Quantcast

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം; ഇറാനിലെ ഖിഷം ദ്വീപിന് നേരെ അമേരിക്കൻ ആക്രമണം, തിരിച്ചടിച്ച് ഇറാൻ

ഹോർമുസ് കടലിടുക്കിൽ ഒരു ഇറാൻ എണ്ണ ടാങ്കറിന് നേരെ യുഎസ് സെൻട്രൽ കമാൻഡ് മിസൈൽ ആക്രമണം നടത്തിയതോടെയാണ് പുതിയ സംഘർഷങ്ങളുടെ തുടക്കം

MediaOne Logo

Web Desk

  • Published:

    3 Jun 2026 7:51 AM IST

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം; ഇറാനിലെ ഖിഷം ദ്വീപിന് നേരെ അമേരിക്കൻ ആക്രമണം, തിരിച്ചടിച്ച് ഇറാൻ
X

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർത്തി സംഘർഷം കനക്കുന്നു. ഇറാനിലെ തന്ത്രപ്രധാനമായ ഖിഷം ദ്വീപിന് നേരെ അമേരിക്ക മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഇതിന് തിരിച്ചടിയായി കുവൈത്തിലെയും ബഹ്‌റൈനിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. അതിനിടെ, ഈ പ്രതിസന്ധികൾക്കിടയിലും ഇറാനുമായുള്ള സമാധാന ചർച്ചകൾ തുടരുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിൽ ഒരു ഇറാൻ എണ്ണ ടാങ്കറിന് നേരെ യുഎസ് സെൻട്രൽ കമാൻഡ് മിസൈൽ ആക്രമണം നടത്തിയതോടെയാണ് പുതിയ സംഘർഷങ്ങളുടെ തുടക്കം. ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ റൂം തകർന്നു. ഇതിന് പിന്നാലെ അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാൻ സേന ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തി. ഇതോടെയാണ് ഹോർമുസിനോട് ചേർന്ന് കിടക്കുന്ന ഇറാന്റെ തന്ത്രപ്രധാന മേഖലയായ ഖിഷം ദ്വീപിന് നേരെ യുഎസ് സെൻട്രൽ കമാൻഡ് വലിയ തോതിൽ ആക്രമണം അഴിച്ചുവിട്ടത്. ദ്വീപിലെ വാർത്താവിനിമയ ടവറുകളും റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളും തകർത്തതായി അമേരിക്ക അവകാശപ്പെടുന്നു.

ഖിഷം ദ്വീപിലെ അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാന്റെ റവല്യൂഷണറി ഗാർഡ്സ് ശക്തമായ പ്രത്യാക്രമണം നടത്തി. ബഹ്‌റൈനിലെ മനാമയിലുള്ള അമേരിക്കയുടെ അഞ്ചാം കപ്പൽ പടയുടെ കേന്ദ്രത്തിന് നേരെയും കുവൈത്തിലെ അമേരിക്കൻ സൈനികരുടെ താമസ കേന്ദ്രങ്ങൾക്കും വ്യോമതാവളങ്ങൾക്കും നേരെയുമാണ് ഇറാൻ മിസൈലുകളും ഡ്രോണുകളും അയച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് കുവൈത്തിന് നേരെ ആക്രമണം ഉണ്ടാകുന്നത്. എന്നാൽ തങ്ങളുടെ രാജ്യത്തേക്ക് വന്ന ഡ്രോണുകളും മിസൈലുകളും ഫലപ്രദമായി പ്രതിരോധിച്ചതായി കുവൈത്തും ബഹ്‌റൈനും വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ താല്പര്യങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്കൻ, ഇറാൻ സൈനിക നേതൃത്വങ്ങൾ പരസ്പരം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അമേരിക്കയുടെ നേതൃത്വത്തിൽ സമാധാന ശ്രമങ്ങൾ പുരോഗമിക്കുമ്പോഴും ലെബനാനിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. ദക്ഷിണ ലെബനാനിൽ നടന്ന ആക്രമണങ്ങളിൽ എട്ട് പേർ കൊല്ലപ്പെടുകയും 114 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലെബനാനും ഇസ്രായേലും തമ്മിലുള്ള നാലാം വട്ട വെടിനിർത്തൽ ചർച്ച അമേരിക്കയിലെ വാഷിംഗ്ടണിൽ ആരംഭിച്ചു. ലെബനാനിലെ വെടിനിർത്തൽ ലംഘിക്കുന്ന ഇസ്രായേൽ നടപടിയിൽ ക്ഷുഭിതനായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഡോണൾഡ് ട്രംപ് ഫോണിലൂടെ കടുത്ത ഭാഷയിൽ സംസാരിച്ചതായും വാർത്തകളുണ്ട്.

ഇറാനുമായുള്ള സമാധാന ചർച്ചകൾ മുന്നോട്ട് പോകുന്നതായി ട്രംപ് പറയുന്നുണ്ടെങ്കിലും, വ്യവസ്ഥകളിൽ ഇരു രാജ്യങ്ങളും പൂർണമായ ഒത്തുതീർപ്പിൽ എത്തിയിട്ടില്ല. യുറേനിയം സമ്പുഷ്ടീകരണം നിർത്തിവെക്കണമെന്നും, സമ്പുഷ്ടീകരിച്ച യുറേനിയം തങ്ങൾക്ക് എത്രയും വേഗം കൈമാറണമെന്നും അമേരിക്ക ആവശ്യപ്പെടുന്നുണ്ട്. ഹോർമുസ് തുറന്നാലും ഉപരോധ നടപടികൾ പിൻവലിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഹോർമുസ് കടലിടുക്കിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് ഇറാൻ.

യുദ്ധത്തിന്റെ തുടക്കത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ വിലാപയാത്രയും സംസ്കാരവും വിപുലമായി നടത്താൻ ഇറാൻ തീരുമാനിച്ചു. നേരത്തെ സുരക്ഷാ കാരണങ്ങളാൽ മാറ്റിവെച്ച ചടങ്ങാണ് ഇപ്പോൾ നടക്കുന്നത്. രാജ്യത്തുടനീളം മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകളിൽ രണ്ട് കോടിയോളം ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ജനങ്ങൾക്കിടയിൽ ഐക്യമുണ്ടാക്കാനും അമേരിക്കയ്ക്കെതിരായ വികാരം ശക്തമാക്കാനുമാണ് ഭരണകൂടത്തിന്റെ ലക്ഷ്യം.

TAGS :

Next Story