Quantcast

ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് യുകെയും ഫ്രാൻസും

ജൂൺ 17 മുതൽ 20 വരെ ന്യൂയോർക്കിൽ നടക്കാനിരിക്കുന്ന സമ്മേളനത്തിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ ഫ്രാൻസ് യുകെയെയും മറ്റ് യൂറോപ്യൻ സഖ്യകക്ഷികളെയും സമ്മർദ്ദത്തിലാക്കിയിരുന്നു

MediaOne Logo

Web Desk

  • Published:

    8 Jun 2025 1:39 PM IST

ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് യുകെയും ഫ്രാൻസും
X

ന്യൂയോർക്: ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള പദ്ധതികൾ വരാനിരിക്കുന്ന സമ്മേളനത്തിൽ ഉപേക്ഷിക്കുമെന്ന് യുകെയുടെയും ഫ്രാൻസിന്റെയും നയതന്ത്രജ്ഞർ അറിയിച്ചതായി മിഡിൽ ഈസ്റ്റ് ഐ റിപോർട്ട് ചെയ്യുന്നു. ജൂൺ 17 മുതൽ 20 വരെ ന്യൂയോർക്കിൽ നടക്കാനിരിക്കുന്ന സമ്മേളനത്തിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ ഫ്രാൻസ് യുകെയെയും മറ്റ് യൂറോപ്യൻ സഖ്യകക്ഷികളെയും സമ്മർദ്ദത്തിലാക്കിയിരുന്നു. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഈ നീക്കത്തെ 'ഒരു ധാർമ്മിക കടമയും രാഷ്ട്രീയ ആവശ്യകതയും' എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

എന്നാൽ ഈ സമ്മേളനം ഫലസ്തീൻ അംഗീകാരത്തിനുള്ള സമയമായിരിക്കില്ലെന്ന് ഫ്രഞ്ച് ഉദ്യോഗസ്ഥർ ഈ ആഴ്ച ഇസ്രായേലി പ്രതിനിധികളെ അറിയിച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. പകരം അംഗീകാരത്തിനായുള്ള നടപടികളുടെ രൂപരേഖ തയ്യാറാക്കുന്നതിലായിരിക്കും ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക. ഗസ്സയിൽ സ്ഥിരമായ വെടിനിർത്തൽ, ഇസ്രായേലി തടവുകാരെ മോചിപ്പിക്കൽ, ഫലസ്തീൻ അതോറിറ്റിയുടെ പരിഷ്കരണം, സാമ്പത്തിക പുനർനിർമ്മാണം, ഗസ്സയിലെ ഹമാസ് ഭരണം അവസാനിപ്പിക്കൽ എന്നിവ ഇതിൽ ഉൾപ്പെടും.

സമ്മേളനത്തിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഒരു 'പ്രതീകാത്മക' തീരുമാനമായിരിക്കുമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരോട്ട് വെള്ളിയാഴ്ച പറഞ്ഞു. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗമെന്ന നിലയിൽ സഖ്യകക്ഷികളുടെ പിന്തുണയില്ലാതെ അങ്ങനെ ചെയ്യാതിരിക്കാനുള്ള 'പ്രത്യേക ഉത്തരവാദിത്തം' അവർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story