Quantcast

അംഗൻവാടിയിൽ ഇസ്രായേൽ ആക്രമണം; രണ്ട് കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു

ഗസ്സയിൽ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നത് വരെ ചെങ്കടലിൽ തങ്ങളും ആക്രമണം നിർത്തില്ലെന്ന് ഹൂതി വക്താവ്

MediaOne Logo

Web Desk

  • Updated:

    2024-02-04 06:03:55.0

Published:

4 Feb 2024 6:02 AM GMT

Two children were killed in an Israeli attack on a kindergarten in Rafah
X

റഫ:അംഗൻവാടിയൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു. ഫലസ്തീനിയൻ വാർത്ത ഏജൻസി വഫയെ ഉദ്ധരിച്ച് അൽജസീറയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. തെക്കൻ ഗസ്സയിലെ റഫയിലുള്ള അംഗൻവാടിയിലാണ് ഇസ്രായേൽ അതിക്രമം നടന്നത്. ഗസ്സയിൽ ഇസ്രായേൽ കൊലപ്പെടുത്തിയത് 11,000 ഫലസ്തീൻ കുഞ്ഞുങ്ങളെയാണെന്ന വിവരം അതിക്രമം തുടങ്ങി 108 ദിവസത്തിന് ശേഷം ഗസ്സ ഭരണകൂടം പുറത്തുവിട്ടിരുന്നു. കൂടാതെ 7500 വനിതകളും കൊല്ലപ്പെട്ടതായി ഗസ്സ മീഡിയ ഓഫിസ് അറിയിച്ചു. 7000ത്തോളം പേരെ കണ്ടെത്താനായിട്ടില്ല, പലരും കെട്ടിട അവശിഷ്ടങ്ങൾക്കിടയിലാണെന്ന് സംശയിക്കുന്നുവെന്നും പറഞ്ഞു. ഇതിൽ 70 ശതമാനം പേരും കുട്ടികളും വനിതകളുമാണെന്നും വ്യക്തമാക്കി.

അതേസമയം, ഗസ്സയിൽ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നത് വരെ ചെങ്കടലിൽ തങ്ങളും ആക്രമണം നിർത്തില്ലെന്ന് ഹൂതി വക്താവ് മുഹമ്മദ് അൽ ബുഖൈതി പറഞ്ഞു. ഖാൻ യൂനിസും റഫായിലും ഇസ്രായേൽ വ്യോമാക്രമണം തുടരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അതിനിടെ, ഇസ്രായേൽ വ്യോമാക്രമണത്തിൽ റഫയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി. ഏറെ ജനസംഖ്യയുള്ള ഈ നഗരത്തിൽ ഇസ്രായേൽ കരയുദ്ധം നടത്താൻ പദ്ധതിയിടുന്നതായും വിവരമുണ്ട്. അതേസമയം, യൂറോപ്യൻ ഹോസ്പിറ്റലിന്റെ പരിസരത്ത് ഉൾപ്പെടെ ഖാൻ യൂനിസിൽ വ്യോമാക്രമണവും ഷെല്ലാക്രമണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഒക്ടോബർ ഏഴ് മുതൽ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ 27,238 പേർ കൊല്ലപ്പെടുകയും 66,452 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ടത് 1,139 പേരാണ്.

Two children were killed in an Israeli attack on a kindergarten in Rafah

TAGS :

Next Story