ഇറാന്റെ കാര്യത്തിൽ എന്തും സംഭവിക്കാമെന്ന മുന്നറിയിപ്പുമായി ട്രംപ്
മേഖലയിലെ പിരിമുറുക്കം ലഘൂകരിക്കാൻ നയതന്ത്ര ശ്രമങ്ങളും സമാന്തരമായി പുരോഗമിക്കുന്നുണ്ട്

തെഹ്റാന്‍: ഇറാനെ പൂർണമായി നശിപ്പിക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ട നിർണായക ഘട്ടത്തിലാണ് താനെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ കാര്യത്തിൽ എന്തും സംഭവിക്കാമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം, മേഖലയിലെ പിരിമുറുക്കം ലഘൂകരിക്കാൻ നയതന്ത്ര ശ്രമങ്ങളും സമാന്തരമായി പുരോഗമിക്കുന്നുണ്ട്. വരും ആഴ്ചകളിൽ ഇറാൻ വിഷയവുമായി ബന്ധപ്പെട്ട് ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായി അമേരിക്ക നേരിട്ട് ചർച്ചകൾ നടത്തും. ഇതിനൊപ്പം, യെമനിലെ ഹൂതി പ്രതിനിധികളുമായി ഒമാനിൽ വെച്ച് അമേരിക്കൻ ഉദ്യോഗസ്ഥർ ചർച്ചകൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
ഇറാനെതിരെ ശക്തമായ പ്രതിരോധം ഉയർത്തുന്നതോടൊപ്പം യെമൻ വിഷയത്തിൽ പിൻവാതിൽ ചർച്ചകളിലൂടെ സംഘർഷം കുറയ്ക്കാനുള്ള അമേരിക്കയുടെ ഇരട്ട നയതന്ത്ര തന്ത്രമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഗൾഫ് രാജ്യങ്ങളുടെ മധ്യസ്ഥതയും സൗദി-ഹൂതി ഏറ്റുമുട്ടലുകളും രൂക്ഷമായി തുടരുന്നതിനിടയിലാണ് ട്രംപിന്റെ പുതിയ പരാമർശങ്ങൾ വന്നിരിക്കുന്നത്.
അതേസമയം ഇറാനെതിരായ ഉപരോധങ്ങൾ നിരീക്ഷിക്കുന്ന യുഎൻ സമിതിയുടെ കാലാവധി നീട്ടാനുള്ള യുഎസ് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു. യുഎസ് കേന്ദ്രീകൃത ലോക ഘടനയെ ചൈനയും റഷ്യയും തകർത്തുവെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിൽ അനധികൃത പാതയിലൂടെ സഞ്ചരിച്ച ടോഗോ പതാകയേന്തിയ എണ്ണക്കപ്പലിന് നേരെ ആക്രമണം നടത്തിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ് പറഞ്ഞു.
Adjust Story Font
16

