സഹായമെത്തിയില്ലെങ്കിൽ ഗസ്സയിൽ 48 മണിക്കൂറിനുള്ളിൽ 14,000 കുഞ്ഞുങ്ങൾ മരിച്ചുവീഴും; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ
ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ കണക്കനുസരിച്ച് ഗസ്സയിൽ അഞ്ചിൽ ഒരാൾ പട്ടിണി കിടക്കുകയും അഞ്ച് വയസ്സിന് താഴെയുള്ള ഏകദേശം 71,000 കുട്ടികൾ കടുത്ത പോഷകാഹാരക്കുറവിന്റെ ഭീഷണിയിലുമാണ്

ഗസ്സ: ഉടനടി സഹായമെത്തിച്ചില്ലെങ്കിൽ ഗസ്സയിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ 14,000 കുഞ്ഞുങ്ങൾ വരെ മരണപ്പെടുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഹ്യുമാനിറ്റേറിയൻ വിഭാഗം തലവൻ ടോം ഫ്ലെച്ചർ. ബിബിസി റേഡിയോ 4ന്റെ ടുഡേ പ്രോഗ്രാമിനോട് സംസാരിക്കുകയായിരുന്ന ടോം ഫ്ലെച്ചർ സാഹചര്യത്തിന്റെ അടിയന്തരാവസ്ഥയെ കുറിച്ച് മുന്നറിയിപ്പ് നൽകി. കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള ഭക്ഷണവും പോഷക സാമഗ്രികളും നിറച്ച ആയിരക്കണക്കിന് ട്രക്കുകൾ ഗസ്സയിലേക്ക് പ്രവേശിക്കാൻ തയ്യാറായി അതിർത്തിയിൽ നിർത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗസ്സയുടെ തെക്കേ അറ്റത്തുള്ള കരീം അബു സലേം ക്രോസിംഗ് വഴി തിങ്കളാഴ്ച അഞ്ച് ട്രക്കുകൾ ഇസ്രായേൽ കടത്തിവിട്ടിരുന്നു. ഏകദേശം മൂന്ന് മാസത്തിനുള്ളിൽ ആദ്യത്തെ ഡെലിവറിയാണിത്. എന്നാൽ ഈ ട്രക്കുകളെ 'സമുദ്രത്തിലെ ഒരു തുള്ളി' എന്നാണ് ഫ്ലെച്ചർ വിശേഷിപ്പിച്ചത്. സഹായം ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് ഇതുവരെ ട്രക്കുകൾ എത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേൽ ഏർപ്പെടുത്തിയ സമ്പൂർണ ഉപരോധം കാരണം കഴിഞ്ഞ 11 ആഴ്ചയായി ഗസ്സയിൽ മാനുഷിക പ്രതിസന്ധി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ ഉപരോധം കാരണം ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയുടെ കുറവ് പ്രദേശത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ കണക്കനുസരിച്ച് ഗസ്സയിൽ അഞ്ചിൽ ഒരാൾ പട്ടിണി കിടക്കുന്നു. അഞ്ച് വയസ്സിന് താഴെയുള്ള ഏകദേശം 71,000 കുട്ടികൾ കടുത്ത പോഷകാഹാരക്കുറവിന്റെ ഭീഷണിയിലാണ്. ഉപരോധം ലഘൂകരിക്കാൻ ഇസ്രായേലിനുമേൽ അന്താരാഷ്ട്ര സമ്മർദ്ദം അടുത്തിടെ ശക്തമായിരുന്നു. സഹായത്തിനുള്ള നിയന്ത്രണങ്ങൾ നീക്കുകയും ഗസ്സയിൽ ആക്രമണം അവസാനിപ്പിക്കുകയും ചെയ്തില്ലെങ്കിൽ ഇസ്രായേൽ 'ശക്തമായ നടപടികൾ' നേരിടേണ്ടി വരുമെന്ന് യുകെ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങൾ തിങ്കളാഴ്ച പറഞ്ഞു.
'നയതന്ത്രപരമായ കാരണങ്ങളാൽ' ഗസ്സയിൽ പട്ടിണി പ്രതിസന്ധിയുണ്ടാവുന്നത് തടയേണ്ടത് അത്യാവശ്യമാണെന്ന് പറഞ്ഞുകൊണ്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഞായറാഴ്ച രാത്രി 11 ആഴ്ച നീണ്ടുനിന്ന വിനാശകരമായ സഹായ ഉപരോധത്തിൽ ഇളവ് വരുത്താൻ നിർബന്ധിതനായി. അതേസമയം, ഗസ്സയിലുടനീളം ഇസ്രായേലി വ്യോമാക്രമണങ്ങൾ ശക്തമാക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രി മാത്രം ഇസ്രായേൽ ആക്രമണത്തിൽ കുറഞ്ഞത് 60 പേർ കൊല്ലപ്പെട്ടു. അതിൽ പകുതിയിലധികം പേരും സ്ത്രീകളും കുട്ടികളുമാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ മാത്രം 300ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു.
കഴിഞ്ഞ ഒരാഴ്ചയായുള്ള ഇസ്രായേൽ ആക്രമണങ്ങൾ തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലുള്ള ഗസ്സ യൂറോപ്യൻ ആശുപത്രിയും വടക്കൻ ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രിയും പ്രവർത്തനരഹിതമാക്കുകയും ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാൻ നിർബന്ധിതരാവുകയും ചെയ്തു.
Adjust Story Font
16

