Quantcast

കൂറ്റൻ കപ്പൽ യുക്രൈൻ തകർത്തതു തന്നെ; റഷ്യയ്ക്ക് വൻ തിരിച്ചടി

യുദ്ധം ആരംഭിച്ച ശേഷം യുക്രൈൻ സേന റഷ്യയ്ക്ക് നേരെ നടത്തുന്ന പ്രധാന ആക്രമണമാണിത്

MediaOne Logo

Web Desk

  • Published:

    16 April 2022 4:21 AM GMT

കൂറ്റൻ കപ്പൽ യുക്രൈൻ തകർത്തതു തന്നെ; റഷ്യയ്ക്ക് വൻ തിരിച്ചടി
X

മോസ്‌കോ: യുക്രൈൻ മിസൈൽ പതിച്ചാണ് റഷ്യൻ കപ്പൽ മോസ്‌ക്വ കരിങ്കടലിൽ മുങ്ങിയതെന്ന് യുഎസ് പ്രതിരോധ വൃത്തങ്ങൾ. തീപിടിത്തത്തിൽ കപ്പൽ മുങ്ങി എന്നാണ് റഷ്യ അവകാശപ്പെട്ടിരുന്നത്. 611 അടി നീളമുള്ള, മിസൈലുകളും പോർവിമാനങ്ങളും വഹിക്കുന്ന കൂറ്റൻ കപ്പലായ മോസ്‌ക്വ വ്യാഴാഴ്ചയാണ് കടലിൽ മുങ്ങിയത്.

നെപ്റ്റ്യൂൺ മിസൈൽ സംവിധാനം ഉപയോഗിച്ചാണ് യുക്രൈൻ സേന കപ്പലിന് നേരെ ആക്രമണം നടത്തിയത്. മിസൈൽ പതിച്ചയുടൻ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായി. ഉടൻ തന്നെ കപ്പലിലുണ്ടായിരുന്ന അഞ്ഞൂറോളം നാവികരെ സുരക്ഷിത ഇടത്തിലേക്ക് മാറ്റി. മരണത്തെ കുറിച്ചോ പരിക്കുകളെ കുറിച്ചോ വിവരമില്ല.

യുദ്ധം ആരംഭിച്ച ശേഷം യുക്രൈൻ സേന റഷ്യയ്ക്ക് നേരെ നടത്തുന്ന പ്രധാന ആക്രമണമാണിത്. യുക്രൈൻ തദ്ദേശീയമായി നിർമിച്ച മധ്യദൂര ക്രൂയിസ് മിസൈലാണ് നെപ്റ്റിയൂൺ. സോവിയറ്റ് കാലത്തെ കെ.എച്ച് 25 മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പാണിത്. കെഎച്ച് 25 വിമാനത്തിൽനിന്നും കപ്പലുകളിൽനിന്നും മാത്രമാണ് തൊടുക്കാൻ കഴിഞ്ഞിരുന്നത്. എന്നാൽ നെപ്റ്റിയൂൺ കരയിൽനിന്നും കടലിൽനിന്നും ഉപയോഗിക്കാം. 200 മൈൽ ആണ് മിസൈലിന്റെ ദൂരപരിധി.

ഷിപ്പ് കില്ലർ എന്നാണ് മോസ്‌ക്വ വിശേഷിപ്പിക്കപ്പെടുന്നത്. 1976ൽ സാൽവ എന്ന പേരിലാണ് ഈ കപ്പലിന്റെ നിർമാണം ആരംഭിച്ചത്. അമേരിക്കൻ വിമാനവാഹിനിക്കപ്പലുകളെ മുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നിർമാണം. 1983ൽ സേനയുടെ ഭാഗമായി. വിമാനങ്ങൾ, കപ്പലുകൾ, മുങ്ങിക്കപ്പലുകൾ തുടങ്ങിയവെ ആക്രമിക്കാനുള്ള ആയുധസംവിധാനങ്ങൾ മോസ്‌ക്വയിലുണ്ട്. പതിറ്റാണ്ടുകൾക്കിടെ കപ്പൽ നിരവധി തവണ അപ്‌ഗ്രേഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

കരിങ്കടലിൽ വൻ സേനാ മേധാവിത്വമുള്ള തങ്ങൾക്കെതിരെ യുക്രൈൻ മിസൈൽ പ്രയോഗിച്ചത് റഷ്യയെ അമ്പരപ്പിച്ചിട്ടുണ്ട്. തങ്ങളുടെ ജലാതിർത്തിയിലുള്ള ഏതു ലക്ഷ്യവും ആക്രമിക്കാൻ നെപ്റ്റിയൂണിന് കഴിയുമെന്ന് യുക്രൈൻ മുൻ പ്രതിരോധ മന്ത്രി ആൻഡ്രി സഗോരോഡ്‌ന്യുക് വാൾസ്ട്രീറ്റ് ജേണലിനോട് പറഞ്ഞു.

പ്രതിരോധ മന്ത്രിക്ക് ഹൃദയാഘാതം

അതിനിടെ, യുക്രൈൻ മിസൈൽ ആക്രമണത്തിനു പിന്നാലെ റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്ഗുവിന് ഹൃദയാഘാതം ഉണ്ടതായി റിപ്പോർട്ടുണ്ട്. പുടിന്റെ ഏറ്റവും അടുത്ത അനുയായികളിൽ ഒരാളാണ് ഷൊയ്ഗു.

യുദ്ധം ആരംഭിച്ച് ദിവസങ്ങൾക്കിടയിൽ യുക്രൈനിൽ നിന്ന് അപ്രതീക്ഷിതമായ തിരിച്ചടി ലഭിച്ചപ്പോൾ ചേർന്ന യോഗത്തിനിടെ പുടിൻ പ്രതിരോധ മന്ത്രിയിൽനിന്ന് അകലം പാലിച്ച് ഇരിക്കുന്ന ഫോട്ടോ പുറത്തുവന്നിരുന്നു. റഷ്യയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവി സെർജി നാരിഷ്‌കിനെ പുടിൻ ആളുകൾക്ക് മുന്നിൽ ശകാരിക്കുന്ന വീഡിയോയും വൈറലായിരുന്നു. പുതിന്റെ പഴയകാല കെ.ജി.ബി സഹപ്രവർത്തകൻ കൂടിയാണ് നാരിഷ്‌കിൻ. യുദ്ധതന്ത്രവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ അഭിപ്രായഭിന്നതകൾ ഉണ്ട് തെളിയിക്കുന്നതായിരുന്നു ഈ വീഡിയോകൾ.

TAGS :

Next Story