Quantcast

'സെപ്തംബറിനുള്ളിൽ ഗസ്സയിൽ ഇസ്രായേൽ വെടിനിർത്തലിന് സമ്മതിച്ചില്ലെങ്കിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കും' ; മുന്നറിയിപ്പുമായി ബ്രിട്ടൻ

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാൻസും വ്യക്തമാക്കിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2025-07-29 17:40:36.0

Published:

29 July 2025 10:53 PM IST

സെപ്തംബറിനുള്ളിൽ ഗസ്സയിൽ ഇസ്രായേൽ വെടിനിർത്തലിന് സമ്മതിച്ചില്ലെങ്കിൽ  ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കും ; മുന്നറിയിപ്പുമായി ബ്രിട്ടൻ
X

ലണ്ടൻ: സെപ്തംബറിനുള്ളിൽ ഗസ്സ മുനമ്പിൽ വെടിനിർത്തലിന് ഇസ്രായേൽ സമ്മതിച്ചില്ലെങ്കിൽ യുകെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഗസ്സയിലെ ദുരന്തകരമായ സാഹചര്യവും ദ്വിരാഷ്ട്ര പരിഹാരത്തിലെത്താനുള്ള സാധ്യത മങ്ങുന്നതും കണക്കിലെടുത്ത്, ഈ നിലപാടിലേക്ക് മാറാൻ ഇപ്പോൾ ശരിയായ സമയമാണെന്ന് സ്റ്റാർമർ തന്‍റെ മന്ത്രിമാരോട് പറഞ്ഞു.

"ആത്യന്തികമായി, ഈ മാനുഷിക പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ഏക മാർഗം ഒരു ദീർഘകാല ഒത്തുതീർപ്പിലൂടെയാണ്," അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. "സുരക്ഷിതവും പരമാധികാരവുമുള്ള ഫലസ്തീൻ രാഷ്ട്രത്തോടൊപ്പം സുരക്ഷിതവുമായ ഒരു ഇസ്രായേലാണ് ഞങ്ങളുടെ ലക്ഷ്യം, എന്നാൽ ഇപ്പോൾ, ആ ലക്ഷ്യം മുമ്പെങ്ങുമില്ലാത്തവിധം സമ്മർദ്ദത്തിലാണ്. ശരിയായ സമാധാനത്തിനുള്ള സംഭാവനയായി ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. ദ്വിരാഷ്ട്ര പരിഹാരത്തിന് ആഘാതം നേരിടുന്ന ഈ സമയത്ത്, ആ പരിഹാരം ഇപ്പോൾ ഭീഷണിയിലായതിനാൽ, പ്രവർത്തിക്കേണ്ട സമയമാണിത്'' കെയർ സ്റ്റാർമർ കൂട്ടിച്ചേര്‍ത്തു.

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാൻസും വ്യക്തമാക്കിയിരുന്നു. സെപ്തംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ഫലസ്തീൻ രാഷ്ട്രത്തെ ഫ്രാൻസ് ഔദ്യോഗികമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ഫലസ്തീനെ അംഗീകരിക്കാനുള്ള ഫ്രാൻസിന്‍റെ നീക്കത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു അപലപിച്ചിരുന്നു. തീരുമാനം അപകടകരവും വഴി തെറ്റിയതുമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. "ഒക്ടോബർ 7 ലെ കൂട്ടക്കൊലയ്ക്ക് ശേഷം ഒരു ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഭീകരതക്കുള്ള പ്രതിഫലമാണ്'' അത്തരമൊരു രാഷ്ട്രം മറ്റൊരു ഇറാനിയൻ പ്രോക്സി ആയി മാറുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകി, "ഫലസ്തീനികൾ ഇസ്രായേലിനൊപ്പം സമാധാനം ആഗ്രഹിക്കുന്നില്ല - അവർ അതിന്‍റെ നാശമാണ് ആഗ്രഹിക്കുന്നത്" എന്നായിരുന്നു നെതന്യാഹുവിന്‍റെ പ്രതികരണം.

അതേസമയം ഇസ്രായേൽ കൂട്ടക്കുരുതിയൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 60,000 കടന്നു. ഒറ്റദിവസം 92 പേരെ ഇസ്രായേൽ കൊലപ്പെടുത്തി. ഗസ്സയെ ഇസ്രായേലുമായി കൂട്ടിച്ചേർക്കാൻ തുടങ്ങുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഭീഷണി മുഴക്കി.ഗസ്സയിൽ പട്ടിണി അതിൻ്റെ ഏറ്റവും ഗുരുതര ഘട്ടത്തിലാണെന്ന് ഐപിസി റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഗസ്സയിൽ പട്ടിണിയില്ലെന്ന് നുണ പറയാൻ കഴിയില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. വംശഹത്യയെ അനൂകൂലിച്ചതിന് രണ്ട് ഇസ്രായേൽ മന്ത്രിമാർക്ക് നെതർലാൻഡ്‌സ് ഉപരോധമേർപ്പെടുത്തി .

TAGS :

Next Story