Quantcast

പശ്ചിമേഷ്യ ഇസ്രായേൽ പിടിച്ചെടുക്കണമെന്ന യുഎസ് അംബാസഡറുടെ പ്രസ്താവന പ്രാദേശിക സ്ഥിരതയ്ക്ക് ഭീഷണി: ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ

ഹക്കബീയുടെ പ്രസ്താവന അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതിനുള്ള ആഹ്വാനവും പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും ഒഐസി അവരുടെ പ്രസ്താവനയിൽ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    22 Feb 2026 8:07 AM IST

പശ്ചിമേഷ്യ ഇസ്രായേൽ പിടിച്ചെടുക്കണമെന്ന യുഎസ് അംബാസഡറുടെ പ്രസ്താവന പ്രാദേശിക സ്ഥിരതയ്ക്ക് ഭീഷണി: ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ
X

ജിദ്ദ: നൈൽ മുതൽ യൂഫ്രട്ടീസ് വരെയുള്ള പശ്ചിമേഷ്യയുടെ ഭൂരിഭാഗവും ഇസ്രായേൽ പിടിച്ചെടുത്താൽ നന്നായിരിക്കുമെന്ന യുഎസ് അംബാസഡർ മൈക്ക് ഹക്കബീയുടെ പ്രസ്താവനയെ അപലപിച്ച് ആഗോള മുസ്‌ലിം രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനും (ഒഐസി) അറബ് ലീഗും. ഹക്കബീയുടെ പ്രസ്താവന അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതിനുള്ള ആഹ്വാനവും പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും ഒഐസി അവരുടെ പ്രസ്താവനയിൽ പറഞ്ഞു.

ഇന്നത്തെ ലെബനൻ, സിറിയ, ജോർദാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ ഭാഗമായ ഇറാഖിലെ യൂഫ്രട്ടീസ് നദിക്കും ഈജിപ്തിലെ നൈൽ നദിക്കും ഇടയിലുള്ള പ്രദേശം അബ്രഹാമിന്റെ പിൻഗാമികൾക്ക് നൽകുമെന്ന് ബൈബിൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ആ ഭൂമി മുഴുവൻ ഇസ്രായേൽ പിടിച്ചെടുത്താൽ നന്നാവുമെന്നായിരുന്നു ഹക്കബീയുടെ പ്രതികരണം. പോഡ്‌കാസ്റ്റർ ടക്കർ കാൾസണുമായി നടത്തിയ അഭിമുഖത്തിലാണ് പരാമർശം.

യുഎസ് അംബാസഡറുടെ പ്രസ്താവന നയതന്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധമാണെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബൂൾ ഗയ്ത് പറഞ്ഞു. മാത്രമല്ല, പരാമർശം അമേരിക്കയുടെ ഔദ്യോഗിക നയങ്ങൾക്കും നിലപാടുകൾക്കും വിരുദ്ധമാണെന്നും ഇസ്രായേലിലെ വലതുപക്ഷ പ്രേക്ഷകരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും അദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ക്രിസ്ത്യൻ സയണിസ്റ്റും ഉറച്ച ഇസ്രായേൽ പിന്തുണക്കാരനുമായ ഹക്കബീ പ്രസ്താവന വിവാദമായതോടെ തന്റെ വാദത്തിൽ നിന്ന് പിന്മാറി. 'അതിശയോക്തിപരമായ പ്രസ്താവനയായിരുന്നു അത്' എന്നായിരുന്നു അദേഹത്തിന്റെ വിശദീകരണം. എങ്കിലും മതപരമായ വ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയുള്ള ഇസ്രായേലി വികാസവാദത്തെ പൂർണമായും അദേഹം തള്ളി പറഞ്ഞിട്ടില്ല.

TAGS :

Next Story