യുദ്ധവെറി തീരാതെ ട്രംപ്, വീണ്ടും ഭീഷണി; 'ഒരു നാഗരികത മുഴുവന്‍ ഇന്ന് ചത്തൊടുങ്ങും'
ലോക ചരിത്രത്തിലെ ഏറ്റവും സുപ്രധാന നിമിഷങ്ങള്‍ ഇന്ന് സംഭവിക്കുമെന്ന് ട്രംപ്

- Updated:
2026-04-07 13:32:27.0

വാഷിങ്ടണ്‍ ഡിസി: യുദ്ധക്കൊതി തീരാതെ വീണ്ടും നിലവിട്ട പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരു നാഗരികത മുഴുവന്‍ ഇന്ന് ഒരിക്കലും തിരിച്ചുവരാനാകാത്ത വിധം ചത്തൊടുങ്ങുമെന്നാണ് ട്രംപിന്റെ വാക്കുകള്‍. ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന് നല്‍കിയ 48 മണിക്കൂര്‍ അന്ത്യശാസനം ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ ഭീഷണി.
'ഇന്ന് രാത്രി ഒരു നാഗരികത മുഴുവന്‍ ചത്തൊടുങ്ങും. ഒരിക്കലും തിരിച്ചുവരാന്‍ കഴിയാത്തവിധം. അത് സംഭവിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ സംഭവിക്കും. എന്നിരുന്നാലും, ഇപ്പോള്‍ സമ്പൂര്‍ണമായ ഭരണമാറ്റം വന്നതിനാല്‍, അവിടെ വ്യത്യസ്തവും ബുദ്ധിയുള്ളതും തീവ്രചിന്ത കുറഞ്ഞതുമായ മനസ്സുകളുണ്ട്. ഒരുപക്ഷേ എന്തെങ്കിലും അത്ഭുതകരമായി സംഭവിച്ചാലോ, ആര്‍ക്കറിയാം? ലോക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്ന് ഇന്ന് രാത്രി നമുക്ക് അറിയാം. 47 വര്‍ഷത്തെ കൊള്ളയും അഴിമതിയും മരണവും ഒടുവില്‍ അവസാനിക്കും. ഇറാനിലെ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ!' -ട്രംപ് സമൂഹമാധ്യമത്തില്‍ പറഞ്ഞു.
താത്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളിയതോടെ, ഇറാന്റെ വൈദ്യുതി കേന്ദ്രങ്ങള്‍ക്കും പാലങ്ങള്‍ക്കും നേരെ ശക്തമായ ആക്രമണം നടത്തുമെന്ന ഭീഷണി ട്രംപ് ആവര്‍ത്തിച്ചിരിക്കുകയാണ്. ഇന്ന് രാത്രിയോടെ അനുവദിച്ച സമയ പരിധി തീരുമെന്നും കീഴടങ്ങാന്‍ തയാറായില്ലെങ്കില്‍ ഇറാന്റെ പാലങ്ങളും വൈദ്യുത സ്റ്റേഷനുകളും ബാക്കിയുണ്ടാകില്ലെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്നിരിക്കെയാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യം ആവര്‍ത്തിക്കുന്നത്.
ഇറാന്റെ പല മേഖലകളിലും ഇതിനകം യുഎസ്-ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. ഇറാന്റെ തന്ത്രപ്രധാന എണ്ണ കേന്ദ്രമായ ഖാര്‍ഗ് ദ്വീപിന് നേരെ ആക്രമണമുണ്ടായി. ഇറാന്റെ 90 ശതമാനം അസംസ്‌കൃത എണ്ണ കയറ്റുമതിയും നടക്കുന്ന ടെര്‍മിനല്‍ ഇവിടെയാണ്. ഇറാന്‍ തലസ്ഥാനമായ തെഹ്‌റാന്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കനത്ത ആക്രമണം നടക്കുന്നുണ്ട്. ഇറാനിലെ അല്‍ബോര്‍സ് പ്രവിശ്യയില്‍ യുഎസും ഇസ്രായേലും നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു. ഇറാനിലെ ഖൊറാമാബാദ് വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായി. ഇറാനിലെ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് റെയില്‍ ശൃംഖലക്കും നേരെ ആക്രമണം നടത്തുമെന്ന് ഇസ്രായേല്‍ ഭീഷണി മുഴക്കിയതിന് പിന്നാലെ പലയിടത്തും ട്രെയിന്‍ സര്‍വിസുകള്‍ മുടങ്ങി.
താത്കാലിക വെടിനിര്‍ത്തല്‍ എന്ന നിര്‍ദേശം ഇറാന്‍ ആദ്യമേ തള്ളിയിരുന്നു. താത്കാലിക വെടിനിര്‍ത്തല്‍ യുദ്ധം പുനരാരംഭിക്കാനുള്ള സമയം കണ്ടെത്തലാണ്. യുദ്ധം സമ്പൂര്‍ണമായും അവസാനിപ്പിക്കണം എന്നതാണ് ഇറാന്റെ നിലപാട്. താത്കാലിക വെടിനിര്‍ത്തലിനായി ഹോര്‍മുസ് തുറക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി. കരയുദ്ധമുണ്ടായാല്‍ നേരിടാനുള്ള തയാറെടുപ്പുകളും ഇറാന്‍ കൈക്കൊള്ളുകയാണ്. പൊരുതാന്‍ തയാറായ 12 ദശലക്ഷം സാധാരണക്കാരെ സൈന്യത്തോടൊപ്പം അണിനിരത്തും. അന്ത്യശാസനം നല്‍കി തീരുമാനമെടുപ്പിക്കാനുള്ള യുഎസിന്റെ സമ്മര്‍ദ തന്ത്രത്തിന് വഴങ്ങില്ലെന്നാണ് ഇറാന്റെ നിലപാട്.
Adjust Story Font
16
