ചതിയൻമാരോട് പൊറുക്കില്ല; യുവതിയെ ചതിച്ച കാമുകന്‍റെ 57,000 രൂപയുടെ ബർത്ഡേ കേക്ക് കത്തിച്ചു ചാമ്പലാക്കി ബേക്കറി ഉടമ
തന്‍റെ കാമുകന് ജന്മദിന സമ്മാനമായി നൽകാനാണ് യുവതി കേക്ക് ഓർഡർ ചെയ്തത്

ലൂസിയാന: അമേരിക്കയിലെ ലൂസിയാനയിൽ ഗംഭീരമായി ആഘോഷിക്കേണ്ടിയിരുന്ന ഒരു പിറന്നാൾ ആഘോഷം അങ്ങേയറ്റം കുളമായതും അതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ രസകരമായ ചര്‍ച്ചക്ക് വഴിതെളിച്ചിരിക്കുന്നത്. ജൻമദിന കേക്ക് തയ്യാറായ ദിവസം തന്നെ കാമുകന് മറ്റൊരു പെൺകുട്ടിയുമായി ബന്ധം ഉണ്ടെന്നറിഞ്ഞതോടെ കാമുകി കേക്കിനുള്ള ഓര്‍ഡര്‍ ക്യാൻസൽ ചെയ്യുകയായിരുന്നു.
തന്‍റെ കാമുകന് ജന്മദിന സമ്മാനമായി നൽകാനാണ് യുവതി ഈ കേക്ക് ഓർഡർ ചെയ്തത്. 600 ഡോളർ ( ₹57,000) വിലവരുന്ന വിപുലമായ കസ്റ്റം കേക്ക് ഏകദേശം 75 അതിഥികൾക്ക് കഴിക്കാവുന്ന തരത്തിലാണ് തയ്യാറാക്കിയത്. എന്നാൽ കേക്കിന്‍റെ പണി പൂർത്തിയായിക്കഴിഞ്ഞപ്പോഴാണ് ആ ഞെട്ടിക്കുന്ന വിവരം ബേക്കറി ഉടമ അറിയുന്നത്. കാമുകൻ തന്‍റെ ക്ലയന്‍റിനെ ചതിക്കുകയായിരുന്നുവെന്ന്.
യുവതിയോട് കാമുകൻ കാണിച്ച വഞ്ചന മനസ്സിലാക്കിയ ബേക്കറി ഉടമ, ഓർഡർ നൽകിയ ആളോട് ചോദിച്ച ശേഷം കേക്ക് ഡെലിവറി ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചു. തീയിട്ട് നശിപ്പിക്കാനാണ് യുവതി ആവശ്യപ്പെട്ടത്. ഇതോടെ പതിനായിരങ്ങൾ വില വരുന്ന കേക്ക് ബേക്കര്‍ തന്നെ തീയിട്ട് നശിപ്പിക്കുകയായിരുന്നു.
ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോയിൽ, ബേക്കർ മൾട്ടി-ടയർ ഡെസേർട്ട് കത്തിക്കുന്നത് കാണാം. നിമിഷങ്ങൾക്കുള്ളിൽ, തീജ്വാലകൾ കേക്കിനെ വിഴുങ്ങി, കേക്ക് കുമിളകളായി, കരിഞ്ഞു..ഒടുവിൽ പൂർണമായും ഇല്ലാതായി. നാടകീയമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിട്ടുണ്ട്.
നിരവധി പേരാണ് വീഡിയോയോട് പ്രതികരിച്ചത്. കേക്ക് കത്തിക്കുന്നത് ഇതുവരെ കണ്ടിട്ടില്ലെന്ന് പല ഉപയോക്താക്കളും പ്രതികരിച്ചത്. പലരും ബേക്കറുടെ ധീരമായ പ്രതികരണത്തെ പ്രശംസിച്ചു.
Adjust Story Font
16

