അഹ്മദി നെജാദിനെ ഇറാനിലെ ഭരണാധികാരിയാക്കാന്‍ യുഎസും ഇസ്രായേലും പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്
ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇറാനെതിരായ യുദ്ധം ആരംഭിച്ചതെന്നും എന്നാല്‍ കാര്യങ്ങള്‍ ഉദ്ദേശിച്ച പോലെ നടന്നില്ലെന്നും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു

- Updated:
2026-05-21 05:35:37.0

വാഷിങ്ടണ്‍ ഡിസി: ഇറാനിലെ ഭരണകൂടത്തൈ അട്ടിമറിച്ച് മുന്‍ പ്രസിഡന്റ് അഹ്മദി നെജാദിനെ പുതിയ ഭരണാധികാരിയാക്കാന്‍ യുഎസും ഇസ്രായേലും ചേര്‍ന്ന് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. യുഎസ് മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇറാനെതിരായ യുദ്ധം ആരംഭിച്ചതെന്നും എന്നാല്‍ കാര്യങ്ങള്‍ ഉദ്ദേശിച്ച പോലെ നടന്നില്ലെന്നും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഹ്മദി നെജാദ് നിലവില്‍ എവിടെയാണെന്നതില്‍ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഈയെ ആക്രമിച്ച് വധിച്ചതിന് പിന്നാലെ രാജ്യത്തിനകത്ത് നിന്നുള്ള ഒരാള്‍ തന്നെ അടുത്ത നേതാവാകട്ടെ എന്ന് ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2005-2013 കാലത്ത് ഇറാന്‍ പ്രഡിഡന്റായിരുന്ന അഹ്മദി നെജാദ് യുഎസിന്റെയും ഇസ്രായേലിന്റെയും കടുത്ത വിമര്‍ശകനായിരുന്നു. 'ഇസ്രായേലിനെ ഭൂപടത്തില്‍ നിന്ന് തുടച്ചുനീക്കും' എന്ന പ്രഖ്യാപനമുള്‍പ്പെടെ നടത്തിയിരുന്നു. യുഎസും ഇസ്രായേലുമായി ഒരു തരത്തിലുള്ള നീക്കുപോക്കിനും തയ്യാറാവാതിരുന്ന നെജാദ് ഇറാന് ആണവായുധം കൈവശപ്പെടുത്താനുള്ള അവകാശത്തിനു വേണ്ടിയും ശക്തമായി വാദിച്ചിരുന്നു. ഇതേ അഹ്മദി നെജാദിനെ ഭരണതലപ്പത്ത് കൊണ്ടുവരാനാണ് യുഎസും ഇസ്രായേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം, 2019ലെ ഒരു അഭിമുഖത്തില്‍ അഹ്മദി നെജാദ് യുഎസ് പ്രസിഡന്റ് ട്രംപിനെ പ്രശംസിക്കുകയും ഇറാനും യുഎസും തമ്മിലുള്ള സൗഹൃദത്തിനായി വാദിക്കുകയും ചെയ്തതായി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 'ട്രംപ് കര്‍മ്മനിരതനായ വ്യക്തിയാണ്. ഒരു ബിസിനസുകാരനാണ്. അതിനാല്‍ ചെലവും മെച്ചവും കണക്കാക്കിയുള്ള തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കും. അതിനാല്‍ നമ്മുടെ രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ ദീര്‍ഘകാല മെച്ചങ്ങളെ കുറിച്ച് കണക്കുകൂട്ടാന്‍ അദ്ദേഹത്തോട് പറയുകയാണ്. കുറഞ്ഞകാലത്തേക്കുള്ള കാഴ്ചപ്പാട് വേണ്ട' -നെജാദ് പറഞ്ഞു.
വെനസ്വേലയില്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോവുകയും, പകരം വൈറ്റ് ഹൗസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധയായ ഡെല്‍സി റോഡ്രിഗസിനെ ഇടക്കാല സ്ഥാനത്തേക്ക് നിയോഗിക്കുകയും ചെയ്തത് വിജയമാണെന്നും ഇതേ മാതൃക ഇറാനിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്നും ട്രംപ് വിശ്വസിക്കുന്നതായി ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇറാനിലെ യുദ്ധത്തിന്റെ ആദ്യദിവസങ്ങളില്‍ തെഹ്‌റാനിലെ നെജാദിന്റെ വീട്ടിനു നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. വീട്ടുതടങ്കലില്‍ കഴിയുകയായിരുന്ന നെജാദിനെ പുറത്തെത്തിക്കുക ലക്ഷ്യമിട്ടായിരുന്നു ഇതെന്നും എന്നാല്‍ പദ്ധതി പാളിയതിന് പിന്നാലെ അദ്ദേഹം മനസുമാറ്റിയെന്നും യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. അന്ന് നടത്തിയ വ്യോമാക്രമണം നെജാദിനെ മോചിപ്പിക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹത്തിന്റെ ഒരു അനുയായിയില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചതായി ടൈംസ് പറയുന്നു. അന്നത്തെ ആക്രമണത്തില്‍ പരിക്കുകള്‍ ഉണ്ടായിരുന്നിട്ടും അഹ്മദി നെജാദിന് വീട്ടുതടങ്കലില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞു. എന്നാല്‍ ഭരണമാറ്റ പദ്ധതിയോട് അദ്ദേഹം സഹകരിക്കുന്നത് നിര്‍ത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഈയുമായി കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന നേതാവായിരുന്നു അഹ്മദി നെജാദ്. ഭരണകൂട നേതൃത്വവുമായി ഏറ്റുമുട്ടുകയും അവര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തുകയും ചെയ്തതിന് പിന്നാലെ നെജാദിനെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും വീട്ടുതടങ്കലിലാക്കുകയും ചെയ്തു. അഹ്മദി നെജാദിന്റെ അനുയായികള്‍ക്ക് പാശ്ചാത്യ രാജ്യങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും ഇസ്രായേലിന് വേണ്ടി ചാരപ്പണി വരെ നടത്തിയെന്ന് ആരോപിക്കപ്പെട്ടുവെന്നും ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അല്‍ജസീറ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ടിനെ കുറിച്ച് വാര്‍ത്ത നല്‍കിയിട്ടുണ്ട്. അതേസമയം, അഹ്മദി നെജാദിനെ കുറിച്ചുള്ള വിവരം യുഎസിന്റെ സൃഷ്ടി മാത്രമാണെന്നും ഒരാളെ സംശയത്തോടെ അവതരിപ്പിക്കുക എന്നത് യുദ്ധ തന്ത്രമാണെന്നും പലരും ചൂണ്ടിക്കാട്ടുന്നു.
Adjust Story Font
16
