Quantcast

മരുമകളുടെ ശരീരത്തെക്കുറിച്ച് ട്രംപിന്റെ പരാമർശം, സോഷ്യൽ മീഡിയയിൽ വിമർശനം

‘ഇത് കേട്ട് എനിക്ക് ഛർദിക്കാൻ തോന്നുന്നു’ എന്നതുൾപ്പെടെയുള്ള പ്രതികരണങ്ങളാണ് പലരും പങ്കുവെച്ചത്

MediaOne Logo

Web Desk

  • Updated:

    2026-10-22 05:58:53

Published:

22 Oct 2026 11:27 AM IST

മരുമകളുടെ ശരീരത്തെക്കുറിച്ച് ട്രംപിന്റെ പരാമർശം, സോഷ്യൽ മീഡിയയിൽ വിമർശനം
X

വാഷിങ്ടൺ: മരുമകളും ഫോക്സ് ന്യൂസ് അവതാരകയുമായ ലാറ ട്രംപിന്റെ ശരീരസൗന്ദര്യത്തെയും ശാരീരികക്ഷമതയെയും കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയാക്കി. ‘ഇത് കേട്ട് എനിക്ക് ഛർദിക്കാൻ തോന്നുന്നു’ എന്നതുൾപ്പെടെയുള്ള പ്രതികരണങ്ങളാണ് ചിലർ പങ്കുവെച്ചത്.

നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് നിർണായകമായ സെനറ്റ് സീറ്റ് നേടാനുള്ള പ്രചാരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച നോർത്ത് കരോലിനയിലെ ഗ്രീൻവില്ലിൽ നടന്ന പരിപാടിയിലായിരുന്നു ട്രംപിന്റെ പരാമർശങ്ങൾ. റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്കൽ വാട്‌ലിയെ പിന്തുണച്ച് സംസാരിക്കാനെത്തിയ ട്രംപ്, പ്രസംഗത്തിനിടെ ലാറയെക്കുറിച്ചും പരാമർശിക്കുകയായിരുന്നു.

റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റിയിൽ വാട്‌ലിയോടൊപ്പം പ്രവർത്തിച്ചിട്ടുള്ള ലാറയുടെ രാഷ്ട്രീയ-സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ച ശേഷമാണ് ട്രംപ് അവരുടെ ശരീരത്തെക്കുറിച്ച് പരാമർശിച്ചത്.“അവർ വളരെ ഫിറ്റായ യുവതിയാണ്. അവർ വ്യായാമം ചെയ്യുന്നത് കണ്ടിട്ടുണ്ടോ? അതിശയിപ്പിക്കുന്ന വിധത്തിലാണ് അവരുടെ ശാരീരികക്ഷമത” എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. തുടർന്ന്, ശാരീരികക്ഷമത മാത്രമല്ല, ബുദ്ധിശക്തിയിലും ലാറ മികവ് പുലർത്തുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന തരത്തിലും അദ്ദേഹം സംസാരിച്ചു.

ട്രംപിന്റെ പരാമർശങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങളുണ്ടായി. “ഇത്തരം അസംബന്ധങ്ങൾ കേട്ടിട്ടും ആളുകൾ ഇദ്ദേഹം പ്രസിഡന്റ് പദവിക്ക് യോഗ്യനാണെന്ന് കരുതുന്നത് അവിശ്വസനീയമാണ്” എന്നായിരുന്നു ഒരാളുടെ പ്രതികരണം. “ഇതൊന്ന് നിർത്തൂ” എന്ന് മറ്റൊരാൾ കുറിച്ചപ്പോൾ, “ഇത് കേട്ട് എനിക്ക് ഛർദിക്കാൻ തോന്നുന്നു” എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.ട്രംപിന്റെ മകൻ എറിക് ട്രംപിന്റെ ഭാര്യയായ ലാറയ്ക്ക് 44 വയസ്സാണ്. 2024 മാർച്ചിൽ മൈക്കൽ വാട്‌ലിയോടൊപ്പം റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റിയുടെ സഹ അധ്യക്ഷയായി ചുമതലയേറ്റ ലാറ, അതേ വർഷം ഡിസംബറിൽ പദവി ഒഴിഞ്ഞിരുന്നു. നോർത്ത് കരോലിനയിലെ സെനറ്റ് സീറ്റിലേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.

ലാറ ഇപ്പോൾ ഫോക്സ് ന്യൂസിൽ മൈ വ്യൂ വിത്ത് ലാറ ട്രംപ് എന്ന പരിപാടിയുടെ അവതാരകയാണ്. ടെലിവിഷൻ പരിപാടിയുടെ തിരക്കുകൾ കാരണം ലാറയ്ക്ക് പ്രചാരണ പരിപാടിയിൽ പങ്കെടുക്കാനായില്ലെന്നും ട്രംപ് പറഞ്ഞു. തനിക്കൊപ്പം പ്രചാരണത്തിനിറങ്ങാൻ ലാറ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ ഫോക്സ് ന്യൂസ് അതിന് അനുവദിക്കുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.ലാറ തന്റെ ടെലിവിഷൻ പരിപാടിയിൽ വ്യായാമ വീഡിയോകളും അവതരിപ്പിക്കാറുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാർക്ക്വെയ്ൻ മുള്ളിനോടൊപ്പം നടത്തിയ വ്യായാമ പരിപാടിയും ഏറെ ശ്രദ്ധ നേടിയിരുന്നു.



TAGS :

Next Story