Quantcast

നൈൽ മുതൽ യൂഫ്രട്ടിസ് വരെയുള്ള പശ്ചിമേഷ്യ മുഴുവൻ ഇസ്രായേൽ പിടിച്ചെടുത്താലും വിരോധമില്ല: യുഎസ് അംബാസഡർ മൈക്ക് ഹക്കബീ

ജൂത ജനതക്ക് ആ ഭൂമിയിൽ മതപരമായ അവകാശമുണ്ടെന്നും യുഎസിന്റെ ഇസ്രായേൽ അംബാസഡറായ ഹക്കബീ വ്യക്തമാക്കി

MediaOne Logo
നൈൽ മുതൽ യൂഫ്രട്ടിസ് വരെയുള്ള പശ്ചിമേഷ്യ മുഴുവൻ ഇസ്രായേൽ പിടിച്ചെടുത്താലും വിരോധമില്ല: യുഎസ് അംബാസഡർ മൈക്ക് ഹക്കബീ
X

തെൽ അവിവ്: പശ്ചിമേഷ്യയുടെ ഭൂരിഭാഗവും ഇസ്രായേൽ പിടിച്ചെടുത്താലും തങ്ങൾക്ക് വിരോധമില്ലെന്ന് യുഎസ് അംബാസഡർ മൈക്ക് ഹക്കബീ. ജൂത ജനതക്ക് ആ ഭൂമിയിൽ മതപരമായ അവകാശമുണ്ടെന്നും ഇസ്രായേലിന്റെ അതിർത്തികളെ കുറിച്ച് ബൈബിളിൽ തന്നെ പരാമർശമുണ്ടെന്നും ഹക്കബീ വ്യക്തമാക്കി. കൺസർവേറ്റീവ് കമൻ്റ്റർ ടക്കർ കാൾസണുമായി നടത്തിയ അഭിമുഖത്തിലാണ് ഹക്കബീയുടെ പരാമർശം.

ഇറാഖിലെ യൂഫ്രട്ടീസ് നദിക്കും ഈജിപ്തിലെ നൈൽ നദിക്കും ഇടയിലുള്ള പ്രദേശം അബ്രഹാമിന്റെ പിൻഗാമികൾക്ക് നൽകുമെന്ന് ബൈബിൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ പ്രദേശം ഇന്നത്തെ ലെബനൻ, സിറിയ, ജോർദാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ ഭാഗമാണെന്ന് കാൾസൺ ചൂണ്ടിക്കാണിച്ചപ്പോൾ ആ ഭൂമി മുഴുവൻ ഇസ്രായേൽ പിടിച്ചെടുത്താൽ നന്നാവുമെന്നായിരുന്നു ഹക്കബീയുടെ പ്രതികരണം.

ഒരു ക്രിസ്ത്യൻ സയണിസ്റ്റും ഉറച്ച ഇസ്രായേൽ പിന്തുണക്കാരനുമാണ് ഹക്കബീ. എന്നാൽ പ്രസ്താവന വിവാദമായതോടെ അദേഹം തന്റെ വാദത്തിൽ നിന്ന് പിന്മാറി. 'അതിശയോക്തിപരമായ പ്രസ്താവനയായിരുന്നു അത്' എന്നായിരുന്നു അദേഹത്തിന്റെ വിശദീകരണം. എങ്കിലും മതപരമായ വ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയുള്ള ഇസ്രായേലി വികാസവാദത്തെ പൂർണമായും അദേഹം തള്ളി പറഞ്ഞിട്ടില്ല.

അതേസമയം, യുഎസ് അംബാസഡറുടെ പ്രസ്‌താവനയോട് പ്രതികരിക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തയാറായില്ല. ഇത്തരത്തിൽ ഭൂമി പിടിച്ചെടുക്കാൻ ഇസ്രായേൽ തയ്യാറാവുകായാണെങ്കിൽ രണ്ടാംലോക മഹായുദ്ധത്തിന് ശേഷമുള്ള കരാറുകളുടെ നഗ്നമായ ലംഘനമായി അത് മാറുമെന്ന് രാഷ്ട്രീയനിരീക്ഷകർ ചൂണ്ടികാണിക്കുന്നു. ബലപ്രയോഗത്തിലൂടെ ഭൂമി ഏറ്റെടുക്കുന്നതിനെതിരായ നിരോധനം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വമാണ്.

നേരത്തെ ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശം നിയമവിരുദ്ധമാണെന്നും അത് ഉടൻ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി രംഗത്ത് വന്നിരുന്നു. 1981ൽ സിറിയയിലെ ഗോലാൻ കുന്നുകളും ഇസ്രായേൽ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിട്ടുണ്ട്. സിറിയൻ പ്രദേശത്തിനുമേലുള്ള ഇസ്രായേലിന്റെ അവകാശവാദത്തെ അംഗീകരിക്കുന്ന ഒരേയൊരു രാജ്യം അമേരിക്കയാണ്.

TAGS :

Next Story