Quantcast

യുകെ പ്രധാനമന്ത്രി രാജിയിലേക്ക്? പ്രാദേശിക തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സ്റ്റാർമറുടെ രാജി ആവശ്യപ്പെട്ട് 70ലധികം എംപിമാർ

തെരഞ്ഞെടുപ്പിൽ ഇംഗ്ലണ്ടിലുടനീളമായി 1,400ലധികം കൗൺസിൽ സീറ്റുകൾ ലേബർ പാർട്ടിക്ക് നഷ്ടമായി

MediaOne Logo
യുകെ പ്രധാനമന്ത്രി രാജിയിലേക്ക്? പ്രാദേശിക തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സ്റ്റാർമറുടെ രാജി ആവശ്യപ്പെട്ട് 70ലധികം എംപിമാർ
X

ബ്രിട്ടനിൽ അടുത്തിടെ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം പ്രധാനമന്ത്രി കീർ സ്റ്റാർമറുടെ നേതൃത്വത്തിന് നിഴൽ വീഴ്ത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ ഇംഗ്ലണ്ടിലുടനീളമായി 1,400ലധികം കൗൺസിൽ സീറ്റുകൾ ലേബർ പാർട്ടിക്ക് നഷ്ടമായി. പതിറ്റാണ്ടുകൾക്കിടയിൽ ഒരു ഭരണകക്ഷി നേരിടുന്ന ഏറ്റവും വലിയ തകർച്ചയാണിത്. സ്റ്റാർമറുടെ ജനപ്രീതി കുറയുന്നതും റിഫോം യുകെ പോലുള്ള പാർട്ടികളുടെ വളർച്ചയും ലേബർ എംപിമാരെ ആശങ്കയിലാക്കുന്നു. മാത്രമല്ല, പാർട്ടിക്കുള്ളിലെ ചിലർ അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്ന ഭയമാണ് പാർട്ടിയിൽ കലാപക്കൊടി ഉയരാൻ കാരണം.

നേതൃമാറ്റത്തിനുള്ള നിയമങ്ങൾ

ലേബർ പാർട്ടിയുടെ ചട്ടങ്ങൾ പ്രകാരം പ്രധാനമന്ത്രിയെ സ്ഥാനത്തുനിന്ന് മാറ്റുന്നത് അത്ര എളുപ്പമല്ല. ഒരു പുതിയ നേതൃമത്സരം ആരംഭിക്കണമെങ്കിൽ പാർലമെന്ററി ലേബർ പാർട്ടിയിലെ 20 ശതമാനം എംപിമാരുടെ പിന്തുണ ലഭിക്കണം. നിലവിൽ 403 സീറ്റുകളുള്ള പാർട്ടിയിൽ കുറഞ്ഞത് 81 എംപിമാരുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ സ്റ്റാർമർക്കെതിരെ ഔദ്യോഗികമായി ഒരു മത്സരം കൊണ്ടുവരാൻ സാധിക്കൂ. ഈ കടമ്പ കടന്നാൽ പിന്നീട് പാർട്ടി അംഗങ്ങൾക്കിടയിലും ട്രേഡ് യൂണിയനുകൾക്കിടയിലും വോട്ടെടുപ്പ് നടക്കും.

സാധ്യതാ പട്ടികയിലെ പേരുകൾ

സ്റ്റാർമർക്കെതിരെ പരസ്യമായി രംഗത്തുവന്ന കാതറിൻ വെസ്റ്റ് എംപിയെ കൂടാതെ മറ്റ് പ്രമുഖ നേതാക്കളുടെ പേരുകളും ചർച്ചയിലുണ്ട്. ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ്, ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബേൺഹാം എന്നിവരാണ് പ്രധാനികൾ. എന്നാൽ ആൻഡി ബേൺഹാമിന് നിലവിൽ എംപി അല്ലാത്തതിനാൽ പാർട്ടി നിയമപ്രകാരം മത്സരത്തിൽ പങ്കെടുക്കാൻ സാങ്കേതിക തടസങ്ങളുണ്ട്. ഇതിനിടെ കാബിനറ്റിലെ മുതിർന്ന അംഗങ്ങൾ തന്നെ സ്റ്റാർമറോട് അധികാര കൈമാറ്റത്തിനായി ഒരു സമയക്രമം നിശ്ചയിക്കാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

മുന്നണിയിലെ വിള്ളലും മന്ത്രിമാരുടെ രാജിയും

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ലേബർ പാർട്ടിയിലെ ആഭ്യന്തര കലഹം രൂക്ഷമായിരിക്കുകയാണ്. 70ലധികം ലേബർ എംപിമാരും മുതിർന്ന ക്യാബിനറ്റ് മന്ത്രിമാരും സ്റ്റാർമർ രാജിവെക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി നാല് മിനിസ്റ്റീരിയൽ എയ്ഡുമാർ ഇതിനകം രാജിവെച്ചു കഴിഞ്ഞു. സ്റ്റാർമറുടെ നേതൃത്വത്തിലുള്ള പൊതുജനവിശ്വാസം നഷ്ടപ്പെട്ടുവെന്നും, രാജ്യത്തെ നയിക്കാനുള്ള അധികാരം അദ്ദേഹത്തിന് ഇനി അവകാശപ്പെടാനാവില്ലെന്നും രാജിവെച്ച ജോ മോറിസ്, ടോം റട്ട്‌ലാൻഡ് തുടങ്ങിയവർ കുറ്റപ്പെടുത്തി.

മന്ത്രിസഭയ്ക്കുള്ളിലെ അതൃപ്തി

വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ, ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് എന്നിവരടക്കമുള്ള പ്രമുഖർ, പാർട്ടിയിൽ ഒരു സുഗമമായ അധികാര കൈമാറ്റത്തിന് സമയമായെന്ന് സ്റ്റാർമറെ സ്വകാര്യമായി അറിയിച്ചതായും സൂചനകളുണ്ട്. ഇംഗ്ലണ്ടിലെ കൗൺസിൽ സീറ്റുകൾക്ക് പുറമെ സ്കോട്ട്‌ലൻഡിലും വെയ്‌ൽസിലും പാർട്ടിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്. വെയ്‌ൽസ് പാർലമെന്റിന്റെ നിയന്ത്രണം 1999ന് ശേഷം ആദ്യമായി ലേബർ പാർട്ടിക്ക് നഷ്ടമായി എന്നത് നേതൃത്വത്തിന് വലിയ ആഘാതമായി.

പ്രതിരോധ നീക്കങ്ങളുമായി സ്റ്റാർമർ

കടുത്ത രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും താൻ സ്ഥാനമൊഴിയില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി. ലണ്ടനിൽ അണികളെ അഭിസംബോധന ചെയ്യവേ, തന്നെ സംശയിക്കുന്നവർക്ക് വരും ദിവസങ്ങളിൽ തെറ്റുപറ്റുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സാമ്പത്തിക വളർച്ച, ഊർജ പരിഷ്കാരങ്ങൾ, യൂറോപ്പുമായി അടുത്ത ബന്ധം എന്നിവയിലൂന്നിയുള്ള പുതിയ നയങ്ങളിലൂടെ ജനവിശ്വാസം വീണ്ടെടുക്കാനാണ് സ്റ്റാർമർ ലക്ഷ്യമിടുന്നത്. എന്നാൽ, പാർട്ടിയിലെ വിമത സ്വരങ്ങളെ എത്രത്തോളം ഫലപ്രദമായി പ്രതിരോധിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നത് വരും ആഴ്ചകളിൽ ഭരണകൂടത്തിന് ഏറെ നിർണായകമാകും.

മുൻ പ്രധാനമന്ത്രി ഗോർഡൻ ബ്രൗണിനെപ്പോലുള്ള മുതിർന്ന നേതാക്കളെ ഉപദേശകരായി നിയമിച്ചുകൊണ്ട് ഭരണം സുസ്ഥിരമാക്കാനുള്ള ശ്രമത്തിലാണ് സ്റ്റാർമർ. എങ്കിലും നിലവിലെ രാഷ്ട്രീയ അനിശ്ചിതത്വം ബ്രിട്ടീഷ് വിപണിയിൽ നിക്ഷേപകരുടെ ആശങ്ക വർധിപ്പിക്കുന്നുണ്ട്. ലേബർ പാർട്ടിയുടെ 125 വർഷത്തെ ചരിത്രത്തിൽ ഇതുവരെ ഒരു പ്രധാനമന്ത്രിയെയും ആഭ്യന്തര വോട്ടെടുപ്പിലൂടെ പുറത്താക്കിയിട്ടില്ല എന്നത് സ്റ്റാർമർക്ക് അനുകൂലമായ ഘടകമാണ്. എന്നിരുന്നാലും, പാർലമെന്റ് അംഗങ്ങൾക്കിടയിലെ പ്രതിഷേധം ശക്തമായാൽ ഈ ചരിത്രം തിരുത്തപ്പെടുമോ എന്നാണ് രാഷ്ട്രീയ ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്.

TAGS :

Next Story