Quantcast

എന്താണ് യുറേനിയം സമ്പുഷ്ടീകരണം, ഇറാന് എത്ര വേഗത്തിൽ ഒരു അണുബോംബ് നിർമിക്കാൻ കഴിയും?

ആഗോള രാഷ്ട്രീയ ഭൂപടത്തിൽ വൻശക്തി രാജ്യങ്ങൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്ന ഒന്നാണ് ഇറാന്റെ ആണവ പദ്ധതികൾ. സമാധാനപരമായ ആവശ്യങ്ങൾക്കായിട്ടാണ് തങ്ങൾ യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നതെന്ന് ഇറാൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്

MediaOne Logo
എന്താണ് യുറേനിയം സമ്പുഷ്ടീകരണം, ഇറാന് എത്ര വേഗത്തിൽ ഒരു അണുബോംബ് നിർമിക്കാൻ കഴിയും?
X

ആഗോള രാഷ്ട്രീയ ഭൂപടത്തിൽ വൻശക്തി രാജ്യങ്ങൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്ന ഒന്നാണ് ഇറാന്റെ ആണവ പദ്ധതികൾ. സമാധാനപരമായ ആവശ്യങ്ങൾക്കായിട്ടാണ് തങ്ങൾ യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നതെന്ന് ഇറാൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഒരു സാധാരണ ആണവ നിലയത്തിൽ ഇന്ധനമായി ഉപയോഗിക്കുന്ന യുറേനിയത്തെ എങ്ങനെയാണ് മാരകമായ ആയുധമാക്കി മാറ്റുന്നതെന്നും, സാങ്കേതികമായി ഇതിന് എത്രത്തോളം സമയം ആവശ്യമാണെന്നുമുള്ള കാര്യങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര ചർച്ചകൾക്ക് കാരണമാകുന്നുണ്ട്.

എന്താണ് യുറേനിയം സമ്പുഷ്ടീകരണം?

പ്രകൃതിദത്തമായി ലഭിക്കുന്ന യുറേനിയം രണ്ട് പ്രധാന ഐസോടോപ്പുകളാണുള്ളത്: യുറേനിയം-238, യുറേനിയം-235. ഇതിൽ ആണവ വിഘടനത്തിന് സഹായിക്കുന്നത് യുറാനിയം-235 ആണ്. എന്നാൽ പ്രകൃതിദത്ത യുറേനിയത്തിൽ ഇതിന്റെ അളവ് കേവലം 0.7 ശതമാനം മാത്രമാണ്. ഈ ശതമാനം ശാസ്ത്രീയ മാർഗങ്ങളിലൂടെ വർധിപ്പിക്കുന്ന പ്രക്രിയയെയാണ് സമ്പുഷ്ടീകരണം എന്ന് വിളിക്കുന്നത്. ഇതിനായി 'സെൻട്രിഫ്യൂജുകൾ' എന്നറിയപ്പെടുന്ന അതിവേഗത്തിൽ കറങ്ങുന്ന സിലിണ്ടറുകൾ ഉപയോഗിക്കുന്നു. യുറേനിയത്തെ വാതക രൂപത്തിലാക്കി ഇതിലൂടെ കടത്തിവിടുമ്പോൾ ഭാരം കുറഞ്ഞ യുറാനിയം-235 ഐസോടോപ്പുകളെ വേർതിരിച്ചെടുക്കാൻ സാധിക്കുന്നു.

സമ്പുഷ്ടീകരണത്തിന്റെ വിവിധ തലങ്ങൾ

സമ്പുഷ്ടീകരിക്കുന്ന യുറേനിയത്തിന്റെ അളവിനെ അടിസ്ഥാനമാക്കി അതിനെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. സാധാരണയായി സിവിൽ ആവശ്യങ്ങൾക്കായി മൂന്ന് മുതൽ അഞ്ച് ശതമാനം വരെ മാത്രം സമ്പുഷ്ടീകരിച്ചാൽ മതിയാകും. എന്നാൽ മെഡിക്കൽ ആവശ്യങ്ങൾക്കും ശാസ്ത്രീയ ഗവേഷണങ്ങൾക്കുമായി 20 ശതമാനം വരെ സമ്പുഷ്ടീകരണം നടത്താറുണ്ട്. ഇതിനെ 'ലോ-എൻറിച്ച്ഡ് യുറാനിയം' എന്ന് വിളിക്കുന്നു. എന്നാൽ ഒരു ആണവായുധം അഥവാ ബോംബ് നിർമിക്കണമെങ്കിൽ യുറേനിയം കുറഞ്ഞത് 90 ശതമാനം എങ്കിലും സമ്പുഷ്ടീകരിക്കണം. ഇതിനെയാണ് 'ആയുധ നിലവാരത്തിലുള്ള' യുറേനിയം എന്ന് വിളിക്കുന്നത്.

ഇറാന്റെ നിലവിലെ ആണവ ശേഷി

2015ലെ ആണവ കരാർ പ്രകാരം ഇറാന് 3.67 ശതമാനത്തിലധികം യുറേനിയം സമ്പുഷ്ടീകരിക്കാൻ അനുമതിയില്ലായിരുന്നു. എന്നാൽ 2018ൽ അമേരിക്ക ഈ കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറിയതോടെ ഇറാൻ തങ്ങളുടെ പരിധികൾ മറികടന്ന് തുടങ്ങി. നിലവിൽ ഇറാൻ 60 ശതമാനം വരെ യുറേനിയം സമ്പുഷ്ടീകരിച്ചിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര ആറ്റോമിക് എനർജി ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. സാങ്കേതികമായി പറഞ്ഞാൽ, 60 ശതമാനത്തിൽ എത്തിയ ഒരു രാജ്യത്തിന് 90 ശതമാനത്തിലേക്ക് കടക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. കാരണം സമ്പുഷ്ടീകരണ പ്രക്രിയയിൽ ഏറ്റവും കൂടുതൽ പരിശ്രമം വേണ്ടത് പ്രാരംഭ ഘട്ടങ്ങളിലാണ്.

ബോംബ് നിർമാണത്തിനുള്ള കാലതാമസം

ഒരു രാജ്യം ആണവായുധം നിർമിക്കാൻ തീരുമാനിച്ചാൽ അതിന് ആവശ്യമായ ഇന്ധനം ശേഖരിക്കാൻ എടുക്കുന്ന സമയത്തെയാണ് 'ബ്രേക്ക്ഔട്ട് ടൈം' എന്ന് വിളിക്കുന്നത്. ഇറാന്റെ പക്കൽ നിലവിലുള്ള 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ഉപയോഗിച്ച് ഏകദേശം രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു ബോംബിനാവശ്യമായ ഇന്ധനം തയ്യാറാക്കാൻ അവർക്ക് സാധിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. നിലവിൽ ഇറാൻ കൈവശം വെച്ചിരിക്കുന്ന 60 ശതമാനം യുറേനിയത്തിന്റെ അളവ് ഏകദേശം 140 കിലോയിലധികം വരുമെന്നാണ് കണക്കാക്കുന്നത്. ഇത് മൂന്നോ അതിലധികമോ ബോംബുകൾക്ക് ആവശ്യമായ ഇന്ധനമായി മാറ്റാൻ സാധിക്കുന്നതാണ്.

വെപ്പണൈസേഷൻ: ഇന്ധനത്തിനപ്പുറമുള്ള വെല്ലുവിളി

യുറാനിയം 90 ശതമാനം സമ്പുഷ്ടീകരിച്ചാൽ മാത്രം ഒരു ബോംബ് തയ്യാറാകില്ല. ഇതിനെ 'വെപ്പണൈസേഷൻ' എന്ന് വിളിക്കുന്നു. അതായത്, ഈ ഇന്ധനത്തെ ഒരു വാർഹെഡിനുള്ളിൽ ഒതുക്കുകയും, അത് സുരക്ഷിതമായി സ്ഫോടനം നടത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുകയും, ഒരു മിസൈലിൽ ഘടിപ്പിക്കാൻ പാകത്തിൽ നിർമിക്കുകയും ചെയ്യണം. ഇതിന് വളരെ സങ്കീർണമായ എഞ്ചിനീയറിങ് വിദ്യകൾ ആവശ്യമാണ്. ഇറാൻ ഇന്ധനം വേഗത്തിൽ നിർമിച്ചാലും, ഒരു പൂർണമായ മിസൈൽ അധിഷ്ഠിത ആണവായുധം നിർമിച്ചെടുക്കാൻ അവർക്ക് മാസങ്ങളോ ഒരുപക്ഷേ ഒന്ന് മുതൽ രണ്ട് വർഷം വരെയോ സമയം വേണ്ടിവരുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

TAGS :

Next Story