾ തയാറല്ലെന്ന് ഇറാൻ വ്യക്തമാക്കി. അമേരിക്ക വീണ്ടുമൊരു അധിനിവേശത്തിന് മുതിർന്നാൽ രാജ്യം വലിയ രീതിയിൽ തിരിച്ചടിക്കുമെന്ന് ഇറാൻ സേനാ വക്താവ് മുഹമ്മദ് അഖ്‌റമി നിയ മുന്നറിയിപ്പ് നൽകി. ശക്തിയുടെയും ഭീഷണിയുടെയും ഭാഷ മാത്രമാണ് ട്രംപിന് മനസിലാകുന്ന ഒരേയൊരു മാധ്യമമെന്ന് ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി മേധാവി ഇബ്രാഹിം അസീസി കുറ്റപ്പെടുത്തി. യുദ്ധമുണ്ടായാൽ തങ്ങൾ കരുതിവെച്ചിരിക്കുന്ന വലിയ 'സർപ്രൈസ്' അമേരിക്കയ്ക്ക് കാണാമെന്നും ഇറാൻ ഭരണകൂടം വ്യക്തമാക്കി.

ഇതിനിടെ, മേഖലയിൽ ഇസ്രായേലുമായി ചേർന്ന് അമേരിക്ക വൻ സൈനിക ഒരുക്കങ്ങളാണ് നടത്തുന്നത്. കൂടുതൽ അത്യാധുനിക പോർവിമാനങ്ങളും യുദ്ധക്കപ്പലുകളും അമേരിക്ക ഇസ്രായേലിൽ എത്തിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസം ഇസ്രായേൽ, യുഎസ് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ ഇറാനെതിരായ ആക്രമണ പദ്ധതികൾക്ക് അന്തിമരൂപം നൽകിയതായാണ് വിവരം. ഏതു സമയത്തും മേഖലയിൽ ഒരു പൂർണ യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന് ഇസ്രായേൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരി മുതൽ പരോക്ഷ യുദ്ധത്തിലായിരുന്ന ഇരുപക്ഷവും തമ്മിലുള്ള സമാധാന ചർച്ചകൾ പൂർണമായും പരാജയത്തിന്റെ വക്കിലാണെന്നാണ് പുതിയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്.

TAGS :

Next Story