തുര്‍ക്കി വ്യോമാതിർത്തി കടന്ന് ഇറാൻ മിസൈൽ: അംബാസിഡറെ വിളിച്ചുവരുത്തി തുർക്കി, പ്രതിഷേധം അറിയിച്ചു
ഇറാന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല

- Updated:
2026-03-04 16:39:48.0

ഇസ്തംബൂള്‍: തങ്ങളുടെ വ്യോമാതിർത്തി ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതില്‍ പ്രതിഷേധം അറിയിക്കാൻ ഇറാൻ അംബാസഡറെ തുർക്കി വിളിച്ചുവരുത്തിയതായി റിപ്പോര്‍ട്ട്. പേര് വെളിപ്പെടുത്താത്ത തുർക്കി നയതന്ത്ര സ്രോതസ്സിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
"ഇറാനിൽ നിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ കിഴക്കൻ മെഡിറ്ററേനിയൻ കടലിന് മുകളിൽ വെച്ച് നാറ്റോ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തതായി തുർക്കി നേരത്തെ അറിയിച്ചിരുന്നു. ഇതില്‍ പ്രതിഷേധം അറിയിക്കാനാണ് അങ്കാറയിലെ ഇറാന്‍ അംബാസിഡര്‍ മുഹമ്മദ് ഹസന്‍ ഹബീബുല്ലസാദെയെ തുര്‍ക്കി വിളിച്ചുവരുത്തിയത്. എന്നാല്‍ മിസൈലിന്റെ ലക്ഷ്യസ്ഥാനം ഏതാണെന്ന് വ്യക്തമായിരുന്നില്ല.
മിസൈൽ മെഡിറ്ററേനിയൻ തീരത്തിനടുത്തുള്ള ഡോർത്യോൾ ജില്ലയിൽ പതിച്ചതായും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഒരു നാറ്റോ അംഗരാജ്യത്തിന് നേരെയുണ്ടാകുന്ന ആദ്യത്തെ നേരിട്ടുള്ള വ്യോമാക്രമണ ഭീഷണിയായാണ് തുർക്കിയുടെ വ്യോമാതിർത്തി ലക്ഷ്യമാക്കിയുള്ള ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പ്രയോഗം. ഇതിലൂടെ എന്താണ് ഇറാന്‍ ലക്ഷ്യമിട്ടതെന്ന് വ്യക്തമല്ല. ഇറാന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണവും വന്നിട്ടില്ല.
അതേസമയം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെ തുർക്കിയുടെ വിദേശകാര്യമന്ത്രി ഹകാൻ ഫിദാൻ ഫോണിൽ വിളിച്ച് ശക്തമായ പ്രതിഷേധം അറിയിച്ചതായും വാര്‍ത്തകളുണ്ട്. സംഘർഷം വ്യാപിക്കാൻ ഇടയാക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും തുർക്കി ഇറാൻ വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടെന്നാണ് വിവരം.
Adjust Story Font
16
