യുദ്ധത്തിനിടെ ആർമി ചീഫിനെ പുറത്താക്കി, യുഎസിൽ ആദ്യം, ട്രംപ് ലക്ഷ്യമിടുന്നത്....
ഒരു യുദ്ധസാഹചര്യത്തിൽ സൈന്യത്തിന്റെ തലപ്പത്തുള്ള ജനറലിനെ പുറത്താക്കുന്നത് അമേരിക്കൻ സൈനിക ചരിത്രത്തിൽ അത്യപൂർവ്വമാണ്

- Published:
3 April 2026 8:26 AM IST

വാഷിങ്ടണ്‍: യു.സ് ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാൻഡി ജോർജ് പുറത്ത്. വിരമിക്കാൻ ഒരു വർഷം ബാക്കിയിരിക്കെയാണ് ജോർജിന്റെ സേവനം അവസാനിപ്പിക്കാൻ യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റെ ഹെഗ്സെത്ത് തീരുമാനിച്ചത്.
ട്രംപിന് കൂടുതൽ വിശ്വസ്തനായ മേധാവിയെ കൊണ്ടുവരാനാണ് നീക്കമെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനുമായുള്ള സൈനിക സംഘർഷം നിലനിൽക്കുന്ന നിർണ്ണായക സാഹചര്യത്തിലാണ് സൈന്യത്തിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനെ പുറത്താക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
നാല് വർഷത്തെ കാലാവധി പൂർത്തിയാക്കാൻ ഒരു വർഷത്തിലധികം ബാക്കി നിൽക്കെയാണ് റാൻഡി ജോർജിനോട് ഉടൻ വിരമിക്കാൻ ഹെഗ്സെത്ത് ആവശ്യപ്പെട്ടത്. സൈന്യത്തിന്റെ 41-ാമത് ചീഫ് ഓഫ് സ്റ്റാഫായ ജോർജ് ഉടൻ സ്ഥാനമൊഴിയുമെന്ന് പെന്റഗൺ പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. റാൻഡി ജോർജിന് പുറമെ, ആർമി ട്രാൻസ്ഫോർമേഷൻ ആൻഡ് ട്രെയിനിംഗ് കമാൻഡ് മേധാവി ജനറൽ ഡേവിഡ് ഹോഡ്‌നെ, ആർമി ചാപ്ലയിൻ കോർപ്സ് മേധാവി മേജർ ജനറൽ വില്യം ഗ്രീൻ എന്നിവരെയും സ്ഥാനത്തുനിന്ന് നീക്കിയതായി റിപ്പോർട്ടുകളുണ്ട്.
ഒരു യുദ്ധസാഹചര്യത്തിൽ സൈന്യത്തിന്റെ തലപ്പത്തുള്ള ജനറലിനെ പുറത്താക്കുന്നത് അമേരിക്കൻ സൈനിക ചരിത്രത്തിൽ അത്യപൂർവ്വമാണ്. ഫോക്സ് ന്യൂസ് മുൻ അവതാരകൻ കൂടിയായ പീറ്റ് ഹെഗ്സെത്ത്, ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾക്കനുസരിച്ച് പെന്റഗണിലെ നേതൃനിരയിൽ വലിയ മാറ്റങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. റാൻഡി ജോർജിനെ മാറ്റാനുള്ള കൃത്യമായ കാരണം പെന്റഗൺ വെളിപ്പെടുത്തിയിട്ടില്ല.
എങ്കിലും, ബൈഡൻ ഭരണകാലത്ത് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരെ മാറ്റി പുതിയ നേതൃത്വത്തെ കൊണ്ടുവരാനുള്ള ഹെഗ്സെത്തിന്റെ നീക്കങ്ങളുടെ ഭാഗമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പശ്ചിമേഷ്യയിൽ ഇറാനെതിരായ സൈനിക നീക്കങ്ങൾ അമേരിക്ക ശക്തമാക്കുന്നതിനിടെയുള്ള ഈ മാറ്റം സൈന്യത്തിനുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പുതിയ ആർമി ചീഫിനെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.
Adjust Story Font
16
