Quantcast

വെടിനിർത്തൽ ലംഘനം ഹമാസിന്റെ തലയിലിട്ട് അമേരിക്ക; കരാർലംഘനം തുടർന്നാൽ തുടച്ചുനീക്കുമെന്ന് ട്രംപ്

യുദ്ധവിരാമത്തെ തുടർന്ന്​ ഫലസ്തീനികൾ തിരികെയെത്തുന്നതിനിടെയാണ് വീടുകളും അഭയാർഥിക്യാമ്പുകളും ലക്ഷ്യമിട്ട് ഇസ്രായേലിന്റെ വ്യോമാക്രമണം

MediaOne Logo

Web Desk

  • Updated:

    2025-10-21 05:28:55.0

Published:

21 Oct 2025 7:09 AM IST

വെടിനിർത്തൽ ലംഘനം ഹമാസിന്റെ തലയിലിട്ട് അമേരിക്ക; കരാർലംഘനം തുടർന്നാൽ തുടച്ചുനീക്കുമെന്ന് ട്രംപ്
X

ഗസ്സ: വെടിനിർത്തൽ കരാർ ലംഘിച്ച്​ ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ ഹമാസിന്​ മുന്നറിയിപ്പുമായി യുഎസ്​ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപ്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 57 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഗസ്സയിലേക്കുള്ള സഹായവിതരണത്തിന്​ നിന്ത്രണം ഏർപ്പെടുത്തി ഇസ്രയേൽ. യുഎസ്​ പ്രതിനിധി സംഘം ഇസ്രയേലിലും ഹമാസും മധ്യസ്ഥ രാജ്യങ്ങളും ​കൈറോയിലും ചർച്ച തുടരുന്നു.

കരാർലംഘനത്തിന്​ മുതിർന്നാൽ തുടച്ചുനീക്കുമെന്ന്​ ഹമാസിന്​ യുഎസ്​ പ്രസിഡന്‍റ് ​ഡൊണാൾഡ്​ ട്രംപിന്‍റെ മുന്നറിയിപ്പ്​. തങ്ങളുടെ രണ്ട്​ സൈനികരുടെ വധത്തിനു പിന്നിൽ ഹമാസ്​ ആണെന്ന ഇസ്രായൽ കുറ്റപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഭീഷണി. എന്നാൽ ആക്രമണത്തിൽ പങ്കില്ലെന്ന്​ ഹമാസ്​ ആവർത്തിച്ചു. സമാധാന കരാർ തള്ളി ഗസ്സയിൽ ഇസ്രായേൽ നരനായാട്ട് തുടരുകയാണ്​. റഫ ഉൾപ്പെടെ വിവിധ ഇടങ്ങളിലായി നടന്ന വ്യോമാക്രമണത്തിൽ 24 മണിക്കൂറിനിടെ 57 പേരാണ്​ കൊല്ലപ്പെട്ടത്​. കരാർ നിലവിൽ വന്ന്​ പത്ത്​ നാൾ പിന്നിടുമ്പോൾ കൊല്ല​പ്പെട്ട ഫലസ്തീനികളുടെ എണ്ണം 97 ആയി. യുദ്ധവിരാമത്തെ തുടർന്ന്​ ഫലസ്തീനികൾ തിരികെയെത്തുന്നതിനിടെയാണ് വീടുകളും അഭയാർഥിക്യാമ്പുകളും ലക്ഷ്യമിട്ട് ഇസ്രായേലിന്റെ വ്യോമാക്രമണം.

ഇതിനകം 80 തവണയാണ്​ ഇസ്രായേൽ സമാധാന കരാർ ലംഘിച്ചത്​. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന കരാര്‍ അനുസരിച്ച് ഗസ്സയിലെ ഫലസ്തീനികള്‍ക്ക് സുരക്ഷയൊരുക്കാന്‍ അന്താരാഷ്ട്ര ഇടപെടലുകള്‍ ഉണ്ടാകണമെന്ന്​ ഗസ്സ മീഡിയ ഓഫിസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഗസ്സയിലെ യുദ്ധം തുടരാന്‍ ഇസ്രാ​യേല്‍ മന്ത്രിമാര്‍ ആഹ്വാനം ചെയ്തിരുന്നു. അതിനിടെ ഒരു ബന്ദിയുടെ മൃതദേഹം കൂടി ഹമാസ്​ ഇന്നലെ റെഡ്​ ക്രോസ്​ മുഖേന ഇസ്രയേലിന്​ കൈമാറി. അവശേഷിച്ച മൃതദേഹങ്ങൾ കണ്ടെത്താനും പരമാവധി വേഗത്തിൽ നടപടി പൂർത്തീകരിക്കാനും ശ്രമം തുടരുന്നതായി ഹമാസ്​ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചു. മൃതദേഹങ്ങൾ ലഭിക്കും വരെ ഗസ്സയിലേക്കുള്ള മാനുഷിക സഹായം തടയുമെന്നാണ്​ ഇസ്രയേൽ ഭീഷണി. എന്നാൽ കരാർ തകരാതിരിക്കാൻ സാധ്യമായ അളവിൽ ഗസ്സക്കുള്ള സഹായം തുടരണമെന്ന്​ അമേരിക്ക ഇസ്രയേലിനോട്​ ആവശ്യപ്പെട്ടതായാണ്​ റിപ്പോർട്ട്​. യുഎസ്​ പശ്ചിമേഷ്യ പ്രതിനിധി സ്റ്റിവ്​ വിറ്റ്​ കോഫ്​, ട്രംപിന്‍റെ ഉപദേശകൻ ജെറദ്​ കുഷ്​നർ എന്നിവർ ഇസ്രായേലിൽ നെതന്യാഹു ഉൾപ്പടെ നേതാക്കളുമായി ഇന്നലെചർച്ച നടത്തി. യുഎസ്​ വൈസ്​ പ്രസിഡന്‍റ്​ ജെ.ഡി വാൻസ്​ ഇന്ന്​ ഇസ്രയേലിൽ എത്തും.കൈറോയിൽ ഹമാസ്​ സംഘവുമായി മധ്യസ്ഥ രാജ്യങ്ങൾ വെടിനിർത്തൽ കരാറിന്‍റെ രണ്ടാം ഘട്ടം സംബന്​ധിച്ച ചർച്ചക്കും തുടക്കം കുറിച്ചു

TAGS :

Next Story